
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഇരട്ട അവയവമാറ്റ ശസ്ത്രക്രിയ. ഒന്നരവയസുകാരിയുടെ കരളും വൃക്കയും ഒരേസമയം മാറ്റിവച്ചു. തൃശൂര്‍ കൊടകര സ്വദേശികളായ ഷിനുവിന്റെയും സരിതയുടെയും മകള്‍ പാര്‍വതിയാണ് അപൂര്‍വ ശസ്ത്രക്രിയയ്ക്കു വിധേയയായത്. അച്ഛന് ഷിനുവിന്റെ കരളും ഷിനുവിന്റെ അമ്മയുടെ വൃക്കയുമാണു പാര്‍വതിയില്‍ മാറ്റിവച്ചത്.
പ്രൈമറി ഹൈപ്പറോക്സെലറിയ ടൈപ്പ് 1 എന്ന അപൂര്‍വ രോഗാവസ്ഥയായിരുന്നു കുരുന്നിന്. കരളിലെ എന്‍സൈമായ എ.ജി. എക്സ്ടിയുടെ കുറവുമൂലം രക്തത്തിലെ ഓക്സലേറ്റിന്റെ അളവ് ഉയര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്ന അസുഖമാണിത്.
ലോകത്തിലാദ്യമായിട്ടായിരിക്കും ഏഴുകിലോ മാത്രമുള്ള കുട്ടിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നതെന്ന് ആസ്റ്റര്‍ മെഡ്സിറ്റി സി.ഇ.ഒയും ഡി.എം ഹെല്‍ത്ത് കെയര്‍ കേരള ക്ലസ്റ്റര്‍ മേധാവിയുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു. പത്തുകിലോ തൂക്കം ഉണ്ടെങ്കിലേ മുതിര്‍ന്ന വ്യക്തിയുടെ വൃക്ക കുട്ടിയില്‍ മാറ്റിവയ്ക്കാന്‍ കഴിയൂ എന്നതായിരുന്നു പ്രധാന വെല്ലുവിളി. അതിനാല്‍ പത്തുകിലോ ആകുന്നതുവരെ പാര്‍വതിയെ ന്യൂട്രിഷ്ണല് റീഹാബിലിറ്റേഷനും ഡയാലിസിസിനും വിധേയയാക്കാനായിരുന്നു തീരുമാനം. തൂക്കം എഴിലെത്തിയപ്പോള് കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലായി. തുര്‍ന്നാണ് ശസ്ത്രക്രിയ എന്ന വെല്ലുവിളിക്കു ഡോക്ടര്‍മാര്‍ തയാറായത്. കഴിഞ്ഞ നവംബറിലാണ് 20 മണിക്കൂര്‍ നീണ്ട മൂന്നു ശസ്ത്രക്രിയകള്‍ ഒരേസമയം പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്കുശേഷം പാര്‍വതി 51 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. സുഖം പ്രാപിച്ച കുഞ്ഞ് ശരീരഭാരം വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇപ്പോള്‍ പാര്‍വതിക്ക് 10.4 കിലോ ഭാരമുണ്ട്. ജനിച്ചു മൂന്നുമാസം കഴിഞ്ഞപ്പോള്‍ തന്നെ കുട്ടിക്ക് ഛര്ദിതുടങ്ങിയതായി അമ്മ സരിത പറഞ്ഞു. തുടര്‍ന്ന് നിരവധി ആശുപത്രികളില്‍ ചികിത്സതേടിയെങ്കിലും രോഗം കണ്ടുപിടിക്കാനായില്ല. ശസ്ത്രക്രിയയ്ക്കു മാത്രം 20 ലക്ഷം രൂപയാണു ചെലവായത്. ഡ്രൈവറായ ഷിനുവിന്റെ വരുമാനമാണ് കുടുംബത്തിന്റെ ഏകആശ്രയം.
നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സാമ്പത്തിക സഹായത്തോടെയാണു ചികിത്സയ്ക്കുള്ള പണംകണ്ടെത്തിയത്. ഡോക്ടര്‍മാരായ മാത്യു ജേക്കബ്, വി. നാരായണന് ഉണ്ണി, പി.സി. അലക്സാണ്ടര്‍, പി.രാജപ്പന് പിള്ള, രഹാന് സെയ്ഫ്, സൊണാല്‍ അസ്താന, രാജീവ് ലോചന്‍, ടി.എ. കിഷോര്‍, നവീന്‍ ഗഞ്ചു, ചാള്‍സ് പനയ്ക്കല്‍, ഗീത മമ്മയില്‍ എന്നിങ്ങനെ 35 അംഗ ഡോക്ടര്‍മാരുടെ സംഘമാണു പാര്‍വതിയുടെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും നേതൃത്വം നല്‍കിയത്.






