
തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, പെന്ഷന് ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുടെ മഹാസംഗമം ഇന്ന് നടക്കും. സംസ്ഥാനത്തെ മുഴുവന്‍ ആശാവര്‍ക്കര്‍മാരെയും എത്തിക്കാനാണ് നീക്കം. 11 ദിവസമായി ഇവര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തിവരികയാണ്. ഓണറേറിയം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന നിലപാട് എടുത്തിരിക്കുന്ന ആശാവര്‍ക്കര്‍മാര്‍ ഇന്നുമുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ്.
ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് അറിയിച്ചു. അതേസമയം സെക്രട്ടേറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിനെതിരെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്. രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചും, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കിയും ആരോഗ്യവകുപ്പ് സമരത്തില്‍ അനുനയനീക്കം തുടരുകയാണ്. അതേസമയം ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ആയിട്ടില്ല.
എന്നാല്‍ രണ്ട് മാസത്തെ ഓണറേറിയം കുടിശ്ശിക തീര്‍ത്ത് നല്കാന് 52.85 കോടി രൂപയാണ് അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 19ന് മുതല്‍ ഇത് വിതരണം ചെയ്യുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്്. ഇന്ന് ഹൈക്കോടതി പരിഗണിക്കുന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആശാ വര്‍ക്കര്‍മാരുടെ സംഘടനാ നേതാക്കളുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. സെക്രട്ടറിയേറ്റിന് മുന്നിലെ നടപ്പാതയും റോഡും കൈയ്യേറി നടത്തിയ രാപ്പകല്‍ സമരം കോടതി ഉത്തരവിന്റെ ലംഘനമാണ് എന്നാണ് ഹര്‍ജിക്കാരന്റെ വാദം.
എംജി റോഡിലെ ഗതാഗതം തടസപ്പെടുത്തിയായിരുന്നു ആശ വര്‍ക്കര്‍മാരുടെ സമരം. ഈ സാഹചര്യത്തില്‍ സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തലയ്ക്കും ആശ വര്‍ക്കര്‍മാരുടെ നേതാക്കള്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മരട് സ്വദേശി എന്‍ പ്രകാശ് ആണ് സമരക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.






