
കിഴക്കമ്പലം: വാഴക്കുളം പഞ്ചായത്തില്‍ നല്‍കിയ ആവേശോജ്‌ജ്വല സ്വീകരണത്തോടെ കുന്നത്തുനാട് നിയോജകമണ്ഡലം എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി പി.വി ശ്രീനിജിന്റെ പൊതു പര്യടനം സമാപിച്ചു. കുന്നത്തുനാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ 300 ഓളം സ്വീകരണ കേന്ദ്രങ്ങളിലായി ആയിരങ്ങളുമായി സംവദിച്ചാണ് പര്യടനം പൂര്‍ത്തിയാക്കിയത്. ബുധനാഴ്‌ച രാവിലെ വഞ്ചിനാട് നിന്നാണ് പര്യടനം തുടങ്ങിയത്. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം രമേശ് ചന്ദ് ഉദ്‌ഘാടനം ചെയ്‌തു. വടക്കേ എഴിപ്രം ഭഗവതി ക്ഷേത്രത്തിലും കുന്നുവഴി ഭഗവതി ക്ഷേത്രത്തിലുമെത്തിയ സ്‌ഥാനാര്‍ഥിക്ക് ഹൃദ്യമായ വരവേല്‍പ്പാണ് വിശ്വാസികളും നാട്ടുകരും ചേര്‍ന്ന് നല്‍കിയത്. വെസ്‌റ്റ് മുടിക്കല്‍ കവലയാലായിരുന്നു ഉച്ചക്ക് ശേഷമുള്ള ആദ്യപര്യടനം. മാറമ്പിള്ളി, കുന്നത്തുകര, കൈപ്പൂരിക്കര, പാറപ്പുറം പുന്നേക്കാട് തടയിട്ടപറമ്പ്, കീന്‍പുരം, സൗത്ത് എഴിപ്രം, നടക്കാവ് തുടങ്ങി 25 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി ചെമ്പറക്കിയില്‍ സമാപിച്ചു.



