
ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ക്കെതിരെ ഹരിയാനയില്‍ പൊലീസ് കേസ്. പണം വാങ്ങി സീറ്റുകള്‍ വില്ക്കാന് ശ്രമിച്ചെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
ഹരിയാനയിലെ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവായ ഗൗരവ് കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. തന്റെ ഭാര്യ സുശീലാദേവിക്ക് ബവാല്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കുന്നതിനായി ഏഴുകോടി ആവശ്യപ്പെട്ടതായിട്ടാണ് ആരോപണം. കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ കൂടാതെ പ്രിയങ്ക ഗാന്ധിയുടെ പി.എ ആയ സഡഫ് ഖാന് എന്നിവര്‍ക്കെതിരെയും ആരോപണമുണ്ട്.
രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വേണ്ടിയാണ് ഇവര്‍ പണം ചോദിച്ചതെന്ന് സംശയിക്കുന്നതായും പരാതിക്കാരന് പറഞ്ഞു. ആരോപണങ്ങള്‍ ശരിവെക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ താന്‍ പുറത്തുവിട്ടിട്ടുണ്ടെന്നും ഇത്രയും തുക നല്‍കിയിട്ടും തങ്ങള്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നും ഗൗരവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹരിയാന പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ഈ സംഭവം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. 'സ്വന്തം വീട്ടിലെ കാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നത് എന്നതിലേക്ക് ഞാന്‍ കണ്ണാടി തിരിച്ചുപിടിക്കും' എന്ന് പറഞ്ഞ ഗൗരവ് കുമാര്‍, മുതിര്‍ന്ന നേതാക്കളുടെ അഴിമതിക്കെതിരെ രാഹുല്‍ ഗാന്ധിയെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.






