
കോഴിക്കോട് : പാമ്പാടി നെഹ്റു കോളജില്‍ ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കു സാന്ത്വനമായി വി.എസ്. അച്യുതാനന്ദന്. എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ജിഷ്ണു ആത്മഹത്യ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന് വീടു സന്ദര്‍ശിക്കാത്തതില്‍ ബന്ധുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ള അമര്‍ഷം പുകയുന്നതിനിടെയാണു വി.എസിന്റെ വരവ്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണു വി.എസ്. വളയം പൂവംവയലിലെ ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. രാവിലെ ഒന്‍പതു മുതല്‍ പൊരിവെയിലില്‍ വി.എസിനെക്കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനുപേര്‍ ആവേശത്തോടെ മുഷ്ടിചുരുട്ടി അഭിവാദ്യമര്‍പ്പിച്ചാണ് അദ്ദേഹത്തെ വരവേറ്റത്. മുദ്രാവാക്യം വിളികള്‍ക്കിടെ അകത്തേക്കു പ്രവേശിച്ച വി.എസിന്റെ കാല്ക്കലേക്കു ജിഷ്ണുവിന്റെ മാതാവ് മഹിജ വീണു. "എന്റെ മോനെ അവര്‍ കൊന്നതാണ്, അവനു നീതി കിട്ടണം, ഞങ്ങള്‍ക്ക് ഇനി ഈ അച്ഛന് മാത്രമെയുള്ളൂ, സഹായിക്കില്ലേ..." യെന്ന മഹിജയുടെ വാക്കുകള്‍ കേട്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
പ്രിയപുത്രന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഭക്ഷണം പോലും കഴിക്കാതെ തളര്‍ന്ന മഹിജയ്ക്കും ഭര്‍ത്താവ് അശോകനും വി.എസിന്റെ സാമീപ്യം ഊര്‍ജം പകര്‍ന്നു. ഇരുവരും തങ്ങളുടെ ആവലാതികള്‍ വി.എസിനെ അറിയിച്ചു. നിശബ്ദനായി തലകുലുക്കി എല്ലാം കേട്ടശേഷം വേണ്ടത് ചെയ്ാമെയന്നു വി.എസിന്റെ ഉറപ്പ്. 15 മിനിട്ടിനുശേഷം കൂപ്പുകൈകളോടെ പുറത്തേക്കിറങ്ങിയ വി.എസ്. മാധ്യമങ്ങളെ കണ്ട ശേഷമാണ് മടങ്ങിയത്.
കോളജ് ചെയര്മാന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിജ വി.എസിനു നിവേദനം നല്കി. പോസ്റ്റ്മോര്‍ട്ടത്തില്‍ അട്ടിമറി നടന്നതായും പരാതിയിലുണ്ട്. സ്പെഷല്‍ പ്രോസിക്യൂട്ടറായി സി.പി. ഉദയഭാനുവിനെ നിയമിക്കണമെന്ന് അഭ്യര്‍ഥിച്ച് മറ്റൊരു നിവേദനവും ബന്ധുക്കള്‍ വി.എസിനു കൈമാറി.
കോളജ് മാനേജ്മെന്റ് അഞ്ചര ഏക്കര്‍ വനഭൂമി കൈയേറിയതായും ഭൂമി തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മാവന് കെ.കെ. ശ്രീജിത്തും നിവേദനം നല്‍കിയിട്ടുണ്ട്.
പിതാവിനെപ്പോലെയാണ് വി.എസ്. ക്ഷമയോടെ കാര്യങ്ങള്‍ കേട്ടതെന്നും പരിഹാരമുണ്ടാക്കുമെന്നാണു പ്രതീക്ഷയെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.
ജിഷ്ണു മരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന് എത്താത്തതിലുള്ള വേദന പ്രകടിപ്പിച്ച് മഹിജ എഴുതിയ കത്ത് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ താന്‍ അവിടെ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.






