ന്യൂഡല്‍ഹി: ഓഹരി വിപണികളിലെ കുത്തനെയുള്ള തകര്‍ച്ചയും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയും കാരണം ഇന്നലെ രൂപ കൂപ്പുകുത്തി. യു.എസ് ഡോളറിനെതിരേ ഇന്ത്യന്‍ രൂപ 95.14 എന്ന റെക്കോഡ് താഴ്‌ചയിലെത്തി. 2026 ജനുവരി ഒന്നുമുതല്‍ യു.എസ് ഡോളറിനെതിരേ 4.1 ശതമാനം മൂല്യമിടിഞ്ഞ രൂപ ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്‌ചവയ്‌ക്കുന്ന കറന്‍സിയായി.
ഫ്യൂച്ചേഴ്‌സ് മാര്‍ക്കറ്റിലെ ഊഹക്കച്ചവടം നിയന്ത്രിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ നടപടികള്‍ ശരിയായ ദിശയിലാണെങ്കിലും കറന്‍സിയുടെ പരാജയം തടയാന്‍ അത് പര്യാപ്‌തമല്ലെന്ന് വിപണി വിദഗ്‌ധര്‍ പറയുന്നു. ക്രൂഡ് വിലയിലെ കുതിച്ചുചാട്ടവും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കലും വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും രൂപയുടെ ഇടിവിന് പ്രധാന കാരണങ്ങളാണ്. കഴിഞ്ഞ ആഴ്‌ചകളില്‍ തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന രൂപയെ കരകയറ്റാന്‍ ഡോളറില്‍ ഓണ്‍ഷോര്‍ ലോങ് പൊസിഷനുകള്‍ നിയന്ത്രിക്കാന്‍ ആര്‍.ബി.ഐ നീക്കം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, ഡോളറിനെതിരേ രൂപയ്‌ക്ക് 130 പൈസ കൂടിയിരുന്നു. ഇന്നലെ സെന്‍സെക്‌സ് 1,600 പോയിന്റ് ഇടിഞ്ഞ് 71,985 ലും നിഫ്‌റ്റി 478 പോയിന്റ് ഇടിഞ്ഞ് 22,341 ലും വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപകര്‍ ഇന്നലെ മാത്രം 4,085 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.




