പോയവാരം വിപണിയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചവരില്‍ കുരുമുളക് കര്‍ഷകര്‍ക്ക് കൈപൊള്ളി. വില ഇടിഞ്ഞു. ഉത്‌പാദനം കുറവാണെങ്കിലും റബര്‍ കര്‍ഷകര്‍ക്ക് നഷ്‌ടമുണ്ടായില്ല. കേരോല്‍പ്പന്നങ്ങളില്‍ കൊപ്ര വില കൂടി. വില്‍പ്പനക്ക് തേയില വരവ് കുടി.
കരയിപ്പിച്ച് കറുത്തപൊന്ന്
കുരുമുളകിന്റെ വില തകര്‍ച്ച പോയവാരം കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയം. ദുഃഖവാരം പടിക്കലെത്തി നില്‍ക്കെ കുരുമുളക് കര്‍ഷകര്‍ക്ക് വില തകര്‍ച്ചയുടെ നാളുകളാണ് കടന്ന് വരുന്നത്. പോയവാരം കുരുമുളക് കിലോ 8 രൂപ വില കുറഞ്ഞു. രണ്ട് ആഴ്‌ച്ചക്കിടയില്‍ കുറഞ്ഞത് 12 രൂപ!. അതിര്‍ത്തി കടന്നുള്ള കുരുമുളക് കച്ചവടമാണ് നമ്മുടെ കര്‍ഷകര്‍ക്ക് സാമ്പത്തീക നഷ്‌ടമുണ്ടാക്കിയത്. കര്‍ണാടകയില്‍ ഫുള്‍ സീസണായതോടെ പോയവാരം കര്‍ണാടകയിലെ കച്ചവടക്കാര്‍ കൊച്ചി വിപണിയില്‍ നിലയുപ്പിച്ചു.
വിശേഷ ദിവസങ്ങള്‍ അടുത്തിരിക്കെ കുരുമുളകിന് വില കുറയാനുള്ള വഴിയാണ് കര്‍ണാടകയുടെ വരവ്. പോയവാരം കൊച്ചിയില്‍ കര്‍ണാടവില്‍പ്പനക്കാരായി. മറ്റ് കുരുമുളക് ഉത്‌പാദന സംസ്‌ഥാനങ്ങളിലല്‍ അവരുടെ കുരുമുളകിനെക്കാള്‍ കൊച്ചിയില്‍ കിലോ 5 രൂപ കൂടുതലാണെങ്കില്‍ മറുനാടന്‍ വില്‍പ്പനക്കാര്‍ കൊച്ചിയില്‍ കുരുമുളക് വില്‍ക്കാനെത്തും. കര്‍ണാടക കൊച്ചിയില്‍ വില്‍പ്പനക്കാരായതറിഞ്ഞ് ആന്ധ്രയിലെ കച്ചവടക്കാരും കൊച്ചിയില്‍ വില്‍പ്പനക്കായി തയാറായിരിക്കയാണ്. ഇതിന് മുന്നോടിയായി ആന്ധ്രയിലെ കുരുമുളക് സാമ്പിളുകളും അന്വേഷണവും വന്ന് തുടങ്ങി. ഇവരുടെ വരവു കുടിയാകുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് നഷ്‌ടകച്ചവടത്തിന്റെ നാളുകളായിരിക്കും. തമിഴ്‌നാട്ടില്‍ സീസണ്‍ തുടങ്ങിയെങ്കിലും അവര്‍ കൊച്ചിയില്‍ വില്‍പ്പനയ്‌ക്ക് ശ്രമം തുടങ്ങിയട്ടില്ല. പോയവാരങ്ങളില്‍ വില കുറയുന്നത് നമ്മുടെ കച്ചവടക്കാരില്‍നിന്നും കര്‍ഷകരില്‍നിന്നും പോയവാരം വില്‍പ്പനക്ക് കുരുമുളക് വരവ് കുറവായിരുന്നു. 239 ടണ്‍ കുരുമുളകാണ് വില്‍പ്പനക്കെത്തിയത്. പോയതിന്റെ തലേ വാരത്തെ അപേക്ഷിച്ച് 64 ടണ്‍ കുറവാണ് വില്‍പ്പനക്കെത്തിയത്. കര്‍ണാടക മുളകിന് ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ നല്ല ഡിമാന്‍ഡാണ്. കാരണം നികുതി വെട്ടിച്ച് ബില്ലില്‍ കൃത്രിമം നടത്തിയാണ് കര്‍ണാടക ഇടപാടുകള്‍ നടത്തുന്നത്.
ബീഹാര്‍ ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, യു.പി. തുടങ്ങിയ മേഖലകളില്‍ കര്‍ണാടക മുളക് വലിയ തോതില്‍ വിറ്റ് വരികയാണ്. ഉത്തരേന്ത്യന്‍ ഡിമാന്‍ഡ് കുറഞ്ഞിരിക്കെ കൊച്ചി റിപണിയുടെ ഏക പ്രതീക്ഷ മസാല കമ്പനികളിലാണ്.
യുദ്ധം ഗള്‍ഫ്
കയറ്റുമതിയെ ബാധിച്ചു
ഗള്‍ഫിലേക്കുള്ള കയറ്റുമതിക്ക് യുദ്ധം തടസമായതോടെ ഈ മാസത്തേക്ക് കച്ചവടം നടത്തിയ കുരുമുളക് ഉടനെ വേണ്ടന്നാണ് മസാല കമ്പനികളുടെ അറിയിപ്പ് എത്തിയത്. മസാല കമ്പനികളില്‍ മനം മാറ്റമുണ്ടായാല്‍ കൊച്ചിയില്‍ കുരുമുളകിന് വിലയിടിയാനുള്ള സാധ്യത തള്ളികളയാനാവില്ല. യുദ്ധം കയറ്റുമതിയെ ബാധിച്ചതോടെ കയറ്റുമതി നിരക്കിലും ഇടിവുണ്ടായി.
ഇന്ത്യയുടെ കയറ്റുമതി നിരക്കില്‍ ഒരു ടണ്‍ കുരുമുളകിന് 200 ഡോളര്‍ കുറഞ്ഞു. ഇന്ത്യയുടെ നിരക്ക് ടണ്ണിന് 7600 ഡോളറായി കുറഞ്ഞു. ശ്രീലങ്ക 6900 വിയറ്റ്‌നാം, 6200 ഇന്തോനീഷ്യ 5500, ബ്രസീല്‍ 5800 ഡോളര്‍.
വാരാന്ത്യ വില കൊച്ചി കുരുമുളക് അണ്‍ ഗാര്‍ബിള്‍ഡ് കിലോ 687 രൂപ, ഗാര്‍ബിള്‍ഡ് മുളക് 707, പുതിയ മുളക് 677 രൂപ.
ടയര്‍ കമ്പനികളുടെ
'വോട്ടില്‍' റബര്‍
'അധികാരത്തില്‍'
ചൈനയില്‍ പുതുവത്സരം കഴിഞ്ഞതോടെ ടോക്കിയോ മാര്‍ക്കറ്റിലും ചൈനയിലും ബാങ്കോക്കിലും വ്യവസായിക ആവശ്യങ്ങള്‍ക്കായി റബറിന്റെ ആവശ്യം വര്‍ധിച്ചതോടെ രാജ്യാന്തര വിലയിലെ കയറ്റം ആഭ്യന്തര വിപണിക്ക് തുണയായി. കൊച്ചിയില്‍ റബര്‍ കിലോ 5 രൂപ വീതം വില ഉയര്‍ന്നാണ് വാരാവസാനം വ്യാപാരം നിറുത്തിയത് തയാര്‍ നിരക്കില്‍ ബാങ്കോക്കിലാണ് വില കുതിച്ച് കയറിയത് ആര്‍ എസ്.എസ്-4 കിലോ 17 രൂപയാണ് ബാങ്കോക്കില്‍ കൂടിയത്. ബാങ്കോക്കില്‍ വില കുതിച്ചുകയറിയപ്പോള്‍ ആനുപാതികമായി 30രൂപയെങ്കിലും കൂടണമായിരുന്നു എന്ന് വാരാന്ത്യം കര്‍ഷകര്‍ പ്രതികരിച്ചത്.
ഉത്‌പാദനം കുറഞ്ഞിരിക്കെ ആഭ്യന്തരവില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് തെല്ലൊരാശ്വാസമായി. 217 രൂപയില്‍ വ്യാപാരം നിറുത്തിയത് ആഴ്‌ച്ചയുടെ തുടക്കത്തില്‍ ഇവിടത്തെ വന്‍കിട ടയര്‍ കമ്പനികള്‍ വില കുറച്ചാണ് ആവശ്യപ്പെട്ടത്. ബാങ്കോക്കില്‍ വില ഉയര്‍ന്നതോടെ കമ്പനികള്‍ വിതരണക്കാരോട് വില ഉയര്‍ത്താന്‍ നിര്‍ദേശിച്ചു. ചെറുകിട ടയര്‍ കമ്പനികളും വിലയുയര്‍ത്തി. ഉത്‌പാദനം പൊതുവെ കുറവാണ്. ആഴച്ചയില്‍ ഒന്നിടവിട്ടാണ് വെട്ടുന്നത്. വെയില്‍ കനത്ത തോടെ കടും വെട്ടാണെങ്കിലും കിട്ടുന്ന പാലിന്റെ തോത് കുറഞ്ഞ് തുടങ്ങിയെന്ന് കര്‍ഷകര്‍ പറയുന്നു. രാജ്യാന്തര വില ഉയര്‍ന്നാല്‍ വില വീണ്ടും കൂടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ വാരാന്ത്യം വില്‍പ്പന നിറുത്തിയത്. വിലകൂടാന്‍ തുടങ്ങിയതോടെ ഇടനിലക്കാരില്‍നിന്നും റബര്‍ വരവ് കുറവായിരുന്നു. അവധി വ്യാപാരത്തില്‍ ചൈനയില്‍ 9 രൂപയും ടോക്കിയോ മാര്‍ക്കറ്റില്‍ 3 രൂപയുമാണ് കൂടിയത്. ചൈന അവധിവില റമ്പര്‍ കിലോ 225 രൂപ ടോക്കിയോ 214 രൂപ. ബാങ്കോക്ക് തയാര്‍ വില248 രൂപ. കൊച്ചി ആര്‍.എസ് എസ്-4 കിലോ 222 രൂപ.ആര്‍.എസ്.എസ്-5 കിലോ 218 രൂപ.
എല്ലാ 'വോട്ടും' സ്വര്‍ണത്തിന്
യുദ്ധം തുടര്‍ന്ന് കൊണ്ടിരിക്കെ സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. നോയമ്പ് കാലം കഴിഞ്ഞാല്‍ വിവാഹ സീസണാണ്. വില കൂടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. യുദ്ധത്തിന് അയവ് വരുന്നതോടെ സ്വര്‍ണ വിലയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
'നാല് വോട്ട്
പിടിക്കാതെ' രൂപ
രൂപ മൂക്ക് കുത്തി വീണിരിക്കയാണ്. യു.എസ്. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപ എക്കാലത്തെയും താഴെ തട്ടിലെത്തി. രൂപ 95 ലേക്ക് ഇഴഞ്ഞ് നീങ്ങുകയാണ്. രൂപ 94.85 ല്‍ എത്തി നില്‍ക്കയാണ് പോയവാരം രൂപയ്‌ക്ക് 84 പൈസ നഷ്‌ട്ടപ്പെട്ടു.
സ്വര്‍ണം പോയവാരം പവന് 1560 രൂപയുടെ വര്‍ധനവുണ്ടായി. ഈ മാസം ഒന്ന് മുതല്‍ ഇന്നലെവരെ പവന് 18, 320 രൂപയുടെ വര്‍ധനവുണ്ടായി. രാജ്യാന്തര വിലയില്‍ സ്വര്‍ണം ഔണ്‍സിന് 3 ഡോളറിന്റെ വര്‍ധനവുണ്ടായി. വാരാന്ത്യവില പവന് 10.8.600 രൂപ.
'ഭൂരിപക്ഷം'
കൊപ്രയ്‌ക്ക്
കൊച്ചിയില്‍ വെളിച്ചെണ്ണ വില മാറ്റമില്ല. തൃശൂരില്‍ വെളിച്ചെണ്ണ ലിറ്ററിന് 3 രൂപയും കോഴിക്കോട് ഒരു രൂപയും തമിഴ്‌നാട്ടിലെ കാങ്കയം മാര്‍ക്കറ്റില്‍ 3 രൂപയും വില കുടി. കൊച്ചി തൃശൂര്‍ വിപണിയില്‍ കൊ പ്രകിലോ 3രൂപ വീതവും കോഴിക്കോട്, കാ ങ്കയം മാര്‍ക്കറ്റില്‍ 6 രൂപ വീതം വില കൂടി. പ്രാദേശിക ഡിമാന്റിലാണ് വില കൂടിയത്. കൊച്ചി വെളിച്ചെണ്ണ മില്ലിങ് ലിറ്ററിന് 274 രൂപ തയ്യാര്‍ 269 രൂപ. കൊപ്ര തെളിവ് കിലോ 156 രൂപ ഓടെ 154, തൃശൂര്‍വെളിച്ചെണ്ണ 262 കൊപ്ര 157, കോഴിക്കോട് വെളിച്ചെണ്ണ 266, കൊ പ്ര156, കാങ്കയം വെളിച്ചെണ്ണ 223, കൊ പ്ര150 രൂപ. കൊച്ചിയിലെ മൊത്ത വിപണിയില്‍പോയ വാരം 35,000 ലിറ്റര്‍ വെളിച്ചെണ്ണ വില്‍പ്പനക്കെത്തി.
'കെട്ടിവച്ച കാശ്
പോയി' തേയില
കൊച്ചിയില്‍ പോയവാരം നടന്ന ലേത്തില്‍ വില്‍പ്പനക്ക് തേയില വരവ് കൂടി. ഇലത്തേയില വില മാറ്റമില്ലാതെ ലേലം നടന്നു. യുദ്ധം തുടങ്ങിയതോടെ ഇലത്തേയിലക്ക് ഡിമാന്റില്ല.
ഗള്‍ഫ് മേഖലയിലേക്ക് ഇലത്തേയിലകയറ്റുമതി കുറഞ്ഞിരിക്കയാണ്. വലിയ തോതില്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള സി. ടി.സി. പൊടിത്തേയിലയിലെ വില കൂടിയ ഇനങ്ങള്‍ കിലോ 3 രൂപ വില കൂടി. ഇലത്തേയില 2,33, 100 കിലോയും പൊടിത്തേയില 7,61,1500 കിലോയും ലേലത്തില്‍ വില്‍പ്പനക്കെത്തി. ഇലത്തേയില 14,100 കിലോയും പൊടിത്തേയില 65, 000 കിലോയും കൂടുതലാണ് പോയവാരം ലേലത്തില്‍ എത്തിയത്. ദുഃഖ വാരാചരണത്തെ തുടര്‍ന്ന് ഈ ആഴ്‌ച്ച തേയില ലേലം ഉണ്ടായിരിക്കില്ല





