
ഒർലാന്റോ: ഫ്രാൻസിനോടേറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്നും ഉയിർത്തെഴുന്നേറ്റ് ബ്രസീൽ. ലോകകപ്പിന് മുന്നോടിയായി നടന്ന നിർണ്ണായക മായ സന്നാഹ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്ത് മഞ്ഞപ്പട പ്രതാപകാലം വീണ്ടെടുത്തു. പരിശീലകൻ കാർ ലോ ആഞ്ചലോട്ടി ലോകകപ്പിനുള്ള തന്റെ അന്തിമ സംഘത്തെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപുള്ള ബ്രസീലിന്റെ അവസാന മത്സരമായിരുന്നു ഇത്.
മത്സരത്തിന്റെ ആദ്യ പകുതി മുതൽ തന്നെ ആധിപത്യം പുലർത്തിയ ബ്രസീൽ ഇഞ്ചുറി ടൈമിൽ ലീഡ് നേടി. വിനീഷ്യസ് ജൂനിയർ നടത്തിയ മിന്നൽ മുന്നേറ്റത്തിന് ഒടുവിൽ ബോട്ടാഫോഗോ താരം ഡാനിലോയാണ് ടീമിനായി ആദ്യ ഗോൾ വലയിലെത്തിച്ചത്. എന്നിരുന്നാലും, 83-ാം മിനിറ്റിൽ ലോവ്റോ മജെറിലൂടെ ക്രൊയേഷ്യ സമനില പിടിച്ചതോടെ മത്സരം ആവേശകരമായി. എന്നാൽ പകരക്കാരനായി ഗ്രൗണ്ടിലെത്തിയ യുവതാരം എൻഡ്രിക് കളിയുടെ ഗതി പൂർണ്ണമായും ബ്രസീലിന്റെ പക്ഷത്തേക്ക് തിരിച്ചു.
88-ാം മിനിറ്റിൽ എൻഡ്രിക്കിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഇഗോർ തിയാഗോ കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ബ്രസീലിനെ മുന്നിലെത്തിച്ചു.
കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻഡ്രിക് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ഗബ്രിയേൽ മാർട്ടിനെല്ലി ടീമിന്റെ മൂന്നാം ഗോൾ സ്കോർ ചെയ്തു. ആറാം ലോകകപ്പ് കിരീടം സ്വപ്നം കാണുന്ന ബ്രസീൽ ഗ്രൂപ്പ് സി-യിലാണ് പൊരുതാനിറങ്ങുന്നത്.
ജൂൺ 13: ആദ്യ മത്സരത്തിൽ മൊറോക്കോയെ നേരിടും. ജൂൺ 19: ഹെയ്തിയോടും ജൂൺ 24 ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സ്കോട്ട്ലൻഡാണ് എതിരാളികൾ. മറുഭാഗത്ത്, തോൽവി വഴങ്ങിയ ക്രൊയേഷ്യ ജൂൺ 17-ന് കരുത്തരായ ഇംഗ്ലണ്ടിനെതിരെ കളിച്ചുകൊണ്ടാണ് ലോകകപ്പ് ഗ്രൂപ്പ് എൽ-ലെ തങ്ങളുടെ പോരാട്ടം ആരംഭിക്കുന്നത്. വരാനിരിക്കുന്ന വലിയ പോരാട്ടത്തിന് ടീം സജ്ജമാണെന്ന സൂചനയാണ് പരിശീലകൻ ആഞ്ചലോട്ടിക്കും ആരാധകർക്കും ഈ വിജയം നൽകുന്നത്.




