
തിരുവനന്തപുരം: പബ്ളിക് സര്‍വീസ് കമ്മീഷനില്‍ വന്‍ ശമ്പളക്കുതിപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്തയും ഉയര്‍ത്താന്‍ സര്‍ക്കാര്‍. പ്രതിവര്‍ഷം നല്കി വരുന്ന അഞ്ചുലം 11.31 ലക്ഷം ആക്കാനാണ് നിര്‍ദേശം.
പൊതു ഭരണ വകുപ്പ് ധനവകുപ്പിന് നല്കിയ ശുപാര്‍ശയുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യാത്രാ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമുള്ള ആവശ്യം പരിഗണിച്ചാണ് ഈ നീക്കം.
നേരത്തേ പി.എസ്.സിയില്‍ ചെയര്‍മാന്റെ ശമ്പളം നാലു ലക്ഷവും അംഗങ്ങള്‍ക്ക് 3.8 ലക്ഷവും മാസശമ്പളം കൂട്ടിയത് വിവാദത്തിലാണ്. രാഷ്ട്രീയ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവരാണ് പി.എസ്.സി. അംഗങ്ങളും ചെയര്‍മാനും.
സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ബാധ്യതയില്‍ നട്ടം തിരിയുന്നതിനിടെയാണ് പി.എസ്.സി ചെയര്‍മാന്റെയും 19 അംഗങ്ങളുടെ ശമ്പള, ആനുകൂല്യ വര്‍ധനക്കുള്ള മന്ത്രിസഭാ യോഗ തീരുമാനം. മുന്‍കാല പ്രാബല്യത്തോടെയാണോ വര്‍ധനവെന്നു വ്യക്തമായിട്ടില്ല.
2016 മുതലുള്ള മുന്‍കാല പ്രാബല്യം നല്കിയാല് കോടികളുടെ ബാധ്യതയാകും സര്‍ക്കാരിനുണ്ടാകുക. ഇവരുള്‍പ്പെടെ 1755 ജീവനക്കാരാണ് പി.എസ്.സിയില്‍ ആകെയുള്ളത്. 2025-- 26 സാമ്പത്തിക വര്‍ഷത്തിലേക്ക് പിഎസ്സിയുടെ ചെലവായി ആകെ 2338 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. ഇതില്‍ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി മാറ്റിയിരിക്കുന്നത് 1664 കോടിയാണ്.
ശമ്പളവര്‍ദ്ധനവും പെന്‍ഷനും ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ പത്തു ദിവസത്തിലേറെയായി സെക്രട്ടേറിയറ്റു പടിക്കല്‍ സമരം നടത്തിവരികയാണ്. ഇന്ന് സംസ്ഥാനത്ത് ഉടനീളമുള്ള ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയിട്ടുണ്ട്.






