
സ്റ്റോക്കോം: സാഹിത്യത്തിനുള്ള 2025 ലെ നൊബേല്‍ പുരസ്കാരം ഹംഗേറിയന്‍ എഴുത്തുകാരന് ലാസ്ലോ ക്രസ്നഹോര്കെയ്ക്ക്. സാഹിത്യത്തിലെ ആധുനികതയുടെ വക്താക്കളില്‍ പ്രധാനിയായ ക്രസ്നഹോര്കെ തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്. മനുഷ്യമനസ്സിന്റെ ഇരുണ്ട, വിഷാദംനിറഞ്ഞ ലോകങ്ങളുടെ ചിത്രീകരണങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളുടെ സവിശേഷത.
2015-ല്‍ അദ്ദേഹത്തിന്റെ 'സറ്റാന്സ്ടാങ്കോ' (സത്താന്സ് ടാങ്കോ) എന്ന നോവലിന് മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു. 2018-ലെ മാന്‍ ബുക്കര്‍ പുരസ്കാരത്തിനുള്ള അന്തിമപട്ടികയില്‍ ക്രസ്നഹോര്കെയുടെ 'ദ വേള്‍ഡ് ഗോസ് ഓണ്‍' എന്ന കൃതി ഉള്‍പ്പെട്ടിരുന്നു.
1954 ജനുവരി 5 ന് ഹംഗറിയിലെ ഗൂലയില് ജനിച്ച ക്രസ്നഹോര്കെയുടെ പിതാവ് അഭിഭാഷകനായിരുന്നു. അമ്മ അധ്യാപികയും. കുട്ടിക്കാലത്തുതന്നെ വായനയിലേക്കു തിരിഞ്ഞ അദ്ദേഹം സാഹിത്യത്തോടൊപ്പം ചരിത്രത്തിലും താല്പരനായിരുന്നു. അക്കാലത്തു തന്നെ കാഫ്കയും ദസ്തയേവ്സ്കിയും അടക്കമുള്ള യൂറോപ്യന്‍ എഴുത്തുകാരെ വായിച്ച അദ്ദേഹത്തെ അവര്‍ ആഴത്തില്‍ സ്വാധീനിച്ചു.
സെഗെഡ് സര്വകവലാശാലയില്നിന്നു നിയമ ബിരുദം നേടിയ ശേഷം ബുഡാപെസ്റ്റിലെ ഒറ്റ്വോഷ് ലൊറാന്‍ഡ് സര്‍വകലാശാലയില്‍നിന്നു ഹംഗേറിയന്‍ ഭാഷയും സാഹിത്യവും പഠിച്ചു.
1985 ല്‍ പുറത്തുവന്ന സറ്റാന്റ്റാന്ഗോ ആണ് ആദ്യ കൃതി. ദ മെലങ്കളി ഓഫ് റെസിസ്റ്റന്‍സ്, വാര് ആന്‍ഡ് വാര്, സീബോ ദെയര്‍ ബിലോ, ദ് ബില്‍, ദ് ലാസ്റ്റ് വൂള്‍ഫ് ആന്‍ഡ് ഹെര്‍മന്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ദക്ഷിണ കൊറിയന്‍ സാഹിത്യകാരിയായ ഹാന്‍ കാങ്ങിനാണ് 2024-ല്‍ സാഹിത്യ നൊബേല്‍ ലഭിച്ചത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.






