
ഇന്ത്യയിലെ ആരോഗ്യസംവിധാനങ്ങളുടെ വേഗതയെയും ലഭ്യതയെയും പ്രശംസിച്ച് കഴിഞ്ഞ ദിവസം ഒരു അഫ്ഗാന്‍ യുവാവ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ വീണ്ടും ഇന്ത്യയിലെ മെഡിക്കല്‍ സൗകര്യങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കാരിയായ ലിസ് ബോംസ് എന്ന യുവതി. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ചികിത്സയും മരുന്നും വളരെ എളുപ്പത്തില്‍ ലഭ്യമാകുന്നുവെന്ന വസ്തുത ചൂണ്ടിക്കാട്ടുകയാണ് ലിസിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. അമേരിക്കയിലെ സങ്കീര്‍ണ്ണവും ചിലവേറിയതുമായ ചികിത്സാരീതികളെ ഇന്ത്യയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് ലിസ് തന്റെ അനുഭവം വിവരിക്കുന്നത്.
അമേരിക്കയില്‍ ഒരു സാധാരണ രക്തപരിശോധനയ്‌ക്കോ ഡോക്ടറെ കാണാനോ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നും ഇതിനായി വന്‍തുക ചിലവാകുമെന്നും ലിസ് ചൂണ്ടിക്കാട്ടുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനും അപ്പോയിന്റ്‌മെന്റിനുമായി നിരവധി ക്ലിനിക്കുകളെ സമീപിക്കേണ്ടി വരുന്ന അവസ്ഥ അവിടെയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഒരു ആശുപത്രിയില്‍ നേരിട്ട് ചെന്നാല്‍ അതേ ദിവസം തന്നെ കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുമെന്നത് വിദേശികളെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാണെന്ന് ലിസ് തമാശരൂപേണ പറയുന്നു.
ലിസിന്റെ വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് താമസം മാറിയ പലരും ഇവിടുത്തെ ആരോഗ്യമേഖലയിലെ വേഗതയെ അത്ഭുതത്തോടെയാണ് കാണുന്നത്. പലപ്പോഴും ഇന്ത്യയിലുള്ളവര്‍ ഇവിടുത്തെ സംവിധാനങ്ങളെ കുറ്റപ്പെടുത്താറുണ്ടെങ്കിലും, ആഗോളതലത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ആരോഗ്യരംഗം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയിലെ പലരും അഭിപ്രായപ്പെടുന്നത്.






