2010-ല്‍ പാലാ കിടങ്ങൂര്‍ ഗ്രാമത്തില്‍ നിന്ന് ഒരു ഇരുപത്തിരണ്ടുകാരന് മുംബൈയിലേക്ക് വണ്ടി കയറുന്നു.
മനസില്‍ സിനിമയുടെ വിഷ്വല്‍ സാങ്കേതിക മേഖല കരിയറായി സ്വപ്നംകണ്ട അദ്ദേഹത്തിന്റെ കൈവശം അപ്പോളുണ്ടായിരുന്നത് വിഷ്വല്‍ മേഖലയില്‍ നേടിയ ബിരുദം മാത്രം. പക്ഷേ, കാലം അദ്ദേഹത്തിനായി കാത്തുവച്ചത് സിനിമയുടെ വി.എഫ്.എക്സ് (വിഷ്വല്‍ എഫക്ട്) മേഖലയില്‍ തിളക്കമാര്‍ന്ന കരിയറാണ്. ബോളിവുഡില്‍ വിക്കി കൗശലിന്റെ 'മസാന്', കങ്കണ റണാവത്തിന്റെ 'ക്വീന്‍ ' എന്നീ ചിത്രങ്ങളിലൂടെ വി.എഫ്.എക്സ് ഡയറക്ടര്‍ എന്ന നിലയില്‍ ബോളിവുഡില്‍ സ്വന്തമായ ഇരിപ്പിടം കണ്ടെത്തിയ ജിഷ്ണു പി. ദേവ് എന്ന മലയാളിയെ ഇന്ന് മലയാളികളും അറിയും...100 കോടി ആഗോള കളക്ഷന്‍ നേടി മുന്നേറുന്ന 'ആട്-3'യുടെ വി.എഫ്.എക്സ്. ഡയറക്ടര്‍ എന്ന നിലയില്‍.
നിരവധി ബോളിവുഡ് ചിത്രങ്ങള്‍ ചെയ്തുവെങ്കിലും മാതൃഭാഷയില്‍ മികച്ച ഒരു ചിത്രം എന്നത് ജിഷ്ണുവിന്റെ സ്വപ്നമായിരുന്നു. അത് 'ആട്-3'ലൂടെ സഫലമായി. വി.എഫ്.എക്സ് ഡയറക്റിലേക്കുള്ള യാത്ര ജിഷ്ണു മംഗളവുമായി പങ്കുവയ്ക്കുന്നു.
? ആട്-3യിലേക്ക് എത്തിയതെങ്ങനെ.
ചിത്രത്തിന്റെ നിര്‍മാതാവായ വിജയ്ബാബുവിന്റെ സഹോദരന് വിനയ്ബാബുവാണ് എന്നെ ആട്-3-ലേക്ക് ക്ഷണിക്കുന്നത്. അദ്ദേഹം എന്റെ ബോളിവുഡ് ചിത്രങ്ങള്‍ മിക്കവയും കണ്ടിരുന്നു. അതിന്റെ ക്വാളിറ്റിയില്‍ വിശ്വാസമര്‍പ്പിച്ചാണ് വിളിക്കുന്നത്.
? വി.എഫ്.എക്സ് ഡയറക്ടറുടെ പ്രധാന വെല്ലുവിളി എന്താണ്.
സമയം...സമയമാണ് ഏറ്റവും വലിയ വെല്ലുവിളി. ഹെവി വി.എഫ്.എക്സ് ആവശ്യമുള്ള 'ആടി'നെ സംബന്ധിച്ച് കഴിഞ്ഞ ജനുവരി പകുതിവരെയും ഷൂട്ടിങ് നടന്നു. ക്ലൈമാക്സ് ഉള്‍പ്പെടെ 28 ദിവസം മാത്രമാണ് കിട്ടിയത്. മാര്‍ച്ച് 19 റിലീസിങ് ചെയ്യേണ്ട ചിത്രത്തില്‍ 18 വരെ ചില കാര്യങ്ങളില്‍ വര്‍ക്ക് ചെയ്യേണ്ടിവന്നു. ബജറ്റ്, സമയം, ക്വാളിറ്റി എന്നിവയാണ് ഏറ്റവും വലിയ വെല്ലുവിളി. പതിനഞ്ചോളം സ്റ്റുഡിയോകളിലായിട്ടാണ് ആട്-3 തീര്‍ക്കുന്നത്. തിരുവനന്തപുരം മുതല്‍ കൊച്ചിവരെയും, ഹൈദരാബാദ്, മുംബൈ എന്നീ മേഖലകളിലായിട്ടുള്ള സ്റ്റുഡിയോകളിലാണ് വര്‍ക്ക് നടന്നത്. ഇതെല്ലാം വ്യത്യസ്ത ക്വാളിറ്റിയുള്ളവയാണ്. ഈ വ്യത്യസ്ത ക്വാളിറ്റികളില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് ഒറ്റ ക്വാളിറ്റിയില്‍ ആക്കുക എന്നത് ഒരു ടാസ്ക് തന്നെയായിരുന്നു.
? മലയാള സിനിമ പോലെ കുറഞ്ഞ ബജറ്റ് ചിത്രങ്ങള്‍ എടുക്കുന്ന വ്യവസായത്തില്‍ വി.എഫ്.എക്സിന്റെ സാധ്യത പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിന്നുണ്ടോ.
മലയാള സിനിമ ലോ ബജറ്റ് ചിത്രങ്ങള്‍ എടുക്കുന്ന വ്യവസായമാണെന്ന് ഇന്ന് പറയാന്‍ പറ്റില്ല. ബാഹുബലി ഇറങ്ങിയ ശേഷം വി.എഫ്.എക്സ്. മേഖലയില്‍ വന്‍ മാറ്റമാണ് ഉണ്ടായത്. അതിനുമുമ്പ് വി.എഫ്.എക്സ് എന്താണെന്നു പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ബ്രഹ്മാണ്ഡ ചിത്രം വി.എഫ്.എക്സിന്റെ സാധ്യതകള്‍ കുത്തനെ കൂട്ടി. കൂടാതെ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളും, സാറ്റ്ലൈറ്റ് റൈറ്റുകളും വന്നതോടെ ബിസിനസ് വളര്‍ന്നു. നിര്‍മാതാക്കള്‍ക്ക് പണം മുടക്കിയാല്‍ തിരിച്ചുകിട്ടും എന്ന ആത്മവിശ്വാസം കൈവന്നു. കോവിഡിനു ശേഷം ഒരുപാട് പേര് അന്യഭാഷാ ചിത്രങ്ങള്‍ കാണുന്ന സാഹചര്യമുണ്ടായി. അതോടെ റീജിയണല്‍ സിനിമ എന്ന സങ്കല്പം അവസാനിച്ചു. മലയാള സിനിമ ഇറങ്ങുമ്പോള്‍ തന്നെ കാത്തിരുന്ന് ഇന്ത്യയിലെ വിവിധ മേഖലയിലുള്ളവര്‍ കാണുന്നുണ്ട്.
? വി.എഫ്.എക്സിന്റെ കടന്നുവരവോടെ സിനിമാ നിര്‍മാണത്തിനായി വരുന്ന ചെലവ് ഗണ്യമായി കുറഞ്ഞോ.
വി.എഫ്.എക്സ്. വന്നതോടെ ഏതു കഥയും എടുത്ത് എന്തും ചെയ്യാം എന്ന അവസ്ഥ വന്നു. ഇതിന്റെ പേരില്‍ നിര്‍മാണ ചെലവ് കൂടിയിട്ടില്ല. പണ്ട് ചിന്തിച്ചുകൊണ്ടിരുന്ന കഥയല്ല ഇന്ന് ചിന്തിക്കുന്നത്. ഇന്ന് ഒരു ബാഹുബലി വി.എഫ്.എക്സ്. ഇല്ലാതെ ചെയ്യാന്‍ കഴിയില്ല. ഒരു മൃഗത്തെയോ മനുഷ്യനെയോ ചിത്രീകരണത്തിന്റെ ഭാഗമായി ഉപദ്രവിക്കാന്‍ കഴില്ല. ഇന്ന് വളരെ റിയലിസ്റ്റിക്കായി അത് അങ്ങനെ നടന്നുവെന്ന് കാണിക്കാന്‍ സാധിക്കുന്നു. പണ്ട് ഒരാളെ വെടിവച്ച് വീഴ്ത്തുന്ന രംഗം ശബ്ദം കേള്‍പ്പിച്ച ശേഷം മറിഞ്ഞു വീണു മരിക്കുന്നതായിട്ടാണ് കാണിച്ചുകൊണ്ടിരുന്നത്. പക്ഷേ ഇന്ന് ബുള്ളറ്റ് ശരീരത്തില്‍ തുളച്ചു കയറുന്ന രംഗങ്ങള്‍ വളരെ റിയലിസ്റ്റിക്കായി കാണിക്കാന്‍ സാധിക്കുന്നു. കൊച്ചു കുട്ടികളെയും മൃഗങ്ങളെയും വച്ച് ഷൂട്ട് ചെയ്യുക എന്നത് ഏതൊരു സംവിധായകരുടെയും പേടിസ്വപ്നമാണ്. ഒരു മൃഗം എങ്ങനെ ബിഹേവ് ചെയ്യുമെന്നോ, ഒരു കുഞ്ഞുകുട്ടി എങ്ങനെ പ്രതികരിക്കുമെന്നോ നമുക്ക് പ്രവചിക്കാന്‍ കഴിയില്ല. ഒരു ദിവസം ഒരു മൃഗത്തെവച്ച് ഷൂട്ട് ചെയ്യാനുള്ള ചെലവ് പത്ത് ലക്ഷമാണ് എന്നു കരുതുക. എന്നിരുന്നാല്ക്കൂടി വിചാരിക്കുന്നപോലെ അത് ചെയ്തു തീര്‍ക്കാന്‍ കഴിയില്ല. അതേ സമയം ആ ഷോട്ട് വി.എഫ്.എക്സുപയോഗിച്ച് രണ്ട് ലക്ഷം രൂപയ്ക്ക് ചെയ്തു തീര്‍ക്കാം. സമയവും ലാഭം. അതാണ് വ്യത്യാസം.
? വി.എഫ്.എക്സ്. ചിത്രീകരണ മേഖലയില്‍ എത്രത്തോളം റിയലിസ്റ്റിക് ആയിട്ടുണ്ട്.
ഇന്ന് എന്തും ചിന്തിക്കാം, ഏതു ലെവലില്‍ വേണമെങ്കിലും വി.എഫ്.എക്സ് ചെയ്യാം. വിഷ്വല്‍ ക്വാളിറ്റിയില്‍ ചെയ്യാം. പണ്ട് മൃഗയ പോലെയുള്ള ചിത്രങ്ങള്‍ അതീവ റിസ്ക് എടുത്ത് ചെയ്തതാണ്. ആ പുലിയുമായിട്ടുള്ള രംഗങ്ങള്‍ അഭിനേതാക്കള്‍ക്കൊപ്പമാണ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. പണ്ട് ഒരു മൃഗത്തെയോ പക്ഷിയോ കൊല്ലണമെങ്കില്‍ അത് യഥാര്‍ഥമായി കൊലപ്പെടുത്തണമായിരുന്നു. ഒരു ഷോട്ടിനു വേണ്ടി ഒരു ജീവന് എടുക്കുക എന്ന ക്രൂരത. ഇന്ന് അതിന്റെ ആവശ്യമില്ല. നമ്മുടെ മുമ്പേ നടന്നുപോയവര്‍ വളരെ കഷ്ടപ്പെട്ടാണ് ചിത്രീകരണം ചെയ്തിരുന്നത്. വളരെ ദുര്‍ബലമായ സാങ്കേതികവിദ്യവച്ചുകൊണ്ടാണ് അവര്‍ ചിത്രങ്ങള്‍ എടുത്തിരുന്നത്. ഇന്ത്യയിലെ ആദ്യ 3ഡി. ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്ത് ഭംഗിയായിട്ടാണ് ചെയ്തിരിക്കുന്നത്. അന്നത്തെ സാങ്കേതിക വിദ്യ വച്ചുകൊണ്ട് അവര്‍ എങ്ങനെ ഇത്ര മികച്ചതായി ചിത്രീകരിച്ചു എന്നത് എനിക്ക് അത്ഭുതമാണ്.
? കാഴ്ചയിലും ആസ്വാദനത്തിലും മലയാളി പ്രേക്ഷകര്‍ മാറിയോ.
ലോക സിനിമ കാണുന്നവരാണ് മലയാളികള്‍. ഹോളിവുഡ് ചിത്രങ്ങളോടാണ് സാങ്കേതികവിദ്യ ഇന്ന് മലയാളി പ്രേക്ഷകര്‍ താരതമ്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചിത്രീകരണത്തിന്റെ സാങ്കേതികവിദ്യ വളര്‍ന്നു. റീജിയണല്‍ സിനിമ എന്നതില്‍ നിന്ന് ഗ്ലോബല്‍ സിനിമ എന്ന നിലയിലേക്ക് മലയാള സിനിമ മാറി. മലയാളികളുടെ അറ്റന്ഷന് സ്പാന്‍ കുറഞ്ഞു വരുകയാണ്. റീലുകള്‍ കാണുന്ന പ്രേക്ഷകര്‍ ആദ്യത്തെ മിനിറ്റുകള്‍ തുടങ്ങി സിനിമയെ വിലയിരുത്തും. അവിടെ അല്‍പ്പം സാവധാനം ചിത്രം തുടങ്ങിയാല്‍ 'ലാഗ്' ആണെന്നു പറയും. അതുകൊണ്ടുതന്നെ ആദ്യ സീന്‍ മുതല്‍ ചിത്രം മികച്ചതാകണം.
? പ്രഫഷനായി വി.എഫ്.എക്സിനെ എങ്ങനെ കാണുന്നു.
സിനിമ പകുതി ടാലന്റും പകുതി ഭാഗ്യവുമാണ്. ഒരു അവസരം ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. അതുപോലെ അത് എങ്ങനെ മികച്ച രീതിയില്‍ ചെയ്തു തീര്‍ക്കാം എന്നതും ഒരു ഘടമാണ്. ആടിന്റെ ജോലികള്‍ ചെയ്ത ഭൂരിപക്ഷം സ്റ്റുഡിയോകളും നമ്മുടെ നാട്ടിലാണ്. അതില്‍ ജോലി ചെയ്ത 95% തൊഴിലാളികളും മലയാളികളാണ്. ഈ നാട്ടില്‍ പഠിച്ചവരാണ്. ഈ നാട്ടില്‍ ഈ മേഖലയില്‍ മികച്ച പ്രഫഷണലുകളുണ്ട്. മികച്ച വി.എഫ്.എക്സിന് അവാര്‍ഡ് ലഭിച്ച 'ലോക' സിനിമയുടെ പ്രവര്‍ത്തകര്‍ മലയാളികളായിരുന്നു.




