
കൊച്ചി: സ്‌ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ സവിശേഷതകൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് രാജനഗരിയായ തൃപ്പൂണിത്തുറ.
മുന്നണി സ്‌ഥാനാര്‍ത്ഥികളില്‍ രണ്ടുപേരും ഈ മണ്ഡലത്തില്‍ വോട്ടുള്ളവരല്ല.എന്നാല്‍,മുന്‍പ്
മറ്റൊരു മണ്ഡലത്തില്‍, മറ്റൊരു മത്സരത്തില്‍ ഏറ്റുമുട്ടിയവര്‍ മണ്ഡലം മാറി തൃപ്പൂണിത്തുറയില്‍ എത്തുമ്പോള്‍ വീണ്ടും മുഖാമുഖം വരുന്നു എന്നതാണ് തൃപ്പൂണിത്തുറയിലെ പ്രത്യേകത. വൈപ്പിനിലെ എല്‍ഡിഎഫ് സിറ്റിംഗ് എംഎല്‍എ കെ.എന്‍. ഉണ്ണികൃഷ്‌ണനോട് 2021 ലെ മത്സരത്തില്‍ തോല്‍വി സമ്മതിച്ച ദീപക് ജോയ് തന്നെയാണ് ഇപ്പോള്‍ തൃപ്പൂണിത്തുറയിലും അദ്ദേഹത്തിന്റെ എതിരാളി.
ട്വന്റി 20 ക്ക് ബിജെപി വിട്ടുകൊടുത്ത സീറ്റില്‍ മത്സരിക്കുന്ന ചലച്ചിത്രതാരം അഞ്‌ജലി നായര്‍ക്ക് താന്‍ മണ്ഡലത്തിലെ വോട്ടര്‍ തന്നെയാണ് എന്ന് തെളിയിക്കേണ്ടി വന്നു തുടക്കത്തില്‍.അഞ്‌ജലി നായരുടെ സ്‌ഥാനാര്‍ഥിത്വം ബിജെപി ക്യാമ്പിനെ ഞെട്ടിച്ചിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പില്‍തൃപ്പൂണിത്തുറ നഗരസഭ പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസം നിറഞ്ഞുനില്‍ക്കെ പാര്‍ട്ടിക്ക് സ്വന്തം സ്‌ഥാനാര്‍ഥി ഇല്ലെന്ന യാഥാര്‍ത്ഥ്യം ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ പിന്നീട് സജീവമായി.സ്‌ഥാനാര്‍ത്ഥി അഞ്‌ജലി തന്റെ പേര് പൊതുവേ താന്‍ അറിയപ്പെടുന്ന അഞ്‌ജലി നായര്‍ എന്ന് തന്നെ വോട്ടിംഗ് യന്ത്രത്തില്‍ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നു.ഇവിടെ ട്വന്റി 20 നേതാവ് സാബു എം. ജേക്കബ് തന്നെ മത്സരിച്ചേക്കുമെന്ന് ആദ്യം കരുതപ്പെട്ടിരുന്നു.എന്നാല്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചില്ല.
എംഎല്‍എ എന്ന നിലയില്‍ പരാതിക്കിടയില്ലാതെ വൈപ്പിനില്‍ പ്രവര്‍ത്തിച്ച ഉണ്ണികൃഷ്‌ണനെ തൃപ്പൂണിത്തുറയില്‍ സ്‌ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ സഖാക്കളും ഒന്ന് അമ്പരന്നു.
തദ്ദേശീയരായ നേതാക്കള്‍ ഇടതിനെ പ്രതിനിധീകരിച്ച് തൃപ്പൂണിത്തറയില്‍ മത്സരിച്ചിട്ട് പതിറ്റാണ്ടുകളായി.യുഡിഎഫ് സ്‌ഥാനാര്‍ത്ഥി ദീപക് ജോയ് ഡെപ്യൂട്ടി മേയര്‍ പദവിയിലിരിക്കെ,തൃപ്പൂണിത്തറയില്‍ സ്‌ഥാനാര്‍ത്ഥിയായതും മറ്റൊരു യാദൃശ്‌ചികത.
1991 മുതല്‍ മൂന്നര പതിറ്റാണ്ട് തൃപ്പൂണിത്തുറ മണ്ഡലം കയ്യടക്കിയ കോണ്‍ഗ്രസ് നേതാവ് കെ.ബാബു ഇക്കുറി മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്‌തമാക്കിയതോടെ പകരം പല പേരുകളും ഉയര്‍ന്നുവന്നിരുന്നു.സംസ്‌ഥാന നേതാക്കള്‍ പലരും അവരുടെ നോമിനികള്‍ക്ക് അവസരം കൊടുക്കാന്‍ ചരടുവലി നടത്തി.എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ര്‌ടീയം വിടുന്ന ബാബുവിന്റെ അഭിപ്രായത്തിനാണ് മുന്‍തൂക്കം കിട്ടിയത്. പഴയ എ ഗ്രൂപ്പിന്‍റെ സീറ്റ് എന്നതില്‍ വിട്ടുവീഴ്‌ച ഉണ്ടായില്ല.അതിനുപുറമേ,ഈഴവ സമുദായത്തിന് നല്‍കുന്ന സീറ്റ് എന്ന പ്രത്യേകതയും ദീപക്കിന് അനുകൂലമായി.
അക്കാരണത്താല്‍ തൃപ്പൂണിത്തുറയിലെ വിജയം അഭിമാന പ്രശ്‌നമാണ് കെ. ബാബുവിന്.
മരട് മുനിസിപ്പാലിറ്റി,കുമ്പളം,ഉദയംപേരൂര്‍ പഞ്ചായത്തുകള്‍ എന്നിവ തദ്ദേശ തെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത ആത്മവിശ്വാസവും യുഡിഎഫിനുണ്ട്.
മറുവശത്ത്, ബാബുവിന്റെ അസാന്നിധ്യം മുതലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ജില്ലാ നേതാവായ കെ.എന്‍. ഉണ്ണികൃഷ്‌ണനെ കളത്തിലിറക്കിയത്.2021ല്‍ എം.സ്വരാജ് ബാബുവിന്റെ കുത്തക തകര്‍ത്ത അനുഭവം സിപിഎമ്മിന് മുന്നിലുണ്ട്.
പിന്നീട് സീറ്റ് കൈമോശം വന്നെങ്കിലും.കൊച്ചി കോര്‍പ്പറേഷന്റെ ഭാഗമായ പത്ത് ഡിവിഷനുകളില്‍ എട്ടും ഇത്തവണ നേടിയതിന്റെ ആത്മവിശ്വാസം എല്‍ഡിഎഫ് നേതൃത്വത്തിനുമുണ്ട്.എന്നാല്‍ ബിജെപിയുടെ മണ്ഡലത്തിലെ സ്വാധീനം കാണാതിരുന്നുകൂടാ.
സ്വന്തം ചിത്തില്‍ മത്സരിച്ചപ്പോള്‍ 15 ശതമാനത്തോളം വോട്ട് സമാഹരിച്ച് കരുത്ത് കാട്ടിയ ബിജെപി ഇത്തവണ തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചെടുക്കുകയും ചെയ്‌തു.
ഇത്തവണ വോട്ട് വിഹിതം കുറഞ്ഞാല്‍ അതിന്റെ പഴി കേള്‍ക്കേണ്ടിവരിക ബിജെപി സംസ്‌ഥാന നേതൃത്വത്തിന് തന്നെയായിരിക്കും.
ഏതായാലും തൃപ്പൂണിത്തറയുടെ മനസ്സ് എങ്ങോട്ട് ചായും എന്നതില്‍ സ്‌ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനും വലിയ പങ്കുണ്ടെന്ന് വ്യക്‌തമാക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലം.



