കല്‍പ്പറ്റ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് സി.കെ ജാനു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എയില്‍ ചേരുന്ന കാര്യത്തില്‍ ബി.ജെ.പി നല്കിയ വാഗ്ദാനജങ്ങളൊന്നും പാലിച്ചില്ലെന്ന് ജാനു പറഞ്ഞു. പറഞ്ഞ വാക്ക് പാലിക്കേണ്ട ബാധ്യത ബി.ജെ.പിക്കുണ്ട്. പറഞ്ഞു പറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവര്‍ക്ക് തിരിച്ചു കിട്ടുമെന്നും ജാനു പറഞ്ഞു.
കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വാഗ്ദാനം ലംഘിച്ചാല്‍ മറുചോദ്യം ഉന്നയിക്കുമെന്ന് സി.കെ ജാനു പറഞ്ഞു. ജനാധിപത്യ രാഷ്ട്രീയ സഭയുടെ അജണ്ട ബി.ജെ.പിയുടേതില്‍ നിന്ന് വ്യത്യസ്തമാണ്. പാര്‍ട്ടി എന്ന നിലയിലും നിലപാടുകളിലും ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ട്. എന്‍.ഡി.എയുമായി ചേര്‍ന്നു പോകുന്നുവെന്നേയുള്ളൂ എന്നാല്‍ ഗോത്രമഹാസഭ ഒറ്റയ്ക്കാണ് ഭൂസമരം നടത്തുന്നത്. അത് ഇനിയും തുടരുമെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ രാഷ്ട്രീയ സഭയുമായി യോജിക്കാന്‍ കഴിയുന്നവരെ സമരത്തില്‍ സഹകരിപ്പിക്കും. ബി.ജെ.പി ഭൂസമരങ്ങള്‍ ഏറ്റെടുക്കുന്നതായി അറിയില്ല. ഞങ്ങളുമായി അതേക്കുറിച്ച് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ ബി.ജെ.പി ആദിവാസി സമരങ്ങള്‍ ഏറ്റെടുത്തിട്ടില്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ രാഷ്ട്രീയ സഭയെ മുന്‍നിര്‍ത്തി ഭൂസമരങ്ങള്‍ ഏറ്റെടുക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സി.കെ ജാനു.






