
ചണ്ഡീഗഡ് : പ്രായപരിധി നിര്‍ണ്ണായകമായിരിക്കെ ഡി. രാജ തന്നെ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയാകും. പഞ്ചാബില്‍ നടക്കുന്ന സിപിഐയുടെ ദേശീയ സമ്മേളനത്തില്‍ രാജയ്ക്ക് ഒരവസരം കൂടി നല്കാന് തത്വത്തില്‍ തീരുമാനമായതായിട്ടാണ് സൂചന. 75 വയസ്സു കഴിഞ്ഞവര്‍ വിരമിക്കണമെന്നതായിരുന്നു പൊതുവില്‍ ഉയര്‍ന്ന നിര്‍ദേശമെങ്കിലും ഡി രാജയുടെ കാര്യത്തില്‍ ഇളവ് നല്കാന് തീരുമാനിക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയാണ് സിപിഐ എക്സിക്യുട്ടീവില്‍ ഇക്കാര്യത്തില്‍ നടന്നത്. കേരളഘടകമായിരുന്നു ഏറ്റവും എതിര്‍പ്പ് പ്രകടിപ്പിച്ചതയ്. ആന്ധ്രയും തെലുങ്കാനയും ഇതിനോട് യോജിക്കുകയുമായിരുന്നു. ചര്‍ച്ചയില്‍ ഏറെ വൈകാരികമായിട്ടാണ് ഡി രാജ പ്രതികരിച്ചത്. തന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടി ഉഴിഞ്ഞുവെച്ചിരിക്കുയായിരുന്നെന്നും താന്‍ ഈ വിധത്തില്‍ സ്ഥാനത്ത് നിന്നും ഇറങ്ങേണ്ടി വരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും വികാരാധീനനായി രാജ പറഞ്ഞതിന് പിന്നാലെ ഏറ്റവും കടുംപിടുത്തം നടത്തിയിരുന്ന കേരളഘടകം വഴങ്ങുകയായിരുന്നു.
75 വയസ്സ് കഴിഞ്ഞവര്‍ സെക്രട്ടേറിയേറ്റില്‍ നിന്നും ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. ഇതിന്റെ ഭാഗമായി നാലുപേര്‍ ഇറങ്ങുമ്പോള്‍ മറ്റു നാലുപേര്‍ സെക്രട്ടേറിയേറ്റിലേക്ക് പുതിയതായി എത്തും. കേരളത്തില്‍ നിന്നുള്ള പി. സന്തോഷ്കുമാര്‍ സെക്രട്ടേറിയേറ്റിലേക്ക് എത്താന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 11 അംഗ സെക്രട്ടറിയേറ്റിലെ 75 കഴിഞ്ഞ നാലു സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ വിരമിക്കാനും തീരുമാനമായി. ദേശീയകൗണ്‍സില്‍ ആരൊക്കെ വരും എന്നും എക്സിക്യുട്ടിവീല് ആരൊക്കെ കേരളത്തില്‍ നിന്നും വരുമെന്ന കാര്യവുമാണ് ചര്‍ച്ചയാകുക.
സമാപനസമ്മേളനം ഇന്ന് നടന്നേക്കും. സാധാരണഗതിയില്‍ പൊതുസമ്മേളനം നടത്തിയാണ് പാര്‍ട്ടികോണ്‍ഗ്രസ് അവസാനിക്കുന്നത്. എന്നാല്‍ ഇത്തവണ ചണ്ഡീഗഡ് നഗരത്തിലെ ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് മാര്‍ച്ചും പൊതുസമ്മേളനവുമെല്ലാം ആദ്യം തന്നെ നടന്നിരുന്നു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിനൊപ്പം തന്നെ സമാപന സമ്മേളനവും നടത്തുമെന്നാണ് വിവരം.






