
ചണ്ഡീഗഡ്: ഹരിയാന ആസ്ഥാനമായുള്ള അല്‍-ഫലാഹ് സര്‍വകലാശാലയുടെ ധനസഹായത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഇന്ന് രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ സംഘങ്ങള്‍ സ്ഥാപനവുമായി ബന്ധപ്പെട്ട 25 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഫരീദാബാദില്‍ 70 ഏക്കര്‍ വിസ്തൃതിയുള്ള ഓഖ്ലയിലെ ഓഫീസും റെയ്ഡ് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.
ഡല്‍ഹി സ്ഫോടനക്കേസില്‍ അവിടെ ജോലി ചെയ്യുന്ന മൂന്ന് ഡോക്ടര്‍മാരെ പ്രതികളായി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് സര്‍വകലാശാല നിരീക്ഷണത്തിലാണ്. സര്‍വകലാശാലയുടെ ധനസഹായം അന്വേഷിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. സര്‍വകലാശാലയുടെ അക്കൗണ്ടുകളുടെ ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ഫോടന കേസ് എന്‍ഐഎ അന്വേഷിക്കുമ്പോള്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും ഇപ്പോള്‍ സര്‍വകലാശാലയുടെ ധനസഹായവും അതിന്റെ പ്രവര്‍ത്തനത്തിന്റെ വശങ്ങളും അന്വേഷിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സിലും അക്രഡിറ്റേഷന് അവകാശവാദങ്ങള്‍ ഉന്നയി ച്ചതിനെത്തുടര്ന്ന് യൂണിവേഴ്സിറ്റി ഇതിനകം രണ്ട് കേസുകള്‍ നേരിടുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഫരീദാബാദില്‍ നിന്ന് വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിനെത്തുടര്‍ന്നാണ് സര്‍വകലാശാല ശ്രദ്ധാകേന്ദ്ര മായത്.
അല്‍-ഫലാഹ് സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററുമായി ബന്ധപ്പെട്ട ഡോക്ടറായ മുസമ്മില്‍ ക്യാമ്പസിന് പുറത്ത് വാടകയ്ക്കെടുത്ത മുറികളില്‍ നിന്ന് ഏകദേശം 2,900 കിലോഗ്രാം ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ മറ്റൊരു ഡോക്ടറായ ഡോ. ഷഹീന് അവരുടെ കാറില്‍ നിന്ന് അസോള്‍ട്ട് റൈഫിളുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി. ഈ വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം, ചെങ്കോട്ടയ്ക്ക് സമീപം ഒരു കാര്‍ പൊട്ടിത്തെറിച്ച് 13 പേര് കൊല്ലപ്പെടുകയും 20 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ സര്‍വകലാശാല തങ്ങളുടെ നിലപാട് വ്യത്മാക്കി വാര്‍ത്താകുറിപ്പ് പുറത്തുവിട്ടിട്ടുണ്ട.
'നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങളെ മാനേജ്മെന്റ് അപലപിക്കുന്നു എന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ഭൂപീന്ദര്‍ കൗര്‍ ആനന്ദ് നേരത്തെ പറഞ്ഞിരുന്നു. ഞങ്ങളുടെ രണ്ട് ഡോക്ടര്‍മാരെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കി. സര്‍വകലാശാലയില്‍ ഔദ്യോഗിക പദവികളില്‍ ജോലി ചെയ്യുന്നതല്ലാതെ ഈ വ്യക്തികളുമായി സര്‍വകലാശാലയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നെന്നും അതില്‍ പറയുന്നു. സര്‍വകലാശാലയുടെ പ്രശസ്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളും പ്രസ്താവനയില്‍ അപലപിച്ചിരുന്നു.






