മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര താരം വൈഭവ് സൂര്യവംശിയെ ദേശീയ ടീമിന്റെ ഭാഗമാക്കുന്നതില്‍ ധൃതി വേണ്ടന്ന് മുന്‍ ഇന്ത്യന്‍ താരം ആര്. അശ്വിന്.
ബാറ്റിങ് ദുഷ്കരമായ ബര്‍സാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ രാജസ്ഥാന് റോയല്‍സിന് വേണ്ടി കൗമാര താരം വൈഭവ് സൂര്യവംശി 15 പന്തില്‍ അര്‍ധസെഞ്ചറി നേടിയതോടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള 15 വയസുകാരന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.
ഐ.പി.എലിനു ശേഷം വൈഭവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ ബി.സി.സി.ഐ. തയാറാകണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടു. പക്ഷേ രവിചന്ദ്രന്‍ അശ്വിന് ഈ വിഷയത്തില്‍ വ്യത്യസ്ഥമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. സൂര്യവംശിയെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ ധൃതി പിടിക്കേണ്ട കാര്യമില്ലെന്ന് അശ്വിന് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
''അവന് അങ്ങനെമൊരു ലക്ഷ്യം നല്‍കരുത്. അവന് ഒരു പുരുഷന് പോലുമായിട്ടില്ല, അവന് ഒരു കുട്ടിയാണ്. എം.എസ്.ധോണി 45 വയസുവരെ കളിക്കുന്നുണ്ടെങ്കില്‍, സൂര്യവംശി 40 വയസുവരെ കളിക്കുകയാണെങ്കില്‍, അദ്ദേഹത്തിന് ക്രിക്കറ്റില്‍ രണ്ടര പതിറ്റാണ്ട് ബാക്കിയുണ്ട്. അവനെ വെറുതെ വിടുക, ശരിയായ സമയമാകുമ്പോള്‍ അവന് തനിയെ വരും. ഇന്ത്യക്ക് വേണ്ടി കളിക്കാതിരിക്കാന്‍ കഴിയാത്തത്ര മികച്ചവനാണ് അവന്. അവന് എങ്ങനെയായാലും ഒടുവില്‍ കളിക്കും. അവന് എപ്പോള്‍ കളിക്കും? അതിനായി നമ്മള് അല്പം കാത്തിരിക്കേണ്ടി വന്നേക്കാം. നമ്മള് എന്തിനാണ് എപ്പോഴും തിടുക്കം കൂട്ടുന്നത്?''- അശ്വിന് പറഞ്ഞു.
സൂര്യവംശി താന്‍ പ്രതിനിധീകരിച്ച ഓരോ ടീമിനു വേണ്ടിയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം, 14-ാം വയസില്‍ ഐ.പി.എലില്‍ അരങ്ങേറ്റം കുറിച്ചതിനുശേഷം ലീഗില്‍ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. 15 വയസ് തികയുന്നതിന് മുമ്പുതന്നെ ഇന്ത്യയുടെ അണ്ടര്‍-19, എ ടീമുകള്‍ക്കു വേണ്ടിയും വൈഭവ് ഒട്ടേറെ റെക്കോര്‍ഡുകള്‍ തകര്‍ത്തു.വണ്ടര്‍ വൈഭവ് കഴിഞ്ഞ സീസണില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്നുതന്നെ ഈ സീസണ് തുടങ്ങാനായിരുന്നു വൈഭവിന്റെ തീരുമാനം. നേരിട്ട ആദ്യ പന്തുമുതല്‍ അടിതുടങ്ങിയ വൈഭവിനു മുന്നില്‍ ചെന്നൈ ബോളര്‍മാര്‍ വിയര്‍ത്തു. മാറ്റ് ഹെന്റിയും ജയ്മി ഓവര്‍ടനും ഖലീല്‍ അഹമ്മദുമെല്ലാം അണിനിരന്ന ചെന്നൈ പേസ് നിരയെ തല്ലിത്തകര്‍ത്ത വൈഭവ്, 15 പന്തില്‍ അര്‍ധ സെഞ്ചറി കുറിച്ചു. ഐ.പി.എലിലെ വേഗമേറിയ മൂന്നാമത്തെ അര്‍ധ സെഞ്ചറിയാണിത്. 2023 സീസണില്‍, 13 പന്തില്‍ അര്‍ധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളിന്റെ പേരിലാണ് റെക്കോര്‍ഡ്. പവര്‍പ്ലേയില്‍ 74 റണ്‍സാണ് ജയ്സ്വാളിനൊപ്പം (36 പന്തില്‍ 38 നോട്ടൗട്ട്) വൈഭവ് കൂട്ടിച്ചേര്‍ത്തത്. അംശുല്‍ കംബോജിന്റെ പന്തില്‍ വൈഭവ് പുറത്താകുമ്പോള്‍, രാജസ്ഥാന് ജയിക്കാന്‍ 13.4 ഓവറില്‍ 52 റണ്‍സ് മാത്രം മതിയായിരുന്നു.




