
മൂവാറ്റുപുഴ: നൂറുകണക്കിന് ജീവനക്കാരും സന്ദര്‍ശകരും എത്തുന്ന മൂവാറ്റുപുഴ സിവില്‍ സ്‌റ്റേഷനില്‍ ബോംബ് ഭീഷണി പരത്തി വ്യാജ ഇ-മെയില്‍ സന്ദേശം. ഇന്നലെ പുലര്‍ച്ചെ നാലു ഓടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്‌ക്ക് ഒന്നോടെ ബോംബ് പൊട്ടുമെന്നായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്. രാവിലെ ഓഫീസുകള്‍ തുറന്നപ്പോഴാണ് ഉദ്യോഗസ്‌ഥര്‍ സന്ദേശം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് 11 ഓടെ റൂറല്‍ പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി. സിവില്‍ സ്‌റ്റേഷനിലെ വിവിധ ഓഫീസുകളിലും പരിസരങ്ങളിലും രണ്ട് മണിക്കൂറിലധികം നീണ്ട വ്യാപകമായ പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് ഭീഷണി വ്യാജമാണെന്ന് സ്‌ഥിരീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ - പോലീസ് ഉദ്യോഗസ്‌ഥര്‍ അതീവ തിരക്കിലായിരിക്കുന്ന സമയത്താണ് ഇത്തരമൊരു വ്യാജ ഭീഷണി എത്തിയത്. ഉദ്യോഗസ്‌ഥരുടെ വിലപ്പെട്ട സമയം നഷ്‌ടപ്പെടുത്താന്‍ ഇത് കാരണമായി. സന്ദേശം വന്നത് ഏപ്രില്‍ ഒന്നിനായതിനാല്‍ ആരെങ്കിലും ഏപ്രില്‍ ഫൂള്‍ തമാശയായി ചെയ്‌തതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന് പുറമെ നിരവധി പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്‌റ്റേഷനില്‍ എത്തിയ സന്ദര്‍ശകരെയും ഈ സംഭവം കുറച്ചുനേരം ആശങ്കയിലാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങളെ പരിഭ്രാന്തരാക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.



