
ക്രിക്കറ്റില്‍ കളി നിര്‍ണ്ണയിക്കുന്ന തന്ത്രങ്ങളുടെ കൂട്ടത്തില്‍ ടോസ് ഒരു നിര്‍ണ്ണായക ഘടകമായി പരിഗണിക്കാറുണ്ട്. പ്രത്യേകിച്ചും പിച്ചുമായി ബന്ധപ്പെട്ട കാര്യം വരുമ്പോള്‍. എന്തായാലും ഇന്ത്യന്‍ നായകന് രോഹിത്ശര്‍മ്മയെ ടോസ് ദൈവങ്ങള്‍ അനുഗ്രഹിച്ചില്ലെങ്കില്‍ പോലും ടീമിന് അതൊരു പ്രശ്നമല്ല. ടോസ് നഷ്ടപ്പെടുന്ന കാര്യത്തില്‍ 26 വര്‍ഷം മുമ്പ് വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോഡിന് ഒപ്പമാണ് രോഹിത്ശര്‍മ്മ എത്തിയത്.
ഫൈനലില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടമാകുമ്പോള്‍ അത് 12 ാം തവണയായിരുന്നു. കഴിഞ്ഞ 11 ഏകദിന മത്സരത്തിലും ടോസ് നഷ്ടമായ രോഹിത് നാണയം എടുത്തപ്പോള്‍ തന്നെ ശക്തമായ ആരവമായിരുന്നു സ്റ്റേഡിയത്തില്‍ ഉയര്‍ന്നത്. അതേസമയം മൊത്തതില്‍ നോക്കുമ്പോള്‍ രോഹിതിന് മാത്രമല്ല ഈ നഷ്ടം. ദക്ഷിണാഫ്രിക്കയില്‍ തുടര്‍ച്ചയായി മൂന്ന് കളികളിലും താല്‍ക്കാലിക നായകനായിരുന്ന കെ.എല്‍. രാഹുലിന് ടോസ് നഷ്ടപ്പെട്ടത് കൂടി കണക്കിലെടുക്കേണ്ടി വരും. അതു കൂടി ചേര്‍ത്താല്‍ തുടര്‍ച്ചയായി 15 മത്സരങ്ങളാണ് ഇന്ത്യയ്ക്ക്് ടോസ് നഷ്ടമായത്.
അതേസമയം ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രതിഭാശാലികള്‍ ടീമിലുള്ളപ്പോള്‍ ടോസിന്റെ നഷ്ടമൊന്നും ഇന്ത്യയ്ക്ക് പ്രശ്നമല്ല. ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഫൈനല്‍ ഉള്‍പ്പെടെ അഞ്ചുകളികള്‍ ജയിച്ചാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. ടോസ്പോയ ഏകദിന ലോകകപ്പില്‍ ഫൈനലില്‍ കളിക്കുകയും ടി20 ലോകകപ്പില്‍ കിരീടം ഉയര്‍ത്തുകയും ചെയ്തിരുന്നു. മൂന്ന് ഐസിസി ടൂര്‍ണമെന്റ് ഫൈനലാണ് കളിച്ചത്.




