കൊച്ചി: തായ്‌ലാന്‍ഡില്‍ നടന്ന ഐ.എ.എം.ഇ ഏഷ്യ സീരീസിലും തായ്‌ലന്‍ഡ് സീരീസിലും മിന്നും പ്രകടനവുമായി മുംബൈയുടെ കിയാന്‍ ഷാ. സീനിയര്‍ കാറ്റഗറിയിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ രണ്ട് മെഡലുകള്‍ സ്വന്തമാക്കിയാണ് 15 വയസുകാരനായ കിയാന്‍ ശ്രദ്ധേയനായത്. കഴിഞ്ഞ ഡിസംബറില്‍ സ്‌നോബോര്‍ഡിങിനിടെ കൈക്ക് പരുക്കേറ്റ കിയാന് രണ്ട് മാസം വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ജൂനിയര്‍ വിഭാഗത്തില്‍നിന്നു സീനിയര്‍ വിഭാഗത്തിലേക്കുള്ള കിയാന്റെ ചുവടുമാറ്റം കൂടിയായിരുന്നു അത്.
ലോക ചാമ്പ്യന്മാരും ഏഷ്യന്‍, യൂറോപ്യന്‍ ചാമ്പ്യന്മാരും അണിനിരന്ന നിരയ്‌ക്കെതിരെയാണ് ഈ നേട്ടം. ഹീറ്റ്‌സിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഫൈനലില്‍ 14-ാം സ്‌ഥാനത്താണ് കിയാന്‍ റേസ് തുടങ്ങിയത്. പ്ലാനിങോടെ മുന്നേറിയ താരം അഞ്ചാം സ്‌ഥാനത്ത് ഫിനിഷ് ചെയ്‌തു. ഒന്നാമനായ ഹോങ്കോങ്ങിന്റെ ഏഷ്യന്‍ ചാമ്പ്യന്‍ യു കാ പോയേക്കാള്‍ 1.6 സെക്കന്‍ഡ് മാത്രം പിന്നിലായിരുന്നു കിയാന്‍. ആദ്യ അഞ്ച് സ്‌ഥാനക്കാര്‍ക്ക് പോഡിയം ഫിനിഷ് നല്‍കുന്ന ഏഷ്യന്‍ സീരീസില്‍ ഇതോടെ കിയാന്‍ മെഡല്‍ ഉറപ്പിച്ചു. ഐ.എ.എം.ഇ തായ്‌ലന്‍ഡ് സീരീസില്‍ മൂന്നാം സ്‌ഥാനത്തെത്തി രണ്ടാം റണ്ണറപ്പ് ട്രോഫിയും താരം സ്വന്തമാക്കി. റയോ റേസിങിന്റെ താരമായ കിയാന്‍ വരും ആഴ്‌ച്ചകളില്‍ തായ്‌ലന്‍ഡില്‍ തന്നെ നടക്കുന്ന ഏഷ്യന്‍ റോട്ടക്‌സ്, ഐ.എ.എം.ഇ സീരീസുകളുടെ അടുത്ത റൗണ്ടുകളില്‍ പങ്കെടുക്കും.




