
അനധികൃത സ്വത്ത് കേസില്‍ ശശികലയും കൂട്ടുപ്രതികളും ജയിലിലടയ്ക്കപ്പെട്ടപ്പോള് ശിഷിക്കപ്പെട്ടത് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത കൂടിയാണ്. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ക്ക് വിചാരണ കോടതി നല്കിയ ശിക്ഷ സുപ്രീം കോടതി ശരിവച്ചതോടെ ജയലളിതയും അഴിമതിക്കാരിയാണെന്ന് കോടതിയില്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ ജയലളിതയെ മരണം രക്ഷിക്കുകയായിരുന്നു. മരിച്ച ഒരാളെ ശിക്ഷിക്കാന്‍ കഴിയില്ലല്ലോ എന്നാല്‍ അവര്‍ അഴിമതി ചെയ്തുവെന്ന് തെളിഞ്ഞിരിക്കുന്നു.
ജയലളിത എന്ന രാഷ്ട്രീയ നേതാവിനെ ഇനി ചരിത്രം രേഖപ്പെടുത്തുക അഴിമതിക്കാരി എന്നായിരിക്കും. ചിന്നമ്മ ശിക്ഷിക്കപ്പെടുമ്പോള്‍ ജയലളിത കുടിയാണ് ശിക്ഷിക്കപ്പെട്ടതെന്ന കാര്യം അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയും ശശികലയ്ക്ക് എതിരായ വികാരവും ഇത് ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നതിന് കാരണമാണ്. എന്നാല്‍ അഴിമതിക്കാരിയെന്ന പാപക്കറ പുരണ്ടാണ് ജയ ചരിത്രത്തിലേക്ക് മറഞ്ഞതെന്ന വസ്തുത വിസ്മരിക്കാനാകില്ല. ജയലളിതയുടെ രാഷ്ട്രീയ ലെഗസിക്ക് ഏറ്റ മായാത്ത കളങ്കമാണ് ഈ കോടതി വിധി.
വിചാരണ കോടതിയുടെ വിധി അണുവിട വ്യത്യാസില്ലാതെയാണ് സുപ്രീം കോടതി അംഗീകരിച്ചത്. ഈ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാമെന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്. റിവ്യു ഹര്‍ജി നല്‍കുമെന്ന് ലോക്സഭ ഡെപ്യൂട്ടി സ്പീക്കറും അണ്ണാ ഡി.എം.കെ നേതാവുമായ തമ്പിദുരൈ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ പിനാകി ചന്ദ്രബോസ്, അമിതാവ് റോയ് എന്നിവര്‍ തന്നെയാകും റിവ്യു ഹര്‍ജിയും പരിഗണിക്കുക. അതുകൊണ്ടു തന്നെ വിധിയില്‍ മാറ്റമുണ്ടാനുള്ള സാധ്യത തീരെയില്ല.
ഈ സാഹചര്യത്തില്‍ അഴിമതിക്കാരിയെന്ന പാപക്കറ ഇനി ജയലളിതയുടെ മേല്‍ എന്നുമുണ്ടാകും. 1991-96 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരിക്കെ 66.65 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. സ്വത്ത് വര്‍ധനവില്‍ ഉണ്ടായ വര്‍ധനവ് ശതമാനക്കണക്കില്‍ നോക്കി വെറും സാങ്കേതിക വാദത്തില്‍ തൂങ്ങിയാണ് കര്‍ണാടക ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്. എന്നാല്‍ കര്‍ണാടകത്തിന്റെ അപ്പീലില്‍ സുപ്രീം കോടതി ശരിയായ വിധി പുറപ്പെടുവിച്ചു.
ജയലളിതയെ മുന്നില്‍ നിര്‍ത്തി ശശികലയും മന്നാര്‍ഗുഡി മാഫിയയുമാണ് അഴിമതികള്‍ നടത്തിയയതെന്ന് വാദിക്കുന്നവരുണ്ട്. ഇൗ വാദം ശരിയാണെന്ന് സമ്മതിച്ചാല്‍ പോലും ജയലളിതയ്ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. ജയലളിതയ്ക്കെതിരായ സുപ്രീം കോടതി പരാമര്‍ശങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ജയലളിതയെ ഉപയോഗിച്ച് സ്വത്ത് സമ്പാദിക്കുന്നതില്‍ ശശികല, ഇളവരശി, സുധാകരന് എന്നിവര്‍ ഒരുപോലെ ആയിരുന്നെന്ന് സുപ്രീം കോടതി വിധി ന്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മന്നാര്‍ഗുഡി മാഫിയ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിരുന്നതും 12 കമ്പനികളെ നിയന്ത്രിച്ചിരുന്നതും പോയസ് ഗാര്‍ഡനില്‍ നിന്നുമായിരുന്നു. ഇക്കാര്യം ജയലളിതയ്ക്ക് അറിയില്ലായിരുന്നെന്ന് വിശ്വസിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
അഴിമതിയില്‍ ജയലളിതയ്ക്കും തുല്യ പങ്കാളിത്തമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കോടതി പരാമര്‍ശം. എന്നാല്‍ ഇപ്പോള്‍ ശശികലയെ മാത്രം ഒറ്റതിരിഞ്ഞ്ആക്രമിക്കുന്ന അമ്മ ആരാധകര്‍ ഇത് കാണുന്നില്ല. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്നാട് രക്ഷപെട്ടുവെന്ന പ്രഖ്യാപിച്ച പനീര്‍സെല്‍വത്തിനും ഇക്കാര്യത്തില്‍ ഒന്നും പറയാനാകില്ല. സുപ്രീം കോടതി വിധിയിലൂടെ ജയലളിത കൂടിയാണ് ശിക്ഷിക്കപ്പെട്ടതെന്ന വസ്തുത ഒ.പി.എസിന് അംഗീകരിക്കാനാകുമോ? അതുകൊണ്ട് തന്നെ അദ്ദേഹം ജയയുടെ കാര്യത്തില്‍ മൗനം തുടരുകയാണ്.
അഴിമതിക്ക് പിന്നില്‍ ശശികലയാണെന്ന് വാദിക്കുന്ന അമ്മ ആരാധകര്‍ക്ക് ഒറ്റ കാര്യത്തില്‍ മാത്രം ആശ്വസിക്കാം. ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത് ചിന്നമ്മ ഒറ്റയ്ക്കാണ്. ജയയെ പിന്തുണയ്ക്കുന്നവരുടെ വിശ്വാസം ശരിയാണെങ്കില്‍ ശശികലയും അടുത്ത ബന്ധുക്കളും മാത്രം ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത് കാവ്യനീതിയായി കണക്കാക്കാം. എങ്കിലും ജയയുടെ മേല്‍ പതിച്ച പാപക്കറ അവിടെ തന്നെ ഉണ്ടാകും ഒരിക്കലും മായാതെ.





