
കൊച്ചി:കേരള കോണ്‍ഗ്രസുകാരുടെ നേര്‍ക്കുനേര്‍ പോരാണ് പിറവത്ത്. എല്‍.ഡി.എഫിലെ മാണി ഗ്രൂപ്പും യു.ഡി.എഫിലെ ജേക്കബ് ഗ്രൂപ്പും നേര്‍ക്കുനേര്‍. കോണ്‍ഗ്രസ് വിട്ടു വന്ന പിറവം മുന്‍ നഗരസഭാ ചെയര്‍മാന്‍ സാബു കെ. ജേക്കബാണ് ഇടതു സ്‌ഥാനാര്‍ഥി. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് അനൂപ് ജേക്കബും.
സാബു കെ. ജേക്കബ് കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി നില്‍ക്കവേയാണ് ഇടതുപക്ഷം ഇടപെട്ട് മാണി ഗ്രൂപ്പിലേക്ക് കൊണ്ടുവന്നത്. പിറവത്തുകാര്‍ക്ക് സാബുവിനെ പരിചയപ്പെടുത്തേണ്ടതില്ല. അതുപോലെതന്നെ സിറ്റിങ് എം.എല്‍.എ. അനൂപ് ജേക്കബിനെയും.
യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ സാബു പിറവം പഞ്ചായത്തിന്റെ അവസാന പ്രസിഡന്റ് പിറവം മുനിസിപ്പാലിറ്റിയുടെ ആദ്യത്തെ ചെയര്‍മാനുമായിരുന്നു.
അനൂപിനിത് നാലാം അങ്കമാണ്. പിതാവ് ടി.എം. ജേക്കബ് അന്തരിച്ചപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അനൂപ് ആദ്യമായി മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് സിവില്‍ സപ്‌ളൈസ് വകുപ്പു മന്ത്രിയുമായി. പിന്നീട് 2016 ലും 2021ല്‍ മത്സരിച്ചു ജയിച്ചു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് യു.ഡി.എഫ്. നല്‍കുന്ന ഏക സീറ്റാണിതെന്ന പ്രത്യേകതയുണ്ട്.
മുന്‍നിര സ്‌ഥാനാര്‍ഥികള്‍ ഇരുവരും നാട്ടുകാരും പരസ്‌പരം അറിയുന്നവരും ഒരു മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നവരും. അതുകൊണ്ടു തന്നെ ഇതൊരു കടുത്തതുംഅത്യസാധാരണമായതുമായ നാട്ടങ്കമായി മാറുന്നു. രംഗം കൊഴുപ്പിക്കാന്‍ എന്‍.ഡി.എ.മുന്നണിയില്‍ നിന്ന് ട്വന്റി 20 സ്‌ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. പാര്‍ട്ടിയുടെ കുന്നത്തുനാട് മണ്ഡലം കോര്‍ഡിനേറ്ററായ ജിബി എബ്രഹാം ആണ് മത്സരിക്കുന്നത്. പ്രവാസി സംരംഭകനുമാണ് ജിബി.
പിറവത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ എടുത്തുപറയേണ്ട പേര് ടി.എം. ജേക്കബിന്റെയാണ്. അഞ്ചുപ്രാവശ്യം അദ്ദേഹം പിറവത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇടതുതരംഗമുണ്ടായ 1987 ല്‍ ഗോപി കോട്ടമുറിക്കലും 2006 ല്‍ എം.ജെ. ജേക്കബും ജയിച്ചതാണ് ശ്രദ്ധേയമായ ഇടതു വിജയങ്ങള്‍. 2011 നു ശേഷം പിന്നീട്‌മണ്ഡലത്തില്‍ ഇടതുവിജയക്കൊടി പാറിയിട്ടില്ല. 2016 ല്‍ അനൂപിന് 6195 ആയിരുന്ന ഭൂരിപക്ഷം 2021 ല്‍ 25364
ആയി ഉയര്‍ന്നു.
വികസനമാണ് ഇരുമുന്നണികളും മുന്നോട്ടുവയ്‌ക്കുന്ന പ്രധാന വിഷയം. മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്ന് എല്‍.ഡി.എഫും വലിയ വികസനത്തിന് സാക്ഷ്യം വഹിച്ചുവെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പിറവംമണ്ഡലത്തില്‍ വരുന്ന നഗരസഭകളിലും പഞ്ചായത്തുകളിലും യു.ഡി.എഫിനായിരുന്നു നേട്ടം. പിറവം, കൂത്താട്ടുകുളം നഗരസഭകള്‍ യു.ഡി.എഫാണ് ഭരിക്കുന്നത്. കൂടാതെ ആമ്പല്ലൂര്‍, എടയ്‌ക്കാട്ടുവയല്‍, ചോറ്റാനിക്കര, മണീട്, ഇലഞ്ഞി, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി എന്നീ പഞ്ചായത്തുകള്‍ യു.ഡി.എഫാണ്. എല്‍.ഡി.എഫിന് മുളന്തുരുത്തി മാത്രം. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 13 വാര്‍ഡുകളും പിറവം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 1,94,982 ആണ് പിറവത്തെ ആകെ വോട്ടര്‍മാര്‍.



