
ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ മദൂറ ദ്വീപിനു സമീപം യാത്രാ ബോട്ടിന് തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. 225 പേരെ രക്ഷപ്പെടുത്തി. 41 പേരെ കാണാതായി.
കിഴക്കന്‍ ജാവ പ്രവിശ്യയിലെ സുരബായയില്‍ നിന്ന് തെക്കന്‍ സുലവേസിയിലെ മകാസര്‍ നഗരത്തിലേക്ക് പോയ ഫെറിയിലാണ് അഗ്നിബാധയുണ്ടായത്.
232 യാത്രക്കാരും 39 ജീവനക്കാരുമായി ആകെ 271 പേരാണ് ഫെറിയിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ പ്രാദേശികസമയം രാവിലെ ആറിനും ഏഴിനുമിടയിലാണ് മ്യൂട്ടിയാര സെന്റോസ 2 എന്ന യാനത്തില്‍ തീപിടിത്തമുണ്ടായത്. സഹായാഭ്യര്‍ഥനയുമായി സന്ദേശമെത്തിയെങ്കിലും പിന്നീട് ഫെറിയുമായുള്ള ബന്ധം വിച്‌ഛേദിക്കപ്പെട്ടു. ഏറെ സമയത്തിനുശേഷം ഫെറിയുടെ സ്‌ഥാനം കണ്ടെത്താനായെങ്കിലും തീപിടിത്ത സാധ്യതയുള്ള വസ്‌തുക്കള്‍ ഏറെയുണ്ടായിരുന്നതിനാല്‍ രക്ഷാദൗത്യം ദുഷ്‌കരമാക്കി. പുകച്ചുരുളുകള്‍ ഉയരുന്ന ഫെറിയുടെ മുകള്‍ത്തട്ടില്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് രക്ഷാപ്രവര്‍ത്തകരെ കാത്തുനില്‍ക്കുന്ന യാത്രക്കാരുടെയും രക്ഷപ്പെടാനായി വെള്ളത്തിലേക്കു ചാടുന്നവരുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഫെറി പിന്നീട് പൂര്‍ണമായും അഗ്നി വിഴുങ്ങി. തീപിടിത്തത്തിന്റെ കാരണം അജ്‌ഞാതമാണ്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.



Comments