
തിരുവനന്തപുരം: സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടില്‍ പദ്ധതിയിലൂടെ സംരക്ഷണം ലഭിച്ച കുഞ്ഞുങ്ങളുടെ എണ്ണം ആയിരത്തിലെത്തി. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം ശിശുക്ഷേമ സമിതി ആസ്‌ഥാനത്തെ അമ്മത്തൊട്ടിലില്‍ അഞ്ചുദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് എത്തിച്ചേര്‍ന്നതോടെയാണിത്. കുഞ്ഞിന് 'സഹസ്ര' എന്ന പേരാണ് സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി നല്‍കിയത്. 'ആയിരം ജീവനുകളുടെ സാക്ഷ്യവും ആയിരം പ്രതീക്ഷകളുടെ പുതിയ തുടക്കവുമാണ് സഹസ്ര'യെന്ന് അരുണ്‍ ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2002 നവംബര്‍ 14ന് ശിശുദിനത്തില്‍ ആരംഭിച്ച അമ്മത്തൊട്ടില്‍ പദ്ധതി അനാഥരാകാനോ ഉപേക്ഷിക്കപ്പെടാനോ സാധ്യതയുള്ള നവജാത ശിശുക്കള്‍ക്ക് സുരക്ഷിത അഭയമായി മാറുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3.35ന് 2.57 കിലോഗ്രാം ഭാരവും അഞ്ചുദിവസം പ്രായവുമുള്ള പെണ്‍കുഞ്ഞാണ് അമ്മത്തൊട്ടിലില്‍ എത്തിയത്.
ഇതുവരെ ലഭിച്ച 1000 കുട്ടികളില്‍ 681 പേരും പെണ്‍കുട്ടികളാണ്. 319 ആണ്‍കുട്ടികളും. ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ എത്തിയത് തിരുവനന്തപുരം ജില്ലയിലാണ്- 667 പേര്‍. കോട്ടയം (43), കൊല്ലം (38), മലപ്പുറം, പാലക്കാട് (34 വീതം), പത്തനംതിട്ട (28), തൃശൂര്‍ (27), ആലപ്പുഴ (26), കോഴിക്കോട് (25), എറണാകുളം, കണ്ണൂര്‍ (21 വീതം), ഇടുക്കി (20), കാസര്‍കോട് (16) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. വയനാട്ടില്‍ ഇതുവരെ ഒരു കുഞ്ഞും അമ്മത്തൊട്ടിലില്‍ എത്തിയിട്ടില്ല.
അമ്മത്തൊട്ടിലിലെ ആദ്യ കുഞ്ഞായ 'നിത്യ' 2002 ഡിസംബര്‍ 24നാണ് എത്തിയത്. നൂറാമത്തെ കുഞ്ഞിന് 'ശതശ്രീ' എന്നും ആയിരാമത്തെ കുഞ്ഞിന് 'സഹസ്ര' എന്നും പേരിട്ടു. മഴ, നിള, കനി, കതിര്‍, തെന്നല്‍, പ്രകൃതി, ഇന്ത്യ, കേരളിയ, ഇതള്‍ തുടങ്ങിയ വ്യത്യസ്‌ത പേരുകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 2023ല്‍ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം 111 കുട്ടികള്‍ അമ്മത്തൊട്ടിലിലൂടെ എത്തി. ഇവരില്‍ 78 പേര്‍ പെണ്‍കുട്ടികളും 33 പേര്‍ ആണ്‍കുട്ടികളുമാണ്. ഇതേ കാലയളവില്‍ 258 കുട്ടികള്‍ക്ക് ദത്തെടുപ്പിലൂടെ പുതിയ കുടുംബം ലഭിച്ചു. അതില്‍ 227 പേര്‍ ഇന്ത്യയിലും 31 പേര്‍ വിദേശത്തുമാണ്.
സംസ്‌ഥാനത്തെ അമ്മത്തൊട്ടിലുകള്‍ ഘട്ടംഘട്ടമായി ഹൈടെക്കാക്കുമെന്നും അരുണ്‍ ഗോപി അറിയിച്ചു. ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഹൈടെക് അമ്മത്തൊട്ടിലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അമ്മയുടെ മുലപ്പാല്‍ ലഭിക്കാത്ത നവജാത ശിശുക്കള്‍ക്കായി തിരുവനന്തപുരം കേന്ദ്രമാക്കി ആധുനിക ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് 2027 ജനുവരിയോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ശ്രമം പുരോഗമിക്കുകയാണെന്നും അരുണ്‍ ഗോപി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്‌ഥാന ശിശുക്ഷേമ സമിതി ട്രഷറര്‍ കെ. ജയപാലും പങ്കെടുത്തു.







Comments