
ന്യൂഡല്‍ഹി; ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പരാതികള്‍ പരിഗണിക്കാനായി അധികാരമുണ്ടെന്ന ലോക്പാല്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ് ലോക്പാല്‍ ഉത്തരവെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ബി ആര് ഗവായിയുടെ നേതൃത്വത്തിലുള്ള, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഭയ് എസ് ഓഖ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റേതാണ് നടപടി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍, ലോക്പാല്‍ രജിസ്ട്രാര്‍, സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി നല്കിയ വ്യക്തി എന്നിവര്‍ക്ക് സൂപ്രീംകോടതി നോട്ടീസ് അയച്ചു.
ആരോപണ വിധേയനായ ജഡ്ജിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പരാതി രഹസ്യമായി സൂക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജി ഒരിക്കലും 2013 ലെ ലോക്പാല്‍, ലോകായുക്ത നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കേസ് മാര്‍ച്ച് 18 നാണ് പരിഗണിക്കാനായി കോടതി മാറ്റി.






