
ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ ചട്ടത്തില്‍ (FCRA) കൊണ്ടുവന്ന ഭേദഗതികള്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വിദേശത്തുനിന്നും എത്തുന്ന ഫണ്ടുകള്‍ അവ എന്തിനുവേണ്ടിയാണോ ലഭിച്ചത്, അതിനുമാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനാണ് പുതിയ നിയമനിര്‍മ്മാണത്തിന്റെ ലക്ഷ്യമെന്നും സുതാര്യത വരുത്തുകയാണ് ഉദ്ദേശിക്കുന്നതെന്നും നിയമത്തെക്കുറിച്ച് പ്രതിപക്ഷം വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് ഈ നിയമമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും യു.ഡി.എഫും സി.പി.എമ്മും ജനങ്ങള്‍ക്കിടയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുയാണെന്നും അത് നിര്‍ത്തണമെന്നും പറഞ്ഞു. അനാവശ്യമായ ഭീതി പടര്‍ത്തുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും നിയമവിരുദ്ധമായി എത്തുന്ന പണം തടയുക എന്നത് ഒരു സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. ഇതിനെ ഒരു മതവുമായോ വിശ്വാസവുമായോ ബന്ധിപ്പിക്കുന്നത് അസംബന്ധമാണെന്നും പറയുന്നു.
വിദേശ ഫണ്ടുകള്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഗൗരവകരമായ പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ തടയേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും പറഞ്ഞു. അതേസമയം അതേസമയം നിയമത്തിനെതിരേ മലങ്കരസഭ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
സഭാമക്കള്‍ നല്കുന്ന നേര്‍ച്ചപ്പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ല' സഭകളുടെ സാമൂഹിക സേവനങ്ങളെ വിസ്മരിക്കരുതെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. മലങ്കര സഭയുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടു. എല്ലാക്കാര്യങ്ങളും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പരിഹരിക്കാം എന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇടപെടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പറഞ്ഞു.






