നേരം വെളുത്തുവരുന്നതേയുള്ളൂ.
എയര്‍ഏഷ്യയുടെ വിമാനം കോലാലമ്പൂരിലെ പുലരിയിലേക്ക് പറന്നിറങ്ങുകയാണ്.
താഴെ, ഭൂമിയില്‍ വെളിച്ചത്തിന്റെ ഉത്സവം.
നാഗരികതയുടെ നാഗമാണിക്യങ്ങള്‍ ശിരസിലേന്തിയ മണിമന്ദിരങ്ങള്‍, പഞ്ചനക്ഷത്ര സത്രങ്ങള്‍, ഹോട്ടലുകള്‍, വര്‍ണവിളക്കുകള്‍ ചൂടിയ പരസ്യബോര്‍ഡുകള്‍, പാര്‍ക്കുകള്‍, ജലധാരകള്‍, മൈതാനങ്ങള്‍, ഗോപുരങ്ങള്‍, വെളിച്ചം നിറഞ്ഞ റോഡുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഗന്ധര്‍വനഗരം പോലെ ഭൂതലം വിളങ്ങുന്നു.
ഒരു മഹാനഗരത്തിന്റെ ആകാശദര്‍ശനം രസകരവും ചിന്താബന്ധുരവുമായ കാഴ്ചയാണെങ്കിലും ഒരു വലിയ ജനപദവും അവിടങ്ങളിലെ ജീവിതങ്ങളും പെട്ടെന്ന് നമ്മുടെ കണ്ണിലേക്ക് പതിക്കുമ്പോള്‍ ആകെയൊരു 'തിക്കുമുട്ടല്‍' അനുഭവപ്പെടും.
പാദസ്പര്‍ശം ക്ഷമസ്വമേ:
മലേഷ്യന്‍ സമയം രാവിലെ അഞ്ചുമണിയോടെയാണ് വിമാനം നിലം തൊട്ടത്. എമിഗ്രേഷന്‍ പരിശോധന നടക്കുന്ന ഭാഗത്ത് വനിതകളാണ് ഏറെയും.
രാജ്യതലസ്ഥാനം എന്ന നിലയിലുള്ള പകിട്ടും പത്രാസുമൊക്കെ ഈ വിമാനത്താവളത്തിനുണ്ട്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള വിളക്കുകള്‍ പ്രകാശം ചൊരിയുന്നു. എങ്ങും പൂമാലകള്‍, തോരണങ്ങള്‍, പൂപ്പാത്രങ്ങള്‍, വര്‍ണ ബലൂണുകള്‍! ഇവയ്ക്കിടയിലൂടെ പല നിറങ്ങളിലും വേഷങ്ങളിലുമുള്ള സുന്ദരികളും സുന്ദരന്മാരും പ്രവാഹിക്കുന്നു. വെട്ടിത്തിളങ്ങുന്ന മാര്‍ബിള്‍ തറയിലൂടെ സ്ഥലജലവിഭ്രാന്തി കൂടാതെ നടക്കുക അത്ര എളുപ്പമല്ല.
കോലാലമ്പൂര്‍ നഗരമധ്യത്തില്‍നിന്ന് 45 കിലോമീറ്റര്‍ മാറിയുള്ള, തെക്കുകിഴക്കനേഷ്യയിലെ ഏറ്റവും വലിയ ഈ വിമാനത്താവളം നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുകയാണ്.
ഒരു കണക്കിനുപറഞ്ഞാല്‍ രണ്ടാംതരം എയര്‍പ്പോര്‍ട്ടിലാണ് ഞങ്ങള്‍ വന്നിറങ്ങിയിരിക്കുന്നത്. കോലാലമ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നമ്പര്‍ ടൂ എന്നു പറയും! മുഖ്യ വിമാനത്താവളത്തോട് ചേര്‍ന്നുള്ള ലോ കോസ്റ്റ് കാരിയര്‍ ബില്‍ഡിങ്ങാണിത്. ഒന്നാന്തരം, ഒന്നാം നമ്പര്‍ താവളം ഇതിന്റെ മറ്റൊരു ഭാഗത്തുണ്ട്. എന്തായാലും ലോകത്തിലെ ഏറ്റും ഉയരമുള്ള എയര്‍ട്രാഫിക്ക് കണ്ട്രോള് ടവര്‍ ഈ രണ്ടാം നമ്പര്‍ വിമാനത്താവളത്തിലാണ്. ഈ എയര്‍പ്പോര്‍ട്ട് വരുന്നതിനു മുമ്പ് ഇവിടം കാടും പടലും ചതുപ്പും നിറഞ്ഞ സ്ഥലമായിരുന്നു.
ഉഗ്രന്‍ കട്ടന്‍കാപ്പി!
ബാഗേജ് പരിശോധനകള്‍ കഴിഞ്ഞു പ്രധാന വഴി കടന്ന് ഞങ്ങള്‍ എയര്‍പോര്‍ട്ടിന്റെ മുഖ്യവാതിലിനു സമീപമെത്തി. അവിടെ കുറച്ചു നേരം ഗൈഡിനെ കാത്തുനിന്നു. തെല്ലുനേരം കഴിഞ്ഞപ്പോള്‍ ഫോണ്‍ ശബ്ദിച്ചു. മലേഷ്യയിലെ ഞങ്ങളുടെ സുഹൃത്താണ് വിളിച്ചത്. ഗൈഡ് ഉടനെ എത്തുമെന്നും പ്രധാന കവാടത്തിന്റെ സമീപം തന്നെ ഞങ്ങള്‍ നില്‍ക്കണമെന്നുമായിരുന്നു സന്ദേശം.
ഞങ്ങള്‍ ഗൈഡിനെ കാത്ത് നില്പായി.
തെല്ലുനേരം കഴിഞ്ഞു.
അപ്പോഴതാ, ആള്‍ത്തിരക്കിനിടയില്‍നിന്ന് ചുവന്ന കോട്ടും കറുത്ത പാന്റ്സും തൊപ്പിയും ധരിച്ച ഒരു യുവ സായ്പ് ഞങ്ങളുടെ നേര്‍ക്ക് നടന്നുവരുന്നു! അയാള്‍ അടുത്തു വന്ന് ഞങ്ങളുടെ പേരു ചോദിച്ചു.
അപ്രതീക്ഷിതമായി ഒരു യൂറോപ്യന്‍ യുവാവിനെ കണ്ടപ്പോള്‍ ഞങ്ങള്‍ തെല്ലു പരിഭ്രമിച്ചെങ്കിലും അയാളാണ് ഞങ്ങള്‍ കാത്തുനിന്നിരുന്ന ഗൈഡ് എന്നു വൈകാതെ മനസിലായി.
ഞങ്ങള്‍ വിചാരിച്ചതുപോലെ കക്ഷി ഒരു സായ്പ്പൊന്നുമല്ല, ഗുജറാത്ത് വംശജനാണ്. പേര്: ഹരിനാരായണ സിങ്!
അയാള്‍ ഒരു കാറുമായിട്ടാണ് എത്തിയിരിക്കുന്നത്.
'മലേഷ്യയില്‍ വന്നാല്‍ ആദ്യം ചെയ്യേണ്ടത് ഒരു ഗ്ലാസ് കട്ടന്‍കാപ്പി കുടിക്കുക എന്നതാണ്. അതിന്റെ ഗുണം നിങ്ങള്‍ കുടിച്ചു തന്നെ അറിയണം. നിങ്ങളുടെ നാട്ടില്‍ കിട്ടുന്ന രണ്ടാംതരം കാപ്പിപ്പൊടിയല്ല ഇവിടെയുള്ളത്.' അയാള്‍ പറഞ്ഞു.
അവിടെക്കണ്ട കോഫി ഷോപ്പുകളിലൊന്നിലേക്ക് മൂപ്പര് ഞങ്ങളെ നയിച്ചു. അതിലൊന്നില്‍ പ്രവേശിച്ച ശേഷം മെനുകാര്‍ഡ് നോക്കിയപ്പോഴാണ് പലതരം കാപ്പികള്‍ കിട്ടുമെന്നു മനസിലായത്. ഹരിനാരായണന് എന്ന ഹരി ഞങ്ങള്‍ക്കായി ബ്ലാക്ക്കോഫി ഓഡര്‍ ചെയ്തു.
വ്യാളികളുടെ ഡിസൈനിലുള്ള കടലാസുകപ്പില്‍ ആവി പറക്കുന്ന കട്ടന്‍കാപ്പി ഏതാനും സമയത്തിനുള്ളില്‍ വന്നുകഴിഞ്ഞു! സവിശേഷ രുചിയുള്ള നല്ല ഒന്നാം തരം ബ്ലാക്ക്കോഫി!
ഡബിള്‍ റോസ്റ്റിങ് ടെക്നിക് എന്ന സമ്പ്രദായത്തില്‍ കാപ്പിക്കുരു രണ്ടു തവണ വറുത്തെടുത്ത് പഞ്ചസാരയും വെണ്ണയും ചേര്‍ത്ത് തയാറാക്കുന്ന പൊടിയാണ് സാധാരണയായി ഇവിടെ ഉപയോഗിക്കുന്നതത്രെ. ഒരുപക്ഷേ, ഇതാകാം കാപ്പിയുടെ രുചിരഹസ്യം.
കാപ്പിയോടൊപ്പം പലവിധ മലേഷ്യന്‍ പലഹാരങ്ങളും മേശപ്പുറത്തു നിരന്നു. തേങ്ങ ചിരകിയതും പനഞ്ചക്കരയും നിറച്ച അരിയുണ്ടയും തേങ്ങാപ്പാലിന് പച്ചരിപ്പൊടി ചേര്‍ത്തുണ്ടാക്കുന്ന ഒരു പലഹാരവും ഞങ്ങള്‍ സെലക്ട് ചെയ്തു.
ഒരു എണ്ണപ്പനയുടെ ഓര്‍മയ്ക്ക്
ഞങ്ങള്‍ കാറില്‍ കയറി.
നേരം നല്ലതുപോലെ വെളുത്തുകഴിഞ്ഞു. മുമ്പില്‍ വിശാലമായ നാലുവരിപ്പാത. മലേഷ്യയിലെ പ്രധാന ദേശീയ റോഡ് ശൃംഖലയായ മലേഷ്യന്‍ ഫെഡറല്‍ റോഡ് സിസ്റ്റത്തിനു കീഴിലുള്ളതാണ് ഈ പാത. മലേഷ്യയിലെ എല്ലാ ഫെഡറല്‍ റോഡുകളും പൊതുമരാമത്ത് മന്ത്രാലയത്തിന്റെ പരിധിയിലാണ്. ഓരോ റോഡുകള്‍ക്കും പ്രത്യേകം നമ്പറുകള്‍ കൊടുത്തിട്ടുണ്ട്.
എയര്‍പോര്‍ട്ടില്‍നിന്ന് ഇറങ്ങിയത് പച്ചപ്പു നിറഞ്ഞ കാട്ടിലേക്കാണെന്നു തോന്നി. വഴിയരുകിലെ വനത്തില്‍ വട്ട, ബദാം, കുടപ്പന തുടങ്ങിയവ ധാരാളം. ഇടയ്ക്കിടെ വാഴത്തോട്ടങ്ങളും മാന്തോപ്പുകളും എണ്ണപ്പനത്തോട്ടങ്ങളുമുണ്ട്.
ഓയില്‍ പാം ഇന്ത്യയുടെ നേതൃത്വത്തില്‍ എണ്ണപ്പനക്കൃഷി നമ്മുടെ നാട്ടില്‍ ചെയ്യുന്നുണ്ടെങ്കിലും ഈ രംഗത്ത് കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ല. റബര്‍ വെട്ടിമാറ്റി എണ്ണപ്പന നട്ടവരും ഇപ്പോള്‍ വല്ലാതെ വിഷമിക്കുകയാണ്.
റോഡരുകില്‍ ഒരു പായ്ക്കപ്പല്‍
വിശാലമായ പാതയുടെ ഇരുവശത്തും വലിയ ഫ്ലാറ്റുകളും ഒരു ടോള്‍ ഗേറ്റും കഴിഞ്ഞപ്പോള്‍ ഒരു കാഴ്ച കണ്ടു വലിയൊരു പാര്‍ക്കില്‍ പുരാതനമായ ഒരു പായ്ക്കപ്പല്‍ ഉയര്‍ത്തിവച്ചിരിക്കുന്നു. അതിന്റെ പായ്കളിലൂടെ കാറ്റ് ചൂളമിടുകയാണ്. അതിന്റെ പാമരങ്ങള്‍ മലേഷ്യന്‍ വാണിജ്യബന്ധങ്ങളുടെ പഴയ കാലത്തെ ഓര്‍മിപ്പിക്കുന്നു.
മലേഷ്യയിലെ വൈവിധ്യമാര്‍ന്ന സംസ്കാര വിശേഷങ്ങള്‍ക്ക് കാരണം ഇവിടെ പലപ്പോഴായി പായ്ക്കപ്പലിലും മറ്റും വന്നിറങ്ങിയ വിവിധ സമൂഹങ്ങളിലെ മനുഷ്യരാണ്. കപ്പല്‍ മാര്‍ഗം വന്നായിരുന്നുവേല്ലാ, തമിഴ്?നാട്ടിലെ പല്ലവ ചോള രാജവംശങ്ങള്‍ തമിഴ് സംസ്കാരവും തമിഴ് ലിപിയും മലേഷ്യയിലേക്ക് വ്യാപിപ്പിച്ചത്. രാജേന്ദ്ര ചോളന് ഒന്നാമന് പതിനൊന്നാം നൂറ്റാണ്ടില്‍ മലേഷ്യ ആക്രമിച്ച് പല പ്രദേശങ്ങളും കീഴടക്കിയത് തമിഴക നാവിക പാരമ്പര്യത്തിന്റെ നിദര്‍ശനമാണ്.
മലയയിലെ ഖനികളിലേക്കും മറ്റും തമിഴരെ മാത്രമല്ല, കൊച്ചിയില്‍നിന്ന് മലയാളികളെയും ബ്രിട്ടീഷുകാര്‍ കപ്പലില്‍ കയറ്റി ഇങ്ങോട്ട് കൊണ്ടുവന്നിരുന്നെന്ന് കേട്ടിട്ടുണ്ട്.
മനുഷ്യചരിത്രം തന്നെ മാറ്റിയെഴുതിയ പായ്ക്കപ്പലുകളും അതിലെ സഞ്ചാരികളും ചോള, പല്ലവ വീരന്മാരും അവിടങ്ങളിലൂടെ അദൃശ്യരായി സഞ്ചരിക്കുന്നുണ്ടെന്നു തോന്നി.
ചിരിക്കുന്ന ചെമ്പരത്തിപ്പൂക്കള്‍
റോഡിരുകിലെ ചില പോസ്റ്റുകളില്‍ ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എന്തിനാണ് ഇത്രയും ചിത്രങ്ങളെന്ന് ഞങ്ങള്‍ ഹരിയോട് ചോദിച്ചു. മലേഷ്യയുടെ ദേശീയ പുഷ്പം ചെമ്പരത്തിയാണെന്ന് അയാള്‍ മറുപടി പറഞ്ഞു.
മലായ് ഭാഷയില്‍ ഇത് 'ബംഗരായ' എന്നറിയപ്പെടുന്നു. 'മഹത്തായ പുഷ്പം' എന്നാണ് അര്‍ത്ഥം. ഇതിലെ അഞ്ച് ഇതളുകള്‍ മലേഷ്യയുടെ ദേശീയതത്വങ്ങളെ സൂചിപ്പിക്കുന്നു. 1960ല്‍ മലേഷ്യയുടെ ആദ്യ പ്രധാനമന്ത്രി തുങ്കു അബ്ദുള്‍ റഹ്?മാന്‍ ആണ് ചെമ്പരത്തിയെ ദേശീയപുഷ്പമായി തെരഞ്ഞെടുത്തത്. ദേശീയമൃഗം മലയന്‍ കടുവയും ദേശീയപക്ഷി വേഴാമ്പലുമാണ്.
രാക്ഷസ പുഷ്പം
അങ്ങനെ മുമ്പോട്ടു പോകുമ്പോഴതാ, മറ്റൊരു പൂവിന്റെ ചിത്രം ഒരു ട്രാഫിക് ബോര്‍ഡിനു മുമ്പില്‍ തെളിയുന്നു! പുസ്തകങ്ങളിലും മറ്റും കണ്ടു പരിചിതമായ 'റാഫ്ലീസിയ' എന്ന പൂവാണതെന്ന് ബോട്ടണി ബിരുദധാരിണിയായ ഭാര്യ തിരിച്ചറിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം! ഇതിന് ഏകദേശം നൂറു സെന്റീമീറ്റര്‍ നീളം വരും. അഞ്ച് ഇതളുകളുള്ള റഫ്ലേഷ്യയ്ക്ക് 15 കിലോ വരെയാണ് ഭാരം. വലിപ്പത്തില്‍ മുമ്പനാണെങ്കിലും ഇതിന്റെ മണം അസഹനീയമാണ്. മലേഷ്യയിലെ സബാ എന്ന സംസ്ഥാനത്തിന്റെ പൂവാണിതെന്നാണ് ഹരി പറയുന്നത്.
ഈ 'രാക്ഷസ പുഷ്പം' പോലെ പല പ്രത്യേകതകളുമുള്ളതാണ് ഈ സംസ്ഥാനം. പടിഞ്ഞാറ് വിയറ്റ്നാമുമായും വടക്കും കിഴക്കും ഫിലിപ്പീന്‍സുമായും സമുദ്രാതിര്‍ത്തികള്‍ പങ്കിടുന്നതിനാല്‍ തന്ത്രപരമായും ഈ സ്ഥലത്തിന് പ്രാധാന്യമുണ്ട്.
മിന്നിത്തിളങ്ങുന്ന കാറുകള്‍
സുന്ദരനും സുമുഖനുമായ ഹരി പഴയൊരു ഹിന്ദിഗാനം മൂളിക്കൊണ്ട് കാറോടിക്കുകയാണ്. തൊട്ടടുത്തു കൂടി ബസുകളും ട്രക്കുകകളും കാറുകളും പായുന്നുണ്ട്. കാറോടിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. ചിലപ്പോള്‍ ബൈക്കുകള്‍ പാഞ്ഞുവന്ന് മുമ്പില്‍ കയറും. കാറിന്റെ വേഗം കുറയ്ക്കുമ്പോഴും കൂട്ടുമ്പോഴും കരുതല്‍ വേണം. നമ്മുടെ നാട്ടിലെ ഏതാണ്ടെല്ലാവിധ വാഹനങ്ങളും റോഡിലുണ്ട്. മഹീന്ദ്ര, ടാറ്റാ, ഹുണ്ടായ്, മാരുതി കാറുകള്‍ ധാരാളം കണ്ടെങ്കിലും കമ്പനിയുടെ പേരുകള്‍ വ്യത്യസ്തങ്ങളാണെന്ന മാത്രം.
ചീറിപ്പാഞ്ഞുപോകുന്ന എല്ലാ വാഹനങ്ങളും നല്ല വൃത്തിയായും ഭംഗിയായും സംരക്ഷിച്ചിരിക്കുന്നു എന്നതാണ് അത്ഭുതം. വെട്ടിത്തിരിഞ്ഞ് പാഞ്ഞുപോകുന്ന കാറുകളില്‍ ഒരു ചളുക്കവും പോറലും കാണാനില്ല. വഴിയില്‍ പാര്‍ക്കുചെയ്തിരിക്കുന്ന വാഹനങ്ങളാകട്ടെ, നല്ല അച്ചടക്കത്തോടെ പാര്‍ക്കിങ് ലൈനില്‍ത്തന്നെ ഒരുങ്ങിക്കിടക്കുന്നു. റോഡുകളും പരിസരങ്ങളും വാഹനങ്ങളം വൃത്തിയായി സൂക്ഷിക്കുന്നതില്‍ മാത്രമല്ല, റോഡുനിയമങ്ങള്‍ അനുസരിക്കുന്നതിലും മലേഷ്യക്കാര്‍ ശ്രദ്ധിക്കുന്നു.
സാധാരണ ബസുകളും ഡബിള്‍ഡക്കര്‍ ബസുകളും ചെറിയ സ്കൂട്ടറുകളും വഴിയില്‍ കാണാം. ഓട്ടോറിക്ഷകള്‍ ഇല്ല. സൈക്കിളുകളും കുറവാണ്. ഊബര്‍ ടാക്സികളും കിട്ടും.
ഞങ്ങളുടെ കാര്‍ നഗരപ്രാന്തത്തിലേക്ക് പ്രവേശിച്ചപ്പോള്‍ നഗരത്തിന്റെ ഗാംഭീര്യം കൂടുതല്‍ വ്യക്തമായി. 'ആകാശം തൊടുന്ന' കെട്ടിടങ്ങള്‍ മാത്രമേ ആദ്യനോട്ടത്തില്‍ കാണാനുള്ളൂ. റോഡിലെ സൈന്‍ ബോര്‍ഡുകള്‍, ചെറിയ ഉദ്യാനങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ ഓരോ കിലോമീറ്ററിലും കണ്ടു. കുട്ടികളുണ്ടാക്കിയ കളിവീടുകള്‍ പോലെ ഫ്ലാറ്റ് സമുച്ചയങ്ങളും ഓഫീസുകളും ഹോട്ടലുകളും എങ്ങും നിറഞ്ഞുനില്ക്കുന്നു.
വഴിയരുകില്‍ മലയ് ഭാഷയിലെഴുതിയ ഒരു മുന്നറിയിപ്പുബോര്‍ഡ് കണ്ടത് പെട്ടന്ന്, ഒരു വിധത്തില്‍ വായിച്ചെടുത്തു: 'കുരങ്ങന് ലാജു!' ഇംഗ്ലീഷ് അക്ഷരങ്ങളിലുള്ള ഈ അറിയിപ്പിന്റെ അര്‍ത്ഥം 'ഗോ സ്ളോ' എന്നാകുന്നു.
കാണാന്‍ ഏറെയുണ്ട്!
ഇന്ത്യക്കാര്‍ ധാരാളമുള്ള 'ഇന്ത്യന്‍ ടൗണ്‍' മേഖലയിലെ വലിയൊരു ഹോട്ടലിലേക്കാണ് ഹരിനാരായന്‍ സിങ് ഞങ്ങളെ നയിച്ചത്. എല്ലാ സൗകര്യങ്ങളുമുള്ള മുറി. ജനാല തുറന്നാല്‍ നഗരത്തിലെ 'അബരചുബി'കളായ വലിയ കെട്ടിടങ്ങളും താഴെയുള്ള ചെറിയ അമ്പലവും അതിനപ്പുറമുള്ള കടകളും തിരക്കേറിയ റോഡുകളും കാണാം. ഞങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലങ്ങളെക്കുറിച്ച് മുറിയില്‍ വച്ച് ഹരിനാരായണന് വിശദീകരിച്ചു.
പെട്രോണസ് ടവേഴ്സ് അഥവാ ട്വിന്‍ ടവര്‍ എന്ന ഇരട്ട ഗോപുരം, ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയര്‍, കെ.എല്‍. ബേര്‍ഡ്സ് പാര്‍ക്ക്, നാഷണല്‍ മ്യൂസിയം ഓഫ് മലേഷ്യ, കോലാലമ്പൂര്‍ ടവര്‍ എന്ന കെ.എല്‍ ടവര്‍, ഓഷ്യനേറിയം, ചൈനാടൗണ്‍, ബാത്തു ഗുഹകള്‍, ലിറ്റില്‍ ഇന്ത്യന്‍ സ്ട്രീറ്റ്, സര്‍ക്കാര്‍ ആസ്ഥാനമായ പുത്രജയ, ചൈനീസ് അമ്പലങ്ങള്‍, ക്ഷേത്രങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ ഒട്ടേറെ സ്ഥലങ്ങള്‍ കാണാനുണ്ട്.
ഭക്ഷണവും വിശ്രമവും കഴിഞ്ഞ് ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ ഞങ്ങള്‍ നഗരത്തിലേക്കിറങ്ങി.
തട്ടുകടകളുടെ തെരുവ്
നഗരത്തിലെ വിഖ്യാതമായ ജലന്‍ അലോര്‍ നൈറ്റ് ഫുഡ് മാര്‍ക്കറ്റിലേക്ക് ആദ്യം പോകാമെന്ന് ഉറപ്പിച്ചു. അതിന് മെട്രോട്രെയിനില്‍ കയറി ബുക്കിറ്റ് ബിന്റാങ് സ്റ്റേഷനിലേക്ക് പോകണം. ഭംഗിയും വൃത്തിയുമുള്ള ട്രെയിന്‍. ൈഡ്രവറില്ല എന്നത് മറ്റൊരു സംഗതി.
ജലന്‍ അലോറില് എപ്പോഴും തിരക്കാണ്. കോഴിയും പന്നിയും തവളയുമാക്കെ പാത്രങ്ങളില്‍ പൊരിഞ്ഞു കിടക്കുന്നു. ഇവിടുത്തെ ഗ്രില്‍ഡ് ചിക്കന്‍ വിങ്സിന് പേരുകേട്ടതാണ്.
ജലന്‍ അലോറിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം തെരുവു കലാകാരന്മാരുടെ സംഗീതപരിപാടികളാണ്.
ബി.എം.ഡബ്ല്യു കാറിനൊപ്പം ഒരു ഫോട്ടോ!
പാരിലെങ്ങും പ്രസിദ്ധമായ പെട്രോണാസ് ഇരട്ടഗോപുരങ്ങളുടെ രാത്രിയിലെ കാഴ്ച കാണാനാണ് പിന്നീട് പോയതെങ്കിലും ഈ ഗോപുരങ്ങളുടെ തൊട്ടടുത്തുള്ള മറ്റൊരു പ്രശസ്ത സൗധം ആദ്യം കാണാമെന്ന് ഗൈഡും ക്യാപ്റ്റനുമായ ഹരി തീരുമാനിച്ചു. അതാണ് കോലാലമ്പൂര്‍ കണ്വന്ഷന് സെന്റര്‍.
ഏഷ്യയിലെ ഏറ്റവും വിശ്വസനീയവും സുസ്ഥിരവുമായ രാജ്യാന്തര വേദികളില്‍ ഒന്നായി കരുതപ്പെടുന്ന സ്ഥലം.
മൂന്ന് ആസിയാന്‍ ഉച്ചകോടികള്‍ക്ക് 2005, 2010, 2025 വര്‍ഷങ്ങളില്‍ ഈ കേന്ദ്രം വേദിയായി. ഏകദേശം മൂവായിരം പേര്‍ക്കിരിക്കാവുന്ന പ്ലീനറി ഹാള്‍ മുതല്‍ അനേകം പ്രദര്‍ശന ഹാളുകളും വൈവിധ്യമാര്‍ന്ന മീറ്റിങ് റൂമുകളും വരെ ഇവിടെയുണ്ട്.
രാജ്യാന്തര സമ്മേളനമോ, കണ്‍വന്‍ഷനോ, കോര്‍പ്പറേറ്റ് മീറ്റിങ്ങോ, ഒരു പ്രദര്‍ശനമോ നടത്താന്‍ തെക്കുകിഴക്കന്‍ ഏഷ്യയുടെ ഹൃദയഭാഗത്ത് തങ്ങള്‍ നല്കുന്ന അവസരമായിട്ടാണ് അധികാരികള്‍ ഈ കേന്ദ്രത്തെ കണക്കാക്കുന്നത്. സാമ്പത്തികരംഗത്ത് അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന മലേഷ്യയുടെ മറ്റൊരു ഗംഭിര ബിസിനസ് തന്ത്രമായി ഇതിനെ കണ്ടാല്‍ മതി.
യു.എസ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, വെയില്‍സ് രാജകുമാരന്, വെയില്‍സ് രാജകുമാരി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ഇവിടെ വന്നിട്ടുണ്ടെന്നുകൂടി അറിഞ്ഞപ്പോള്‍ ഒരു ഫോട്ടോസെഷന് ഞങ്ങള്‍ തയാറായി.
ഞങ്ങള്‍ ചെല്ലുമ്പോള്‍ ലോകപ്രശസ്ത കാര്‍ നിര്‍മാതാക്കളായ ബി.എം. ഡബ്ല്യുവിന്റെ പുതിയ മോഡലിന്റെ ഡിസ്പേ്ല നടക്കാന്‍ പോവുകയായിരുന്നു.
ഒരു വലിയ കമ്പനിയുടെ പുതിയ മോഡല്‍ കാര്‍ രാജ്യത്ത് പുറത്തിറക്കാന്‍ പോകുന്നതിന്റെ ആഘോഷങ്ങള്‍!
പുതിയ വാഹനം മനോഹരമായ പടുതകൊണ്ടു മൂടിയിട്ടിരിക്കുന്നു. ഞാന്‍ ഒരു വിധത്തില്‍ അതിന്റെയടുത്തു ചെന്ന് ഒരു ഫോട്ടോയെടുത്തു.
ഇരട്ടഗോപുരം എന്ന ലോക വിസ്മയം
സന്ധ്യമയങ്ങിയപ്പോള്‍ ഞങ്ങള്‍ ഒരു ലോകവിസ്മയമായ 'പെട്രോണാസ് ടവര്‍' എന്ന ഇരട്ടഗോപുരം കാണാന്‍ പോയി.
മലേഷ്യയെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരുടെയും മനസില്‍ ആദ്യം വരിക ഈ ഗോപുരങ്ങളുടെ ചിത്രമായിരിക്കും.
തായ്വാനിലെ തായ്പെയില്‍ സ്ഥിതി ചെയ്യുന്ന 101 നിലകളുള്ള ഒരു അംബരചുംബിയായ 'തായ്പെയ് 101' വരുന്നതു വരെ പെട്രോണാസ് ഇരട്ടഗോപുരങ്ങളായിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. ഇപ്പോള്‍ ബുര്‍ജ് ഖലീഫ ആണ് ഏറ്റവും വലിയ കെട്ടിടം. എങ്കിലും 1483 അടി പൊക്കമുള പെട്രോണാസ് ടവര്‍ ഇപ്പോഴും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ടഗോപുരങ്ങള്‍ എന്ന പദവി വഹിക്കുന്നു.
കോണ്‍ക്രീറ്റും ഉരുക്കും ഗ്ലാസും ഉപയോഗിച്ച് അര്‍ജന്റീനക്കാരനായ സീസര്‍ പെല്ലി എന്ന മഹാമനുഷ്യന് രൂപകല്പന നിര്‍വഹിച്ച 88 നിലകളുള്ള ഈ ഗോപുരങ്ങളുടെ നിര്‍മാണം 1998ലാണ് പൂര്‍ത്തിയാക്കിയത്. മലേഷ്യയുടെ ദേശീയ എണ്ണക്കമ്പനിയായ പെട്രോണാസിന്റെ പേരിലുള്ള ഈ ഗോപുരങ്ങളുടെ താഴെ നില്ക്കുമ്പാള് മനുഷ്യാദ്ധ്വാനത്തിന്റെ മഹത്വവും മനോഹാരിതയും വെളിവാകുന്നു. ഗോപുരത്തിന്റെ ഒന്നാം നില മുഴുവനായും പെട്രോണാസ് കമ്പനിയും അതിന്റെ അനുബന്ധ കമ്പനികളും ഉപയോഗിക്കുന്നു. രണ്ടാം നിലയില്‍ ആക്സെഞ്ചര്‍, അല്‍ ജസീറ ഇംഗ്ലീഷ്, ബോയിങ്ങ്, മൈക്രോസോഫ്റ്റ്, റോയിട്ടേഴ്സ് എന്നിവയുടെ ഓഫീസുകളാണ്. ഗോപുരങ്ങളുടെ 41, 42 നിലകളിലുള്ള ആകാശപ്പാലമാണ് ഏറ്റവും വലിയ പ്രത്യേകത. ഇവിടെ നിന്നാല്‍ നഗരം മുഴുവന്‍ കാണാം.
കാഴ്ചകളുടെ ഉത്സവം
സന്ധ്യ കഴിഞ്ഞപ്പോഴേക്കും ടവറും ചുറ്റുപാടുകളും വര്‍ണദീപങ്ങളാല്‍ പ്രകാശിതമായി. ഗോപുരത്തിനു ചുറ്റുമുള്ള അനേകം കെട്ടിടങ്ങളില്‍നിന്നുള്ള വെളിച്ചം കൂടിയാകുമ്പോള്‍ കാഴ്ചയുടെ ഉത്സവം തുടങ്ങുകയായി. ആ തിരക്കില്‍, വെളിച്ചത്തില്‍ കുളിച്ച് ഞങ്ങളും മുമ്പോട്ടു നീങ്ങി.
ഏറ്റവും താഴത്തെ നിലയില്‍ ഷോപ്പിങ് മാള്‍ ഉണ്ട്.
കൊച്ചുകുട്ടികള്‍ക്ക് കളിക്കാന്‍ ആവശ്യമായ സ്ഥലവും അവിടെക്കണ്ടു. സാധനങ്ങള്‍ വാങ്ങാനും കാഴ്ചകള്‍ കാണാനുള്ള തിരക്ക് കൂടിക്കൊണ്ടിരുന്നു. ഈ ഗോപുരങ്ങള്‍ക്കു താഴെ 17 ഏക്കറിലായി പരന്നുകിടക്കുന്ന കെ.എല്‍.സി.സി. പാര്‍ക്കിലും ദീപങ്ങള്‍ മിനിത്തെളിഞ്ഞു. ആകാശത്ത് പൂത്തിരികള്‍ കത്തിയമരാന്‍ തുടങ്ങി. പാര്‍ക്കിലെ ജോഗിങ്ങിനുള്ള സൗകര്യമൊരുക്കുന്ന നടവഴികളിലും കൃത്രിമ അരുവിയുടെ കരയിലും കുട്ടികള്‍ക്കുള്ള കളിസ്ഥലത്തും നക്ഷത്രദീപങ്ങള്‍ പുഞ്ചിരിച്ചു.
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ മൈതാനത്തിന് നടുവിലെ തടാകത്തിലുള്ള ജലധാരായന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഏതൊക്കെയാ കോണുകളില്‍നിന്ന് മലേഷ്യന്‍ സംഗീതവും ഒഴുകിവന്നു. സംഗീതത്തിന്റെ അകമ്പടിയോടെ ഫൗണ്ടനുകള്‍ നൃത്തമാടാന്‍ തുടങ്ങിയപ്പോള്‍ നൂറുകണക്കിന് കാഴ്ചക്കാര്‍ അങ്ങോട്ടണഞ്ഞു. ആകാശത്തെ ചുംബിക്കുന്ന ഇരട്ടഗോപുരങ്ങളുടെ നിറങ്ങള്‍ അനുനിമിഷം മാറിക്കൊണ്ടിരുന്നു.
ആ തിരക്കിനിടയില്‍ ഒരു പെണ്‍കുട്ടി ബാഗുമായി മൈതാനത്തിന്റെ ഒരു കോണിലേക്ക് വന്നു. അവള് ബാഗ് തുറന്ന് ഒരു പൊതി പുറത്തെടുത്ത് തുറന്നു വച്ച് കഴിച്ചുതുടങ്ങി. അത് മറ്റൊന്നുമായിരുന്നില്ല നല്ല ചക്കപ്പഴങ്ങള്‍! കൈയിലെ ചക്കപ്പഴങ്ങളെല്ലാം തീര്‍ന്നപ്പോള്‍ ചക്കക്കുരുവും ചകിണിയും മൈതാനത്തിന്റെ കോണിലെ ചവറ്റുകുട്ടയിലിട്ട ശേഷം ടവ്?വല്‍ കൊണ്ട് മുഖം തുടച്ച് ഒന്നും സംഭവിക്കാത്തമട്ടില്‍ അവള് ജനക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്നു.
കെ.ആര്. പ്രമോദ്



