
വാഷിങ്‌ടണ്‍: ഇസ്രയേലുമായി ചേര്‍ന്ന് ഇറാനുമേല്‍ വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതി ഉപേക്ഷിച്ചതായി യു.എസ്. പ്രസിസന്റ് ഡോണള്‍ഡ് ട്രംപ്. അഞ്ച് മാസം നീണ്ട സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള പുതിയ വെടിനിര്‍ത്തല്‍ കരാറിനു വഴി തെളിഞ്ഞ സാഹചര്യത്തിലാണിതെന്നു ട്രംപ് വ്യക്‌തമാക്കി.
'ഹോര്‍മുസ് കടലിടുക്ക് ഉടന്‍ പൂര്‍ണമായി തുറക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക എന്നീ വ്യവസ്‌ഥകള്‍ നിര്‍ദിഷ്‌ട കരാറിലുണ്ട്. ലോകത്തിന്റെ നന്മയും വിജയകരവും സമൃദ്ധവുമായ ഇറാന്റെ അതിജീവനവും കൂടി കണക്കിലെടുത്ത് ആക്രമണനീക്കം റദ്ദാക്കാന്‍ തീരുമാനിച്ചു.'-സ്വന്തം സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് ഇസ്രയേല്‍ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. ആക്രമണനീക്കം നിര്‍ത്തിവയ്‌ക്കണമെന്ന് ഇറാനും പശ്‌ചിമേഷ്യയിലെ മറ്റു ചില രാജ്യങ്ങളും തന്നോട് അഭ്യര്‍ഥിച്ചിരുന്നെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 28 ന് യു.എസും ഇസ്രയേലും ഇറാനുമേല്‍ നടത്തിയ സംയുക്‌ത ആക്രമണത്തോടെ തുടങ്ങിയ യുദ്ധം അഞ്ചുമാസം പിന്നിടുമ്പോഴാണ് വീണ്ടും സമാധാനശ്രമം ഊര്‍ജിതമായത്. ഇതിനിടെ, രണ്ടു തവണ യു.എസും ഇറാനും ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
അതിനിടെ, വിണ്ടും ആക്രമണമുണ്ടായാല്‍ മേഖലയിലെ ഊര്‍ജകേന്ദ്രങ്ങള്‍ക്കുമേല്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമിക്കാനായി സൗദി അറേബ്യ, യു.എ.ഇ., ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന എണ്ണപ്പാടങ്ങളുടെയും ഊര്‍ജനിലയങ്ങളുടെയും പട്ടിക ഇറാന്‍ തയാറാക്കിയിട്ടുണ്ടെന്നും ഇറാനിലെ അര്‍ധ ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ തസ്‌നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.
അതേസമയം, ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിനുപിന്നില്‍ സൗദി അറേബ്യയുടെ ഇടപെടലാണെന്നു സൂചനയുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പശ്‌ചിമേഷ്യാസംഘര്‍ഷത്തിനു പരിഹാരം കാണണമെന്നു നിര്‍ദേശിച്ച് ട്രംപുമായി കഴിഞ്ഞദിവസം ആശയവിനിമയം നടത്തിയിരുന്നു. യു.എസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി ഗള്‍ഫ് മേഖലയെ ഇറാന്‍ ലക്ഷ്യമിടുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്‌ടിക്കുമെന്ന് ട്രംപിനെ സൗദി കിരീടാവകാശി ബോധ്യപ്പെടുത്തി. തുടര്‍ ആക്രമണങ്ങള്‍ ഗള്‍ഫിലേതടക്കം ഇന്ധനവിതരണ സംവിധാനങ്ങളെ താറുമാറാക്കും. ആക്രമണത്തിനുപകരം ചര്‍ച്ചകള്‍ക്കു പ്രാമുഖ്യം നല്‍കണം. നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കണമെന്നും ഫോണ്‍ സംഭാഷണത്തില്‍ സൗദി കിരീടാവകാശി അഭ്യര്‍ഥിച്ചു. ഇത് അംഗീകരിച്ചാണ് വരുംദിവസങ്ങളില്‍ ഇറാനുമേല്‍ അതിശക്‌ത ആക്രമണം നടത്താനുള്ള മുന്‍തീരുമാനത്തില്‍നിന്ന് ഡോണള്‍ഡ് ട്രംപ് പിന്മാറിയതെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏതു തരത്തിലുമുള്ള പ്രകോപനത്തിനും അതേനാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പു നല്‍കി.



Comments