
കൊച്ചി: കളമശേരി മണ്ഡലം രൂപീകരിച്ചതിനുശേഷം 2011 ലും 2016 ലും മുസ്ലിം ലീഗിലെ വി.ഇ. ഇബ്രാഹിം കുഞ്ഞിനെ നെഞ്ചേറ്റിയ മണ്ഡലത്തിലാണ് 2021 ല്‍ അദ്ദേഹത്തിന്റെ മകന് വി.ഇ. അബ്ദുള്‍ ഗഫൂറിനെ വിഴ്ത്തി പി. രാജീവ് ചെങ്കൊടി പാറിച്ചത്. ഇതാണ് കളമശേരി മണ്ഡലത്തിന്റെ സമീപകാല ഒറ്റവരി തെരഞ്ഞെടുപ്പു ചരിത്രം. 2026 എത്തുമ്പോള്‍, 2021 ലെ അതേ എതിരാളികള്‍ തന്നെ വീണ്ടും ഗോദയിലിറങ്ങിയതോടെ മധ്യകേരളത്തില്‍ ശക്തമായ പോരാട്ട വേദിയായി മാറുകയാണ് കളമശേരി.
ഇടതു മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായും പാര്‍ട്ടിയിലെ സമുന്നതനായും മാറിയ പി. രാജീവിന് കളമശേരി മണ്ഡലം നിലനിര്‍ത്തിയേ പറ്റൂ. എന്നാല്‍, എതിര് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ അബ്ദുള്‍ ഗഫൂറിനാകട്ടെ പിതാവിന്റെ വിജയപാതയില്‍ ഐക്യമുന്നണിയുടെ തേര് പായിക്കണം. കഴിഞ്ഞ തവണ നേരിട്ട തോല്‍വിക്ക് അങ്ങനെ പകരം വീട്ടണം.
ഇബ്രാഹിം കുഞ്ഞുള്ള കാലത്ത് മണ്ഡലം യു.ഡി.എഫിന് അനുകൂലമായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ പേരിലുണ്ടായ ജനപിന്തുണയായിരുന്നു അത്. ഏതു ശക്തനെയും തറപറ്റിക്കാന്‍ കപ്പാസിറ്റിയുള്ള നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞ്. 2011 ല്‍ ഇബ്രാഹിംകുഞ്ഞ് സി.പി.എമ്മിലെ കെ. ചന്ദ്രന്‍പിള്ളയെ പരാജയപ്പെടുത്തി.
2016ലെ ശക്തമായ ഇടതു തരംഗത്തിലും വിജയം ഇബ്രാഹിം കുഞ്ഞിനൊപ്പം നിന്നു. സി.പി.എം. നേതാവും ആലുവ മുന്‍ എം.എല്‍.എയുമായിരുന്ന എം.എം. യൂസഫിനെ 12000 വോട്ടിനാണ് ഇബ്രഹാംകുഞ്ഞ് പരാജയപ്പെടുത്തിയത്. വിവാദങ്ങളില്‍പ്പെട്ട് ഇബ്രാഹിം കുഞ്ഞ് കളമൊഴിഞ്ഞപ്പോഴാണ് 2021 ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ മകന് വി.ഇ. അബ്ദുള്‍ ഗഫൂര്‍ ആദ്യമായി മത്സരിച്ചത്. പക്ഷേ, വിജയം പി.രാജീവിനായിരുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പു ഫലം ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു.
കളമശേരി,ഏലൂര്‍ മുനിസിപ്പാലിറ്റികളും ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കുന്നുകര പഞ്ചായത്തുകളും ചേര്‍ന്നതാണ് കളമശേരി നിയോജക മണ്ഡലം. നാലു പഞ്ചായത്തിലും കളമശേരി നഗരസഭയിലും ആധിപത്യം യു.ഡി.എഫിനാണ്. ഏലൂര്‍ നഗരസഭ മാത്രമാണ് ഇടതിനൊപ്പമുള്ളത്.
മന്ത്രിയെന്ന നിലയില്‍ പി. രാജീവിന്റെ പ്രകടനമാണ് ഇടതുമുന്നണി ഉയര്‍ത്തിക്കാട്ടുന്നത്. അതുപോലെ നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പിലാക്കിയെന്നും ഇടതുമുന്നണി പറയുന്നു.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങില്‍ തുടര്‍ച്ചയായി രണ്ടുവട്ടം സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തിയത് പി. രാജീവിന്റെയും സര്‍ക്കാരിന്റെയും നേട്ടമായി വിലയിരുത്തപ്പെടുമെന്ന് ഇടതുപക്ഷം കരുതുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സംസ്ഥാനത്തിന്റെ വ്യവസായ മാപ്പില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞതും തന്റെ നേട്ടങ്ങളുടെ പട്ടികയില്‍ പി. രാജീവ് ഉയര്‍ത്തിക്കാട്ടുന്നു. ഇക്കുറി ജീവന്മരണ പോരാട്ടമാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി അബ്ദുള്‍ ഗഫൂറിന്.
മധ്യകേരളത്തില്‍ മുസ്ലിം ലീഗിന്റെ ഉറച്ച സീറ്റാണെന്ന ഖ്യാതി നിലനിര്‍ത്തി വിജയിക്കണം. ജില്ലയില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന ഏക സീറ്റുമാണിത്. കഴിഞ്ഞ തവണ പരാജയപ്പെട്ട ഗഫൂര്‍ ഇക്കുറി സര്വസന്നാഹവുമായിട്ടാണ് അങ്കത്തിനിറങ്ങിയിട്ടുള്ളത്.
ഇബ്രാഹിം കുഞ്ഞിന്റെ വേര്‍പാടിനു ശേഷമുള്ള ആദ്യ പോരാട്ടവുമാണിത്. പിതാവ് മണ്ഡലത്തിനായി ചെയ്തുവച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഗഫൂര്‍ കളം നിറയുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും യു.ഡി.എഫ്. ചൂണ്ടിക്കാട്ടുന്നു. ജാതി സമവാക്യങ്ങളില്‍ ഹിന്ദു, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങള്‍ ഏറെക്കുറെ തുല്യനിലയിലുള്ള മണ്ഡലമാണിത്. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിനാണ് സീറ്റ്. എം. പി.ബിനുവാണ് സ്ഥാനാര്‍ഥി. എസ്.ഡി.പി.ഐയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്.




