
ചെന്നൈ: രാഷ്ട്രീയ തിരനാടകങ്ങളുടെ ഭൂമികയായി മാറിയിരിക്കുന്ന തമിഴ്നാട്ടില് താന് രാഷ്ട്രീയത്തില് ഇറങ്ങുന്നു എന്ന പ്രചരണത്തില് നിലപാട് വ്യക്തമാക്കി സ്റ്റൈല് മന്നന് രജനീകാന്ത്. താന് പറഞ്ഞ 'പവര്' അധികാരമല്ലെന്നും 'ആത്മീയശക്തി' യെ കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി ചേര്ന്ന് രജനീകാന്ത് തമിഴ്നാട്ടില് പുതിയ പാര്ട്ടി രൂപീകരിക്കാനൊരുങ്ങുന്നു എന്ന് നേരത്തേ ഉയര്ന്ന ചില ഊഹാപോഹങ്ങള്ക്കാണ് അദ്ദേഹം ഉത്തരവുമായെത്തിയത്.
തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ നാടകങ്ങളില് രജനീകാന്ത് അസംതൃപ്തനാണ് എന്ന രീതിയില് വാര്ത്തകള് പുറത്തുവന്നിരുന്നു. ജയലളിതയുടെ പിന്ഗാമി എന്ന നിലയ്ക്ക് ഇതിനെ പലരും കാണുകയും വി കെ ശശികലയെ മുഖ്യമന്ത്രിയാക്കാന് എഐഎഡിഎംകെ തെരഞ്ഞെടുത്തതിന് പിന്നാലെ പലരും രജനിക്ക് ഇക്കാര്യത്തില് എസ്ഒഎസ് സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു. 1996 ല് ജയലളിത തെരഞ്ഞെടുക്കപ്പെട്ടാല് ദൈവത്തിന് മാത്രമേ തമിഴ്നാടിനെ രക്ഷിക്കാനാകൂ എന്ന് രജനീകാന്ത് നടത്തിയ പ്രസ്താവന ഉണ്ടാക്കിയ കോലാഹലം തമിഴ്ജനത മറന്നിട്ടില്ല. ഒരു ദശകത്തിന് ശേഷം ജയലളിതയെ രജനി അഷ്ടലക്ഷ്മി എന്നാണ് വിശേഷിപ്പിച്ചത്.
മുമ്പും രജനി രാഷ്ട്രീയത്തില് ഇറങ്ങുമെന്ന് വാര്ത്ത വന്നിരുന്നെങ്കിലും അപ്പോഴെല്ലാം താരം നിശബ്ദ്ധനായിരുന്നു. ജയലളിതയുടെ പോയസ് ഗാര്ഡന് തൊട്ടടുത്തായിരുന്നു താമസിച്ചിരുന്നതെങ്കിലും രജനീ രാഷ്ട്രീയത്തില് നിന്നും അകലം പാലിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില് നരേന്ദ്രമോഡി രജനിയുമായി കൂടിക്കാഴ്ച നടത്തിയതും താരത്തിന്റെ രാഷ്ട്രീയ പ്രവേശനമായി വിലയിരുത്തപ്പെട്ടിരുന്നു. തമിഴ്നാട്ടില് ഇതുവരെ ശക്തമായ സാന്നിദ്ധ്യമാകാന് കഴിയിഞ്ഞിട്ടില്ലാത്ത ബിജെപി 66 കാരനായ താരത്തെ രാഷ്ട്രീയത്തില് പ്രവേശിപ്പിക്കാനുള്ള മികച്ച അവസരവും കാത്തിരിക്കുകയാണ്.
എന്നിരുന്നാലും 'പവര് ' എന്ന പദം കൊണ്ട് താന് ഉദ്ദേശിച്ചത് ആത്മീയ സാന്നിദ്ധ്യമാണെന്ന് താരം പറഞ്ഞു. പണവും പദവിയുമെല്ലാം ഒരു ഭാഗത്ത് ഉണ്ടെങ്കിലും ഇതിനുമപ്പുറത്ത് ആത്മീയശക്തിയാണ് ഒരാള്ക്ക് ഏറെ വേണ്ടതെന്നു പറയുന്ന താരം താന് വലിയ കരുത്തന് അല്ലാത്തതിനാല് എപ്പോഴും ദൈവത്തില് ആശ്രയിക്കാറുണ്ടെന്നും പറഞ്ഞു. അധികം ശക്തി ഇല്ലാത്തതിനാല് താന് എപ്പോഴും ദൈവത്തെ ആശ്രയിക്കാറുണ്ടെന്നും ആ ശക്തിയില് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും അതിനെ തെറ്റിദ്ധരിക്കരുതെന്നും താരം പറഞ്ഞു.







Comments