
കൊച്ചി: പാര്‍ട്ടിയില്‍ അനുഭാവികള്‍ക്കും പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും പറഞ്ഞത് പാര്‍ട്ടി നേതൃത്വത്തില്‍ നില്ക്കുന്നവരുടെ കാര്യമാണെന്നും സിപിഎം സംസ്ഥാനസെക്രട്ടറി എംവി. ഗോവിന്ദന്. മദ്യപിക്കുന്നവര്‍ക്കും പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്നും ഇതൊന്നും ഒരു സുപ്രഭാതത്തില്‍ പെട്ടെന്നുണ്ടായ വെളിപാടല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
മദ്യപിക്കരുത് എന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് കഴിഞ്ഞദിവസമാണ് എം.വി.ഗോവിന്ദന് പറഞ്ഞത്. തങ്ങളാരും ഇതുവരെ ഒരു തുള്ളി പോലും കഴിച്ചിട്ടില്ലെന്നും മദ്യപിക്കുന്നവരുണ്ടെങ്കില്‍ അവരെ പുറത്താക്കുമെന്നും പറഞ്ഞിരുന്നു. മദ്യപിക്കില്ലെന്നും പുകവലിക്കില്ലെന്നുമുള്ള ദാര്‍ശനീകമായ ധാരണയിലൂടെ വളര്‍ന്നുവന്നവരാണ് തങ്ങളെന്നും ബാലസംഘം, വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ എന്നിവയിലൂടെ കടന്നുവരുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും അകന്നു നില്ക്കും എന്നതായിരുന്നു ആദ്യത്തെ പ്രതിജ്ഞയെന്നും പറഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ പ്രായ പരിധി കര്‍ശനമാക്കുമെന്നും 75 വയസ് കഴിഞ്ഞവര്‍ പുറത്തു പോകുമെന്നും പറഞ്ഞു. 75 തികയാത്തവരുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ഭരണത്തിന് ലക്ഷ്യമിട്ടുള്ള കര്‍മ്മപരിപാടികള്‍ക്ക് സംസ്ഥാന സമ്മേളനത്തില്‍ തുടക്കം കുറിക്കും. ആശ്രാമം മൈതാനത്ത് വ്യാഴാഴ്ചയാണ് സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുന്നത്. പതാക, ദീപശിഖ, കൊടിമര ജാഥകള്‍ ബുധനാഴ്ച വൈകിട്ട് മൈതാനത്ത് എത്തിച്ചേരും.






