കോയമ്പത്തൂര്‍: നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്കു പിന്നിലേക്കു കാര്‍ പാഞ്ഞുകയറി തമിഴ്‌നാട്ടില്‍ ദമ്പതികളും മക്കളുമടക്കം അഞ്ചുപേര്‍ക്കു ദാരുണാന്ത്യം. ഉദുമലൈപേട്ടൈ-പൊള്ളാച്ചി ദേശീയപാതയില്‍ ഇന്നലെയാണ് നാടിനെ നടുക്കിയ അപകടം. ഉദുമലൈയില്‍നിന്ന് പൊള്ളാച്ചിയിലേക്കു പോകുകയായിരുന്നു കാര്‍യാത്രികര്‍. നല്ലംപള്ളി ജങ്‌ഷനു സമീപം ദേശീയപാതയ്‌ക്കരികിലെ മീഡിയനിലുള്ള ചെടികള്‍ക്കു വെള്ളമൊഴിക്കാന്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്നു കരുതുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. കാര്‍ യാത്രികരായ അഞ്ചുപേരും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. ഇവരില്‍ മൂന്നു പേര്‍ സ്‌ത്രീകളാണ്. കോയമ്പത്തൂര്‍ ജില്ലയിലെ മദുക്കരൈ നിവാസികളായ ദമ്പതികളും മക്കളുമാണ് മരിച്ചത്. മരണമടഞ്ഞ അഞ്ചാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട കാറിന്റെ ൈഡ്രവറായിരിക്കാമെന്ന അനുമാനത്തിലാണ് പോലീസ്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ സംഭവസ്‌ഥലത്തുനിന്നു നീക്കുന്നതുവരെ ദേശീയപാതയില്‍ ഗതാഗതം സ്‌തംഭിച്ചു. ഗോമംഗലം പോലീസെത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.




Comments