
തിരുവനന്തപുരം: കിളിയൂര്‍ ജോസിനെ മകന് പ്രജിന് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മന്ത്രവാദമായിരുന്നോ ഘോരകൃത്യത്തിന് പിന്നിലെന്ന സംശയം മുറുകുന്നു. ഈ മാസം അഞ്ചിന് വെള്ളറടയില്‍ നടന്ന സംഭവത്തിന് പിന്നില്‍ ദൂരൂഹമായ ഒട്ടേറെ കാര്യങ്ങളാണ് പുറത്തുവരുന്നത്. ഇതിലെ പ്രധാന കാര്യം പിതാവിനെ പ്രജിന് എന്തിന് വകവരുത്തി എന്നത് തന്നെ. സോഫയില്‍ കിടന്നുറങ്ങുകയായിരുന്ന 70 കാരന് പിതാവിനെ 28 കാരന് 24 തവണയാണ് വെട്ടിയത്. ഒടുവില്‍ കഴുത്തറുത്ത് മരണം ഉറപ്പാക്കി.
ഈ മാസം അഞ്ചിനാണ് അതിക്രൂര കൊലപാതകം നടന്നത്. രാത്രി 9.45-ന് ജോസിന്റെ കഴുത്തില്‍ മകന് വെട്ടുന്ന കാഴ്ചയാണ് അമ്മ സുഷമ കണ്ടത്. പ്രാണരക്ഷാര്‍ത്ഥം അടുക്കള വഴി പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ജോസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 24 വെട്ടുകളാണ് സ്വന്തം മകനില്‍ നിന്നും ജോസിന്റെ ശരീരത്തില്‍ ആഴത്തില്‍ ആഴ്ന്നിറങ്ങിയത്. ഭര്‍ത്താവിനെ രക്ഷിക്കാന്‍ കഴിയാതെ സുഷമ ബോധരഹിതയായി വീണു.
മെഡിസിന് പഠിക്കുകയും അതിന് ശേഷം അതുപേക്ഷിച്ച് സിനിമാമോഹവുമായി ഇറങ്ങിത്തിരിക്കുകയും ഒടുവില്‍ ബ്ളാക്ക്മാജിക്കില് വീഴുകയുമായിരുന്നു പ്രജിന് എന്നാണ് സംശയം. ചൈനയില്‍ പഠിക്കാന്‍ പോയ പ്രജിന് പഠനം മുടങ്ങിയതോടെ തിരികെ വരികയും സിനിമാമോഹവുമായി കൊച്ചിയിലേക്ക് കയറുകയുമായിരുന്നു. എന്നാല്‍ കൊച്ചിയില്‍ നിന്നും മടങ്ങിയ ശേഷം പ്രജിനില്‍ പലവിധത്തിലുള്ള മാറ്റം കണ്ടു തുടങ്ങിയെന്ന് മാതാവ് പറയുന്നു. മുറിയില്‍ നിന്നും ഓം പോലെയുള്ള ശബ്ദം കേള്‍ക്കുമായിരുന്നുവെന്നും മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഷമ പറഞ്ഞു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെന്നത് അറിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലെ ഒരു ഏജന്‍സി വഴി 2014ലാണ് പ്രജിന് മെഡിക്കല്‍ പഠനത്തിനായി ചൈനയിലെ വുഹാന്‍ സിറ്റിയില്‍ എത്തുന്നത്. കൊവിഡ് കാലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രജിന് നാട്ടിലേക്ക് മടങ്ങി. അവസാന വര്‍ഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജന്‍സി വഴി അടച്ചെങ്കിലും അത് കോളേജിന് ലഭിച്ചില്ലെന്ന കാരണത്താല്‍ പ്രജിന് പരീക്ഷയെഴുതാനും കഴിഞ്ഞില്ല. ഏജന്‍സിക്ക് എതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രജിന് പരാതിയും നല്‍കിയിരുന്നു.
ഒടുവില്‍ കൊച്ചിയിലെ നിയോ ഫിലിം ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്കൂളില്‍ അഭിനയം പഠിക്കാനായി പോയത്. എന്നാല്‍ തിരികെ വന്നത് മറ്റൊരാളായിട്ടാണ്്. രാത്രികാലങ്ങളില്‍ ഇരുവരെയും വീടിനു പുറത്താക്കി വീട് പൂട്ടുക, അച്ഛനെ മര്‍ദ്ദിക്കുകയും അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേര്‍ത്ത് ഉയര്‍ത്തി നിര്‍ത്തുക തുടങ്ങി ശാരീരികമായും മാനസികമായും പ്രജിന് നിരന്തരം ഉപദ്രവിച്ചുവെന്നും മാതാവ് വെളിപ്പെടുത്തുന്നു.





