
തിരുവനന്തപുരം: എഫ്സിആര്‍എ നിയമഭേദഗതി സംബന്ധിച്ച് വലിയ രീതിയിലുള്ള ആശങ്ക വേണ്ടെന്നും ക്രൈസ്തവസഭകളെ അത് ഒരു തരത്തിലും ബാധിക്കുന്നതല്ലെന്നും പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്. മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ പ്രശ്നമാകുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ ബിജെപിയ്ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും ഇടപെടുന്നുണ്ടെന്നും പറഞ്ഞു.
എന്നാല്‍ വിദേശത്ത് നിന്നും വിടുന്ന എന്‍ജിഒകള്‍ കൈപ്പറ്റുന്ന പണത്തെ സംബന്ധിച്ച് കൃത്യമായ നിയന്ത്രണം ആവശ്യമാണ് എന്നുള്ളതുകൊണ്ടാണ് ഇത്തരം ഭേദഗതി കൊണ്ടുവരേണ്ടിവരുന്നത്. ക്രൈസ്തവ മതസ്ഥാപനങ്ങളെ ഇത് ബാധിക്കുമെന്ന പ്രചരണത്തില്‍ ആകുലതകള്‍ക്ക് പ്രസക്തിയില്ല. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനങ്ങള്‍ക്കും ഇതുകൊണ്ടു കുഴപ്പമില്ല. ക്രൈസ്തവ മത സ്ഥാപനങ്ങള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നവയായതിനാല്‍ ഇവയെ ഇത് ഒരു തരത്തിലും ബാധിക്കില്ല.
എഫ്സിആർഎ ഭേദഗതി നിയമം ഒരിക്കലും എതെങ്കിലും മതത്തെയോ മതസ്ഥാപനങ്ങളെയോ ലക്ഷ്യം വച്ചുള്ളതല്ല. മറിച്ച് നോൺ ഗസറ്റഡ് ഓർഗനൈസേഷനുകളെയും (NGO) അതിന്റെ സാമ്പത്തിക ഇടപാടുകളെയും നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സഭകളെ നിയന്ത്രിക്കാനാ അവരുടെ സ്വത്ത് പിടിച്ചെടുക്കാനോ സർക്കാരിന് ഉദേശ്യമില്ല. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്, തെറ്റിദ്ധാരണ സൃഷ്ടിച്ച്, ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പടർത്താൻ ശ്രമിക്കരുതെന്നും ഷോണ്‍ പറഞ്ഞു.
ഏതു തരത്തിലുള്ള ആകുലതകളും തുറന്നു ചര്‍ച്ചയിലൂടെ പരിഹരിച്ച് മാത്രമേ മുമ്പോട്ട് പോകു. അക്കാര്യത്തില്‍ ബിജെപി ഒപ്പമുണ്ട്. കേന്ദ്രം ഈ വിഷയത്തില്‍ വളരെ അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സ്വീകരിക്കുന്നത്. വിദേശപണം കൈപ്പറ്റുന്ന പല സ്ഥാപനങ്ങളും രാജ്യവിരുദ്ധമായ പല പണവും വരുന്ന എന്‍ജിഒ ഏരിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. അവയെ നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടെന്നും ഷോണ്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റിലാണ് പ്രതികരണം. നേരത്തേ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഇക്കാര്യം പറഞ്ഞിരുന്നു.






