
കൊച്ചി: ഗതാഗത നിയമം ലംഘിച്ചു എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്ക്കെതിേെര ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര് നിര്‍ദേശമനുസരിച്ച് കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
പിടിച്ചെടുത്ത എയര്‍ഹോണുകള്‍ ഫൈന്‍ ഈടാക്കിയ ശേഷം റോഡ്റോളര്‍ കയറ്റി നശിപ്പിച്ചു. വാഹനങ്ങളിലെ എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍വച്ചുതന്നെ നശിപ്പിക്കുമെന്നും അത് മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കണമെന്നും ഗണേഷ്കുമാര് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ രണ്ടാംഘട്ട നടപടിയായി എയര്‍ഹോണുകള്‍ ഇന്നലെ നശിപ്പിച്ചത്.
എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി പിടിച്ചെടുത്ത നൂറിലേറെ എയര്‍ഹോണുകളാണ് സലിം രാജന് പാലത്തിനു സമീപം എത്തിച്ച് നശിപ്പിച്ചത്. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ച ശേഷമായിരുന്നു നടപടി.
ഈ മാസം 13 മുതല്‍ 19 വരെയായിരുന്നു വാഹനങ്ങളിലെ എയര്‍ ഹോണ്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
എം.വി.ഡി. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഹോണുകള്‍ നിരത്തിവച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിച്ചത് ആളൊഴിഞ്ഞ റോഡില്വച്ചാണ.് 500 ഓളം എയര്‍ഹോണുകള്‍ എറണാകുളത്ത് നിന്ന് മാത്രംപിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് എയര്‍ഹോണുകള്‍ കൂടുതലായി കാണപ്പെടുന്നതെന്ന് എം.വി.ഡി. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊച്ചിയിലെ മറ്റിടങ്ങളിലും പരിശോധന തുടരുകയാണ്. കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാക്കാനാന് എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും മോട്ടോര്‍ വാഹന വകുപ്പ് ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്.വാഹനങ്ങളിലെ എയര്‍ഹോണുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോര്‍ വാഹന വകുപ്പിനു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പരിശോധനയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സൂപ്പര്‍ ചെക്കിങ് സ്ക്വാഡിനെയും രൂപവത്കരിച്ചിട്ടുണ്ട്.






