
ചെറുപുഴ(കണ്ണൂര്‍): കനത്തമഴയ്‌ക്കിടെ മീന്തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നീന്തല്‍ പരിശീലകന്‍ തിരുവനന്തപുരം സ്വദേശി ആര്‍. രാജേഷി(37)ന്റെ മൃതദേഹം കണ്ടെത്തി. തേജസ്വിനി പുഴയ്‌ക്കു നടുവിലെ തുരുത്തില്‍നിന്ന് ഇന്നലെ ഉച്ചയ്‌ക്ക് 12-നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞദിവസം മുതല്‍ കേരള, കര്‍ണടാക വനംവകുപ്പ് സംയുക്‌തസംഘം കര്‍ണാടക വനത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. രാജേഷ് രക്ഷപ്പെട്ട് വനത്തില്‍ കയറിയിരിക്കാമെന്നു കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതുപ്രകാരമാണ് വനത്തില്‍ തെരച്ചില്‍ ആരംഭിച്ചത്.
കഴിഞ്ഞദിവസം മലയോരത്തുണ്ടായ കനത്തമഴയിലും ഉരുള്‍പൊട്ടലിലും മീന്തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ കോലുവള്ളിയിലെ ശബനിയില്‍ ബെന്നി(61)യെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രാജേഷിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. കോലുവള്ളി നോര്‍ത്തിലെ തന്റെ കൃഷിയിടത്തില്‍ കഴിഞ്ഞ ഒന്നിനു രാവിലെ എത്തിയതായിരുന്നു ബെന്നി. രാവിലെ പതിനൊന്നരയോടെ കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലുമെത്തി. മൂന്നോടെ കഴുത്തൊപ്പം വെള്ളത്തിലായി. അതിനിടെ ബെന്നിയുടെ മൊബൈല്‍ ഫോണും വെള്ളത്തില്‍ പോയി. ഒരു മരത്തില്‍ പിടിച്ചു സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേക്കാണ് റാഫ്‌റ്റില്‍ രാജേഷും സുഹൃത്തുക്കളുമെത്തിയത്. റാഫ്‌റ്റില്‍നിന്നു കയര്‍ എറിഞ്ഞുകൊടുത്തു. ഇത് ഒരു തെങ്ങില്‍ കെട്ടുന്നതിനിടയില്‍ ബെന്നിയുടെ കൈവിരലിനു പരുക്കേറ്റു. കയറില്‍ പിടിച്ചു ബെന്നി മുമ്പിലും രക്ഷാപ്രവര്‍ത്തകര്‍ മൂന്നുപേരും പിന്നിലുമായി പുഴ കടക്കുന്നതിനിടയില്‍ ഏറ്റവും പിന്നിലുള്ള രാജേഷ് പിടിവിട്ട് ഒഴുക്കില്‍പ്പെടുകയായിരുന്നു. ജീവന്‍ രക്ഷിച്ച രാജേഷിനായി പ്രാര്‍ഥനയോടെ ബെന്നിയും ഭാര്യ ആന്‍സിയും കാത്തുനിന്നെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ പുഴയെടുക്കുകയായിരുന്നു.







Comments