അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ജനാധിപത്യകാലത്തെ മഹാബലി പ്രജകളെ കാണാനെത്തുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ സുഖാലസ്യം പൂണ്ട് അഹങ്കാര വിജൃംഭിതരായും അഞ്ചുവര്‍ഷം വിരാജിച്ച രാജകുമാരന്മാര് ജനങ്ങള്‍ക്ക് ദര്‍ശനം നല്കുന്ന ആഹ്ളാദവേള. അവര്‍ ഓടിവന്ന് കെട്ടിപ്പിടിക്കും; കവിളില്‍ നുള്ളും, അതിരുകവിഞ്ഞ സ്നേഹപ്രകടനങ്ങളാല്‍ ശ്വാസം മുട്ടിച്ചെന്നുംവരും. തോട്ടക്കാരന് തോട്ടത്തിലെ പൂ പറിക്കാം. ചെടി വേരോടെ പിഴുതെടുക്കുന്നവരെ വര്‍ജിക്കണം എന്നാണ് നികുതിപിരിവിനെക്കുറിച്ച് അര്‍ത്ഥശാസ്ത്രകാരന്‍ പറയുന്നത്. ഖജനാവിലെ ധനം ധൂര്ത്തടിക്കുന്നവര്, സ്വജനപക്ഷപാതക്കാര്, പ്രിയം പറയുന്നവര്‍ക്കായി മാത്രം കാതുകൊടുക്കുന്നവര്‍, മധുരവാഗ്ദാനങ്ങള്‍ കോരിച്ചൊരിയുന്നവര്‍-ഇവരെ ഒഴിവാക്കുന്നതാണ് ബുദ്ധി. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്നവരെ ശ്രദ്ധിക്കണം. മരണ-വിവാഹച്ചടങ്ങുകളില്‍ ഓടിക്കയറിവന്ന് ഫോട്ടോയില്‍ മുഖം കാണിക്കുന്നതല്ല ജനസേവനം. സ്ഥാനാര്‍ഥിയെ പരീക്ഷിച്ചറിയേണ്ടതുണ്ട്. പാര്‍ട്ടിയെന്ന അമൂര്‍ത്ത രൂപത്തിന്റെ ആലഭാരങ്ങളേക്കാള് വ്യക്തിയുടെ ഗുണമേന്മകളെയാണ് പരിഗണിക്കേണ്ടത്. അഞ്ചാംവര്‍ഷം പ്രജകള്‍ക്കായി റോഡ് ഷോ നടത്തുന്നവര്‍ എത്ര വലിയ കൊമ്പന്മാരാണെങ്കിലും കരുതിയിരിക്കണം. കലിബാധിതനായ നളനെപ്പോലെ പരീക്ഷണങ്ങള്‍ പലതുണ്ടാവാം പ്രജകള്‍ക്ക്. വ്യാജനെ തിരിച്ചറിയാനാവാത്തവിധം പഞ്ചനളത്വം, തെരഞ്ഞെടുപ്പില്‍ നിരക്കുമ്പോഴും ആരുടെ പാദമാണ് മണ്ണില്‍ സ്പര്‍ശിക്കുന്നതെന്ന് നോക്കുക. കക്ഷിരാഷ്ട്രീയത്തിന്റെ ഇടുക്കുതൊഴുത്തില്നിന്ന് മനസുകൊണ്ടെങ്കിലും പുറത്തിറങ്ങുക. സ്വതന്ത്ര മനസോടെ, ബുദ്ധിയോടെ, ജനാധിപത്യ അവകാശം വിനിയോഗിക്കുക.
മാധ്യമപ്രവര്‍ത്തനമെന്ന പാവക്കൂത്ത്
കോര്‍പ്പറേറ്റ് അജന്‍ഡകളുടെ ചരടുകള്‍ക്കനുസരിച്ച് ചലിക്കുന്ന പാവകളുടെ ആകര്‍ഷകമായ പ്രകടനമായിരിക്കുന്നു മാധ്യമപ്രവര്‍ത്തനം. മരക്കമ്പിലിരുന്ന് അതിന്റെ കടയ്ക്ക് കോടാലി പ്രയോഗിച്ച മണ്ടനെ കാളിദാസനാക്കി വാഴിച്ച ചരിത്രമുണ്ട്. ഒരു മുഖ്യധാരാ പ്രസിദ്ധീകരണം ആത്മഹത്യാപരമായ പക്ഷപാതിത്വംകൊണ്ട് തങ്ങളുടെ കടയ്ക്കുതന്നെ കത്തിവയ്ക്കുന്നത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. പത്രാധിപരുടെ വാതില്‍ തുറപ്പാട്ട് മുതല്‍ വെബിനിവേശംവരെ ഏകമുഖമായി ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ജിന്‍ കെട്ടിയ കുതിരയെപ്പോലെ മാര്‍ച്ച് ചെയ്യുന്നു. ഇറാന്-ഇസ്രയേല്‍ യുദ്ധത്തില്‍ പക്ഷം ചേര്‍ന്നുകൊണ്ടുള്ള ലേഖനങ്ങള്‍, കവിത, പംക്തികള്‍ എല്ലാറ്റിനും ഒരേ മടുപ്പിക്കുന്ന സ്വാദ്. എതിര് ശബ്ദങ്ങള്‍ക്ക് ഇടംകൊടുക്കുന്നതേയില്ല. കഥയും ആത്മകഥയും ബാലപംക്തിയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നു പറയാം. കമ്മീഷന്‍ഡ് റൈറ്റിങ്ങിന്റെ ഇക്കാലത്ത് യജമാനപ്രീതി അനിവാര്യമാണ്. എന്നാല്‍ ഹിഡന്‍ അജന്‍ഡകളാല്‍ ഭരിക്കപ്പെടുന്ന സാംസ്കാരിക പത്രപ്രവര്‍ത്തനവും പാവക്കൂത്താകുന്നു. യജമാനന് ഇരുട്ടിലാണ്; പിന്നാമ്പുറത്താണ്!
(മാതൃ. ആഴ്ച. മാര്‍ച്ച് 22).
കമല്‍ഹാസന്റെ 'അണയാത്ത നെരുപ്പ്'
കമല്‍ഹാസന്റെ സര്‍ഗാത്മകത ഇന്നും 'അണയാത്ത നെരുപ്പാണെന്ന് വെളിവാക്കുന്നതാണ് ആനന്ദ വികടനില്‍ അദ്ദേഹം എഴുതിയ 'അണയാത്ത തീ' എന്ന രചന. ധര്‍മ്മ സംരക്ഷകനായ ശ്രീരാമന് ഭാര്യ സീതയോട് ചാരിത്ര്യശുദ്ധി തെളിയിക്കാന്‍ അഗ്നി പരീക്ഷയ്ക്ക് ആവശ്യപ്പെടുന്നു. അഗ്നിപരീക്ഷാ വേളയില്‍ അഗ്നിദേവന് നടത്തുന്ന ആത്മഗതമായിട്ടാണ് കഥ വികസിക്കുന്നത്. മഹാഭാരതത്തിലെ ദ്രൗപദി അഗ്നിപുത്രിയാണത്രെ. ഈ മിത്തിനെ അടിസ്ഥാനമാക്കി ദ്രൗപദിയെ സീതാ പുത്രിയായി കമല്ഹാസന് ഈ കഥയില്‍ ആവിഷ്കരിക്കുന്നു. അശോകവനത്തില്‍ രാത്രിനേരം തണുപ്പകറ്റാന്‍ കാവല്ക്കാര് അഗ്നികുണ്ഡം ഒരുക്കി. കാവല്ക്കാര് ഉറങ്ങുമ്പോള്‍ സീതയും അഗ്നിയും മുഖാമുഖം നോക്കി ഉണര്‍ന്നിരിക്കുന്നു. പുതിയ കാലത്തിലേക്കും ജീവിതാവസ്ഥകളിലേക്കും ആളിപ്പടരുന്ന എഴുത്ത്.
രണ്ട് ആത്മകഥനങ്ങള്‍
പ്രതിഭയുടെയും വ്യക്തിത്വഗരിമയുടെയും രണ്ട് വ്യത്യസ്ത ആവിഷ്കാരങ്ങളാണ് മേതില്‍ രാധാകൃഷ്ണനും എം.എന്‍. കാരശേരിയും. മേതില്‍ എന്ന പ്രതിഭയുടെ ധൂര്‍ത്തപുത്രനെ സൂര്യവംശം മുതല്ക്കേ എനിക്ക് പ്രിയമുണ്ട്. എഴുപതുകളില്‍ സൂര്യവംശം വായിച്ച് സാഹിത്യസദസുകളില്‍ ആവേശപൂര്‍വം പ്രസംഗിച്ചതോര്‍ക്കുന്നു. വൈക്കം ചന്ദ്രശേഖരന്‍നായര്‍, കെ.എം. തരകന് തുടങ്ങിയവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. നമ്മുടെ എഴുത്തുകാരിലുള്ള ദുര, ആര്‍ത്തി, കാപട്യം എന്നിവ തൊട്ടുതീണ്ടാത്തയാളാണ് കാരശേരി. ഒരുലക്ഷം രൂപയുടെ പ്രഫ. എം.പി. മന്മഥന് അവാര്‍ഡ് കാരശേരിക്ക് സമ്മാനിച്ചപ്പോള്‍, പോക്കറ്റില്‍നിന്ന് ഒരുരൂപകൂടി ചേര്‍ത്ത് മടക്കിത്തന്നയാളാണ് കാരശേരി. മാതൃഭൂമി വാരാന്ത്യത്തിന്റെ അകത്തും പുറത്തുമായി ഇവരെ വായിച്ചത് താത്പര്യപൂര്‍വമാണ്(അതിദീര്‍ഘവും വിരസവുമായ രചനകളാല്‍ ക്ലേശിച്ചിരിക്കുമ്പോഴാണ് വേനല്‍മഴപോലെ ഈ വായനാനുഭവം). ഒരാള്‍ അകവും മറ്റേയാള്‍ പുറവും പറയുന്നു. സ്വന്തം ജീവിതം വേസ്റ്റാണെന്നും തന്റെ എഴുത്ത് എന്ജിനീയറിങ്ങാണെന്നുമൊക്കെ കൃത്യമായി പറയുന്നു മേതില്‍. ന്യൂനപക്ഷമാണ് എപ്പോഴും ശരിയെന്ന് ഉറക്കെപ്പറയാന്‍ മേതിലിനേ കഴിയൂ. എന്‍.വി. മടക്കി കവി ജി. പ്രസിദ്ധീകരിച്ചതും കൗതുകമാണ്. സാഹിത്യരചന മത്സരമല്ലെന്നും ഓരോരുത്തരും ഓരോ കളിയാണ് കളിക്കുന്നതെന്നും മേതില്‍. അതേ; കാരശേരി ഫുട്ബോള്‍ കളിക്കുമ്പോള്‍ മേതില്‍ ക്രിക്കറ്റു കളിക്കുന്നു. ഗ്യാലറിക്ക് ഇതില്‍ ഇടപെടാനാവില്ലതന്നെ! (മാതൃ. വാരാന്ത്യം മാര്‍ച്ച് 15).
ഡല്‍ഹി മന്നം സ്മൃതി മണ്ഡപം
കേരളത്തിന് പുറത്തുള്ള എന്‍.എസ്.എസ്. പ്രസ്ഥാനങ്ങള്‍ ഇന്നും പെരുന്ന എന്‍.എസ്.എസിന് അസ്പൃശ്യരാണ്. എന്നാല്‍ ഡല്‍ഹി എന്‍.എസ്.എസ്, ഭിലായ് എന്‍.എസ്.എസ്, ബഹറിന്‍ എന്‍.എസ്.എസ്., എറണാകുളം കരയോഗം തുടങ്ങിയ ചില പ്രസ്ഥാനങ്ങള്‍ മലയാളിയുടെ അഭിമാനകേതുക്കളായി വിരാജിക്കുന്നവയത്രെ. പെരുന്നയിലെ മന്നം സമാധിയില്‍ ഉപരാഷ്ട്രപതി, ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് തുടങ്ങിയവര്‍ക്കുപോലും പ്രവേശനാനുമതി കിട്ടിയില്ല. ഈ പശ്ചാത്തലത്തിലാണ് കര്മ്മകുശലനായി പ്രസിഡന്റ് എം.കെ.ജി. പിള്ളയുടെ നേതൃത്വത്തില്‍ ഡല്‍ഹി എന്‍.എസ്.എസ്. മന്നത്തിന് സ്മാരകവും സ്മൃതിമണ്ഡപവും ഒരുക്കുന്നത്. പ്രശസ്ത മ്യൂസിയോളജിസ്റ്റ് ജോണ്‍ ഫിലിപ്പോസ് സങ്കല്പനം ചെയ്യുന്ന സ്മൃതിമണ്ഡപത്തിന് ബംഗാള്‍ മുന്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് തറക്കല്ലിടും. (മനോ. മാര്‍ച്ച് 16).
സുമാര്‍ അഴീക്കോട്
'സുകുമാരന്‍' എന്നു വിളിച്ചതിന് ഡോ. കെ. ഭാസ്കരന്‍നായരുടെ പേരിന്റെ അവസാന ചില്ലക്ഷരം തിരിച്ചെടുത്ത് പ്രതികാരം ചെയ്ത അഴീക്കോടിന്റെ വീരസ്യം കേട്ടിട്ടുണ്ട്. അഴീക്കോടിനെ അനുകരിച്ചയാളെ 'സുമാര്‍' അഴീക്കോടെന്ന് നാട്ടുകാര്‍ വിളിച്ചതിനെക്കുറിച്ച് കെ.സി. നാരായണന്. വാസ്തവത്തില്‍ ഈ ബിരുദം ജയരാജ് വാര്യര്‍ക്ക് അവകാശപ്പെട്ടതത്രെ. അഴീക്കോടും ജയരാജും ട്രെയിനില്‍ യാത്ര ചെയ്യുന്നു. ഓരസ്ഥലത്തേക്കാണ് തങ്ങളുടെ യാത്രയെന്നറിഞ്ഞപ്പോള്‍ അഴീക്കോട് ജയരാജിനോട് പറഞ്ഞുവത്രെ: ''നമ്മള് രണ്ടുപേരുംകൂടി അവിടെ ആവശ്യം വരില്ല. ഞാന്‍ മടങ്ങാം...'' കെ.സി. നാരായണന്റെ പംക്തി ചോദ്യോത്തര പംക്തിയായി പരിണമിച്ചിരിക്കുന്നു. ചോദ്യം ചോദിക്കാന്‍ മാത്രം അവതാരമെടുത്ത ചിലര്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നു. നന്നായി ചോദ്യമില്ലാതെ എങ്ങനെ ഉത്തരമുണ്ടാവും? പംക്തിതന്നെ നിലച്ചുപോകും. മുന്‍ പത്രാധിപരായ പംക്തിക്കാരനെ വെള്ളം കുടിപ്പിക്കാതെ നിരന്തരം നിസാരമായ ചില ചോദ്യങ്ങളെങ്കിലും ഉന്നയിച്ച് സംഘാടകരോട് സഹകരിക്കുന്നതാവും നന്ന്! (മാതൃ. ആഴ്ച. മാര്‍ച്ച് 22).
സാരാഭായ് വിസ്മയങ്ങള്‍
51-ാം വയസില്‍ കോവളത്തെ ഹാന്സിയന് പാലസില്‍ നെഞ്ചിലൊരു പുസ്തകവുമായി ഉറക്കത്തിലായിരുന്ന വിക്രംസാരാഭായി പിന്നീട് ഉണര്‍ന്നതേയില്ല. അഹമ്മദാബാദിലെ അതിസമ്പന്ന കുടുംബത്തിലായിരുന്നു സാരാഭായിയുടെ ജനനം. നഗരഹൃദയത്തില്‍ 50 മുറികളുള്ള റിട്രീറ്റ് എന്ന കൂറ്റന്‍ ബംഗ്ലാവില്‍ നഴ്സറി സ്കൂള്‍വരെ ഉണ്ടായിരുന്നു. ഓരോ കുടുംബാംഗത്തിനും സ്വന്തം കുതിര, ക്രിക്കറ്റ്-ടെന്നീസ് ഗ്രൗണ്ടുകള്‍, കുളിക്കടവ് എന്നിവയുണ്ടായിരുന്നു. 18-ാം വയസില്‍ കേംബ്രിഡ്ജില്‍ അഡ്മിഷന് സാരാഭായിക്ക് ശിപാര്ശക്കത്തെഴുതിയത് ടാഗോര്‍ ആയിരുന്നു. ഹോമിഭാഭയുമായുണ്ടായ കൂടിക്കാഴ്ചയോടെ വിക്രമിന്റെ ജീവിതം മാറിമറിഞ്ഞുപോയി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതൃത്വം സാരാഭായിക്കാണ്. ഐ.ഐ.എം, ഐ.എസ്.ആര്.ഒ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ആരംഭിക്കാനും നേതൃത്വം നല്‍കാനും സാരാഭായിക്ക് കഴിഞ്ഞുവെന്ന് വി.ഡി. ശെല്‍വരാജ് (പ്രഭാതരശ്മി-ഫെബ്രു.).
ദീക്ഷിതരെ മറന്ന് വേടനെ പഠിക്കുന്ന കാലം
മുത്തുസ്വാമി ദീക്ഷിതര്‍ ചെറുപ്പത്തില്‍ ഏഴുകൊല്ലം കാശിയില്‍ ജീവിച്ച് സംസ്കൃതവും ഉത്തരേന്ത്യന്‍ സംഗീതവും അഭ്യസിച്ചിരുന്നു. ഈ പഠനം അദ്ദേഹത്തിന്റെ സംഗീതത്തിന് പാന്‍ ഇന്‍ഡന്‍ ഔട്ട്ലുക്ക് നല്‍കിയെന്ന് ടി. പത്മനാഭന്. ഹിന്ദുസ്ഥാനിയിലെ ജയ് ജയ് വന്തി അങ്ങനെയാണ് ദീക്ഷിതര്‍ കര്‍ണ്ണാട്ടിക്കില്‍ ദ്വിജാവന്തി എന്ന പേരില്‍ സന്നിവേശിപ്പിച്ചത്. സ്വാതി തിരുനാളിന്റെയും മുത്തുസ്വാമി ദീക്ഷിതരുടെയും ഈ ദിശയിലുള്ള സംഗീത സംഭാവനകളെക്കുറിച്ച് ഇനിയും ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. ഇതിനു മുന്‍കൈയെടുക്കേണ്ട നമ്മുടെ യൂണിവേഴ്സിറ്റികള്‍ വേടന്റെ സംഗീത സംഭാവനകളാണ് പാഠപുസ്തകമാക്കാന്‍ വെമ്പുന്നത്. നമ്മുടെ ഭാവിതലമുറയെ ദൈവം രക്ഷിക്കട്ടെയെന്നും ടി. പത്മനാഭന് (കലാകൗമുദി മാര്‍ച്ച്. 8).
ടി. പത്മനാഭന്-കഥയിലെ രാമനാഥന്
മലയാള കഥയിലെ എം.ഡി. രാമനാഥനാണ് ടി. പത്മനാഭനെന്ന് പി. രവികുമാര്‍. എം.ഡി.ആറിന്റെ ആനന്ദഭൈരവിയുടെ സൂക്ഷ്മധ്വനികള്‍ ടി. പത്മനാഭന്റെ കഥകളില്‍ നിരുപാധിക സ്നേഹമായി, കാലാതീത ദര്‍ശനമായി, കണ്ണീരില്‍ തെളിഞ്ഞ കരുണയായ സമസ്ത ചരാചരങ്ങളിലേക്കും പ്രസരിക്കുന്നുവെന്നും പി. രവികുമാര്‍. (പ്രഭാതരശ്മി-ഫെബ്രു.).




