ചെറ്റപ്പുരകളില്‍ ഒളിവുജീവിതം കഴിച്ചും ആ കഥകള്‍ ആത്മകഥയില്‍ നിറപ്പകിട്ടോടെ പകര്‍ത്തിയും കൈയടി വാങ്ങി ഭരണത്തിലേറിയ ആ പഴയകാലം നവ കമ്മ്യൂണിസ്റ്റുകള്‍ അപ്പാടെ മറക്കുന്നു. വായനയും വാദിച്ചു ജയിക്കലും ചായക്കട രാഷ്ട്രീയവും വിപ്ലവം ഉദ്ഘോഷിക്കലും കമ്മ്യൂണിസ്റ്റുകാരന്റെ അടയാള വാക്യങ്ങളായിരുന്നു. തുടര്‍ഭരണം വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. തട്ടിപ്പും വഞ്ചനയും വെട്ടും കുത്തും കൊടിയടയാളമായി. ജയിക്കാന്‍ എന്തുമാവാം എന്ന നിലവന്നു. കുലംകുത്തി, പരനാറി, നികൃഷ്ട ജീവി എന്നിവയുടെ ശകാര ശബ്ദതാരാവലിയിലേക്ക് മറ്റൊരു പദംകൂടി ഉയിര്‍ക്കൊണ്ടു-ചെറ്റ. 'ചെറ്റയാം വിടന് ഞാന്‍, കഷ്ടമെങ്ങനെ കണ്ണാടിനോക്കു'മെന്നു പഴയ പു.ക.സ. അധ്യക്ഷന്‍ വൈലോപ്പിള്ളി പാടിയത് അന്വര്‍ത്ഥമായി. അഴിമതിരഹിതനായ കമ്മ്യൂണിസ്റ്റ് മന്ത്രിക്ക് പാര്‍ട്ടി നല്കിയ വാര്‍ദ്ധക്യകാല പെന്ഷന് വീട്ടുതടങ്കലിലായിരുന്നു. പരനാറിയെ നോവലില്‍ നായകനാക്കി. 'തോട്ടിയുടെ മകനെ' മലയാളിക്കുതന്ന തകഴിയെ ഓര്‍ത്തുകൊണ്ട് ഇടതുപക്ഷ സഹയാത്രികനും പത്രാധിപരും കഥാകൃത്തുമായ സുഭാഷ്ചന്ദ്രന് നാലുവര്‍ഷം മുമ്പ് ചെയ്ത ഒരു പ്രഭാഷണം ഇപ്പോള്‍ വീണ്ടും കേള്‍ക്കുന്നത് കൗതുകമുണര്‍ത്തും. തന്റെ നോവലില്‍ 'ചെറ്റ'യെന്നൊരു അദ്ധ്യായം കേള്‍ക്കുന്നത് കൗതുകമുണര്‍ത്തും. തന്റെ നോവലില്‍ ചെറ്റയെന്നൊരു അദ്ധ്യായംതന്നെ അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. അധികാരത്തിനെതിരേ ചിലങ്ക കെട്ടിയ, അക്ഷരചൈതന്യം കൊളുത്തിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച അതേ അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥി ജി. സുധാകരനെതിരേയാണ് ഈ അധികാരഭാഷയുടെ ധാര്‍ഷ്ട്യം പ്രകടിപ്പിക്കപ്പെട്ടത് എന്നോര്‍ക്കണം.
ചൊടിപ്പിക്കുന്ന ഏകസ്വരത
ചരിത്രം പ്രച്ഛന്നവേഷത്തില്‍ പുരോഗമിക്കുന്നു എന്നാണ് പറയുക. ഇടതുപക്ഷം ചേര്‍ന്ന് ചരിത്രത്തെ ഒരുവിഭാഗത്തിന്റേതു മാത്രമാക്കി മാറ്റുന്ന ചരിത്രകാരന്മാര്ക്കാണ് നമ്മുടെ നാട്ടില്‍ പ്രമാണിത്തം ലഭിക്കുന്നത്. അക്കാദമിക് ചരിത്രകാരനും ഇടതുപക്ഷോപാസകനുമായ കെ.എന്‍. പണിക്കരെക്കുറിച്ചുള്ള നെടുനെടുങ്കന്‍ സ്തുതിലേഖകള് കണ്ട് കോരിത്തരിച്ചുപോയി. ഒരിടത്തുപോലും മരുന്നിനെങ്കിലും വിമതസ്വരമില്ല. ഏകസ്വരമായ ഭജനകള്തന്നെ. ശിഷ്യന്മാരും അനുയായികളും നടത്തുന്ന സ്തോത്രങ്ങള്‍ മാത്രം. ഈ ഭവനത്തിന്റെ നായകന് പണിക്കര്‍ എന്ന മട്ടില്‍ എം.ജി.എസ്. നാരായണനെപോലെ കക്ഷിരാഷ്ട്രീയ ജനുസില്പ്പെടാത്ത ആരേയും ആഴ്ചപ്പതിപ്പിന് കിട്ടിക്കാണില്ല എന്നു കരുതാം. നിലയവിദ്വാന്മാരുടെ മടുപ്പിക്കുന്ന, ചെടിപ്പിക്കുന്ന ഏകസ്വരത ഒരു മാറാരോഗംതന്നെ. പാവം വായനക്കാര്‍. (മാതൃ. ആഴ്ച. മാര്‍ച്ച് 29).
ഫയലില്‍നിന്നു
ഫീല്‍ഡിലേക്ക്
ഒരു കുടുംബത്തിന്റെ ദയനീയാവസ്ഥ പത്രത്തില്‍ വായിക്കാനിടയാവുന്ന കൊല്ലം ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥരുമൊത്ത് ഉടനെ ആ വീട്ടിലേക്കെത്തുന്നു. സര്‍ക്കാര്‍ നൂലാമാലകളില്‍ കുടുങ്ങാതെ നടപടികള്‍. കലക്ടറുടെ ബംഗ്ളാവിലേക്ക് പരാതിക്കാരുടെ ഒഴുക്ക്. അതിരാവിലെമുതല്‍ കലക്ടര്‍ പരാതി കേള്‍ക്കാനും നടപടികളെടുക്കാനും തുടങ്ങി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കൊല്ലം കലക്ടറായിരുന്ന, പിന്നീട് ബംഗാള്‍ ഗവര്‍ണറായ സി.വി. ആനന്ദബോസ് തന്റെ ജീവിതം പറയുന്നു. കേരളം കണ്ട മികച്ച കലക്ടറായി, കൊല്ലത്തിന്റെ ദത്തുപുത്രനായി അദ്ദേഹം മാറി. ഇപ്രകാരം നടപടികളെടുത്തതുകൊണ്ട് കൊല്ലത്തെ ആകാശം അഷ്ടമുടിക്കായലില്‍ വീണില്ലെന്നും ഇനിയൊരു ജന്മമുണ്ടായാലും ഈ ശൈലി തുടരുമെന്നും സി.വി. ആനന്ദബോസ് (കലാകൗമുദി-മാര്‍ച്ച് 22).
കുഗ്രാമ വിശേഷങ്ങള്‍
ഓര്‍മകളില്‍ ഗൃഹാതുരത്വത്തോടെ മുങ്ങാംകുഴിയിട്ട് എം.എന്‍. കാരശേരി. അരനൂറ്റാണ്ട് മുമ്പത്തെ കേരളീയ കുഗ്രാമങ്ങള്‍ ഏറെക്കുറെ ഇങ്ങനെതന്നെയായിരുന്നു. കറണ്ടില്ല, റോഡില്ല, വാഹനസൗകര്യമില്ല. പുഴയുടെ സാമിപ്യം ഒഴിച്ചാല്‍ കാരശേരിക്ക് പായിപ്രയോട് നല്ല ചാര്‍ച്ച. മൂവാറ്റുപുഴ ചന്തദിവസം സാധനസാമഗ്രികളുമായി ഏനാലിക്കുന്നു കയറിവരുന്ന കാളവണ്ടികളുടെ കുടമണിക്കിലുക്കമായിരുന്നു വാഹനസാന്നിധ്യത്തെ വിളിച്ചറിയിച്ചിരുന്നത്. മുക്കത്തെപ്പോലെ സാഹിത്യ പ്രസിദ്ധി പായിപ്രയുടെ സമീപഗ്രാമങ്ങള്ക്കുണ്ടായിരുന്നില്ല. ആകെയുള്ള ഒരു പെരുമ മേതലമലകളിലെ കല്ലില്‍ ഗുഹാക്ഷേത്രവും പുല്ലുവഴിയും മാത്രം. കമ്മ്യൂണിസം പച്ചപിടിച്ചതോടെ പുല്ലുവഴിയുടെ ഗ്രാമീണ വിശുദ്ധികള്‍ പലതും ചോര്‍ന്നുപോയി. നീലകണ്ഠ തീര്‍ത്ഥപാദരും എം.പി. മന്മഥനും മഹാകവി ജി യും പെരുമ്പടവവും വൈശാഖനും പെരുമയേറ്റിയ മൂവാറ്റുപുഴയാണ് ഞങ്ങളുടെ അയല്‍ഗ്രാമം. പാടെ വിസ്മൃതമായിപ്പോയ ഗ്രാമീണ ജീവിതവും ചാരുഭാഷയും കാരശേരിയുടെ ആഖ്യാനത്തെ ഹൃദ്യമാക്കുന്നു. (മാതൃ. വാരാന്ത്യം മാര്‍ച്ച്: 22).
ആശാ ശരത്തിന്റെ
'അപരാജിത'
ആശകള്‍ ആയിരം, ദൃശ്യം-3 എന്നീ ചിത്രങ്ങളുടെ തിരക്കിനിടയിലും 'മകളേ, അപരാജിത എന്നീ ഏകാംഗ നൃത്താവിഷ്കാരങ്ങളിലൂടെ വേദികളില്‍ നിറയുകയാണ്് ആശാശരത്തെന്ന് സിറാജ് കാസിം. കൊല്‍ക്കത്തയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കഥ 'മകളേ' കണ്ടിട്ട് സുരേഷ് ഗോപി വികാരാധീനനായി. പുരാണത്തിലെ ദമയന്തി, മുരുക പത്നിയായ ദേവയാനി, മുലക്കരത്തിനെതിരേ മുല മുറിച്ച നങ്ങേലി, ഭര്‍ത്താവ് പാമ്പിനെ കടിപ്പിച്ചുകൊന്ന ഉത്ര- എന്നിവരുടെ കഥയാണ് അപരാജിത. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ദുബായിലെ ആശയുടെ നൃത്ത വിദ്യാലയം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടതും പങ്കെടുത്തതും ഓര്‍ക്കുന്നു. പിന്നീട് ബാംഗ്ലൂരിലെ ഒരു വേദിയില്‍ കണ്ടപ്പോള്‍ തന്റെ നൃത്തവിദ്യാലയം പടര്‍ന്നുപന്തലിച്ചത് ആശ അഭിമാനപൂര്‍വം അനുസ്മരിക്കുമ്പോള്‍ കവി വി. മധുസൂദനന്‍നായരും ഉണ്ടായിരുന്നു. ചലച്ചിത്ര നടിയായി പെരുമപ്പെടുമ്പോഴും തന്റെ അമ്മ കലാ-സുമതി ടീച്ചറുടെ പാത പിന്തുടന്ന് ആശ ഇന്നും നൃത്തത്തെ ചേര്‍ത്തുപിടിച്ചു മുന്നേറുന്നു. (മാതൃ. വാരാന്ത്യം-മാര്‍ച്ച് 22).
സഖാവും സേവകനും
നൂറ്റാണ്ടു പിന്നിടുന്ന രണ്ടു പ്രസ്ഥാനങ്ങളുടെ കവിയുടെ മൂന്നാം കണ്ണിലൂടെ നിരീക്ഷിക്കുകയാണ്. സഖാവും സേവകനുമെന്ന ഈ കാവ്യ സമാഹാരത്തില്‍ കാവലാം ശശികുമാര്‍. ലളിതവും ഋജുവുമായത് ശശികുമാറിന്റെ കവനരീതി. എന്നാല്‍ ആഴമുള്ള ഒരു ദാര്‍ശനിക ഗൗരവം ഇവയെ ചൂഴ്ന്നു നില്ക്കുന്നു. ഗ്രാമം എന്ന കവിത കവിതയുടെ നിലപാടുതറകൂടിയാണ്. തന്റെ കവിതയിലും കാവ്യാതീത മാലിന്യം കലരാതെ സൂക്ഷിക്കുന്നുണ്ട്. ആന്തരിക പ്രകാശത്തിന്റെ ഋഷിത്വമെന്ന് അവതാരികാകാരന്, കവി, പി.കെ. ഗോപി ഈ കവിതയ്ക്ക് ചാര്‍ത്തിക്കൊടുക്കുന്ന തൂവല്‍ ഔചിത്യഭാസുരമായിരിക്കുന്നു. (പൂര്‍ണ്ണ-175/-).
ജലസമാധിയില്‍ ഒരു ഗ്രാമം
എം.ടിയുടെ കൂടല്ലൂര്പോലെ തന്റെ ഗ്രാമമാണ് തന്റെ എഴുത്തിന്റെ ശക്തിയെന്ന് ജ്ഞാനപീഠ ജേതാവും തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. 1958-ല്‍ വൈഗ അണക്കെട്ടിന്റെ ജലസംഭരണ പ്രദേശത്തെ ഊരുകളിലൊന്നായിരുന്നു ആ ഗ്രാമം. അമ്മയുടെ കൈപിടിച്ച് വെള്ളത്തില്‍ നനഞ്ഞുകുതിര്‍ന്ന ട്രൗസറോടെ ഒരഞ്ചുവയസുകാരനും അവിടെനിന്നു പറിച്ചുനടപ്പെടുമായിരുന്നു. ആ ജീവിതവും എഴുത്തും വാടിക്കൊണ്ടും വളരുകയായിരുന്നു. ജലസമാധിയില്പ്പെട്ട ആ ഗ്രാമത്ത ഇപ്പോഴും അദ്ദേഹം മനസില്‍ കൊണ്ടുനടക്കുന്നു. നെടുവീര്‍പ്പിടുന്നു. എഴുത്തുകളായത് മാറുന്നു. കവിതാരചന തനിക്ക് ആത്മാവും ഗാനരചന തൊഴിലുമാണെന്ന് കെ.എസ്. വെങ്കിടാചലത്തോട്. (മാതൃ. മാര്‍ച്ച് 2).
കണ്ടും കേട്ടും
നടന്നും പറഞ്ഞും
കണ്ടും കേട്ടും നടന്നും പറഞ്ഞുമാണ് എല്ലാവരും ജീവിച്ചുപോരുന്നത്. രാഷ്ട്രീയക്കാരുടെ കാര്യം പറയുകയേ വേണ്ട. എന്നാല്‍ ജോസഫ് എം. പുതുശേരി വേറൊരു ജനുസാണ്. കണ്ടും കേട്ടും അറിയുന്നതിനെ പഠിച്ചും വിശകലനം ചെയ്തും തന്റെ നിലപാടുകള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചുമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര. ലളിതമായ ആഖ്യാനം. വസ്തുനിഷ്ഠമായ അവതരണം. പുതുശേരിയുടെ വ്യക്തിത്വമുദ്ര ഈ രചനകളില്‍ അനുഭവവേദ്യമാകും. വേലിതന്നെ വിളവുതിന്നുന്ന സര്‍ക്കാര്‍ അധാര്‍മ്മികതകളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കാനും പുതുശേരി ഈ കൃതിയില്‍ കരുത്തു കാണിക്കുന്നുണ്ട്് (സൈകതം 260 രൂപ).
യുദ്ധം സൃഷ്ടിക്കുന്ന
കാലാവസ്ഥാ മുറിവുകള്‍
ഓരോ യുദ്ധവും നമ്മുടെ ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്ക് വഴിവയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണം ഖനിജ ഇന്ധനങ്ങളുടെ അമിതോപയോഗമാണ്. ഇസ്രായേല്‍-ഇറാന്, റഷ്യ-ഉക്രൈന് യുദ്ധങ്ങള്‍ അന്തരീക്ഷ കാര്‍ബണിന്റെ അളവ് വര്‍ധിപ്പിക്കുന്നു. യുദ്ധം മനുഷ്യസമൂഹങ്ങള്ക്കുമേല് സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോഴും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കുംമേല് അവയുടെ ആഘാതം സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അപൂര്‍വമാണെന്ന് കെ. സഹദേവന്. (ചന്ദ്രിക ആഴ്ച. മാര്‍ച്ച്).
നൂലിഴകളിലെ
ഗറില്ലാ യുദ്ധങ്ങള്‍
ഭരണകൂടവും പാരമ്പര്യവും സ്ത്രീയെ വീടിന്റെ നാലു ചുവരുകളില്‍ അടച്ചിട്ട് മെരുക്കിയെടുക്കാന്‍ തുന്നല്‍ സൂചിയെ ഒരു ചങ്ങലയായി ഉപയോഗിച്ചു. അതുതന്നെ തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള ആയുധമായി മാറ്റിത്തീര്‍ക്കുകയും ചെയ്തുവെന്ന് സുവര്‍ണ മുരളി. അക്ഷരങ്ങള്‍ നിഷേധിക്കപ്പെട്ട ഇടങ്ങളില്‍ സൂചിത്തുമ്പും അക്ഷരങ്ങളായി. വെള്ളത്തുണിയിലെ വര്‍ണനൂലുകള്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ സ്വത്വത്തെ വീണ്ടെടുക്കാനുള്ള പോരാട്ടമാക്കി. തെക്കേ അമേരിക്കയിലെ ആര്പ്പിലെറസ് (കാണാതായവരുടെ വസ്ത്രഭാഗങ്ങള്‍ തുന്നിച്ചേര്‍ത്ത ചിത്രങ്ങള്‍) ബംഗാളിലെ 'കാന്ത' (പഴയ തുണിക്കഷ്ണങ്ങള്കൊണ്ടുണ്ടാക്കുന്ന പുതപ്പും കവറുകളും) ലാസായിലെ സ്റ്റോറിക്ലോത്ത് (അഭയാര്‍ത്ഥികളായി പലായനം ചെയ്തവര്‍ രേഖപ്പെടുത്തിയ തുണികള്‍)-ഇവിടെയെല്ലാം ചരിത്രം ഈ തുണിക്കഷണങ്ങളിലേക്ക് പകര്‍ത്തുകയായിരുന്നു. (പാഠഭേദം-മാര്‍ച്ച്).
ചൈത്രരഥമേറിവരും
ഗാനങ്ങള്‍
ചൈത്രമാസത്തിലേറിവന്ന ചലച്ചിത്രഗാനങ്ങള്‍ കൂടുതലും ഒ.എന്‍.വിയുടേതാണെന്ന് ശ്രീകുമാര്‍ ചേര്‍ത്തല. പി. ഭാസ്കരനും വയലാറും ഗാനങ്ങളില്‍ ചൈത്രത്തെ സാന്നിധ്യവല്ക്കരിച്ചിട്ടുണ്ട്. ഇന്ദ്രനീല യവനിക ഞൊറിയൂ എന്ന വയലാര്‍ ഗാനം പ്രസിദ്ധമാണ്. ചൈത്രനിലാവിന്റെ പൊന്‍പീലിയാല്‍, ചൈത്രവീണാ വാഹിനി, ചൈത്രം ചായം ചാലിച്ചെഴുതിയ എന്നിങ്ങനെ കൈതപ്രവും എഴുതിയിട്ടുണ്ട്. (കേസരി-മാര്‍ച്ച് 13).




