മുലന്പുര് (ചണ്ഡിഗഡ്): ഐ.പി.എല്‍. ക്രിക്കറ്റ് 19-ാം സീസണില്‍ പഞ്ചാബ് കിങ്സിന്റെ ഇടംകൈയന്‍ പേസര്‍ അര്‍ഷദീപ് സിങിന് നാണക്കേടിന്റെ റെക്കോഡ്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സ്വന്തം തട്ടകമായ ന്യൂ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അര്‍ഷദീപ് ആഗ്രഹിക്കാത്ത റെക്കോഡിന് ഉടമയായത്. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് അര്‍ഷദീപ് (127).
19-ാം സീസണില്‍ പഞ്ചാബിന്റെ ആദ്യ മത്സരത്തിലാണ് ഒരു നാണക്കേടിന്റെ റെക്കോഡിനൊപ്പം അര്‍ഷ്ദീപിന്റെ പേര് ചേര്‍ത്തത്. ഗുജറാത്തിനെതിരെ നാലോവറില്‍ 42 റണ്‍ വിട്ടുകൊടുത്ത താരം ഐ.പി.എല്ലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറും എറിഞ്ഞു. ആകെ 11 പന്തുകളാണ് അര്‍ഷ്ദീപ് ഓവറില്‍ എറിഞ്ഞത്. ഐ.പി.എലിലെ ഒരോവറില്‍ ഇത്രയും പന്തെറിയുന്ന ആറാമത്തെ താരമാണ് അര്‍ഷ്ദീപ്.
ഗുജറാത്തിലെ ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു സംഭവം. അഞ്ച് വൈഡുകളും ഒരു നോബോളുമാണ് അര്‍ഷ്ദീപ് എറിഞ്ഞത്. ഒരു ഫോര്‍ ഉള്‍പ്പെടെ 12 റണ്ണും വിട്ടുകൊടുത്തു. പഞ്ചാബ് ബൗളര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന ഇക്കോണമി നിരക്ക് അര്‍ഷ്ദീപിനായിരുന്നു 10.50. വിക്കറ്റെടുക്കാനുമായില്ല. ഐ.പി.എല്ലില്‍ അഞ്ച് ബൗളര്‍മാരാണ് ഒരോവറില്‍ 11 പന്തുകള്‍ എറിഞ്ഞിട്ടുള്ളത്. ഇന്ത്യന്‍ പേസറായ മുഹമ്മദ് സിറാജാണ് ആദ്യമായി ഇത്രയും നീണ്ട ഓവര്‍ എറിഞ്ഞത്. 2023 ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് സിറാജ് 11 പന്തുകളെറിഞ്ഞത്. തുഷാര്‍ ദേശ്പാണ്ഡെ, ശാര്‍ദൂല്‍ ഠാക്കൂര്‍, സന്ദീപ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണു മുന്‍ഗാമികള്‍. അര്‍ഷദീപ് നിറംമങ്ങിയെങ്കിലും പഞ്ചാബ് കിങ്സ് മൂന്ന് വിക്കറ്റിനു മത്സരം ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റിന് 162 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പഞ്ചാബ് 19.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. കന്നി ഐ.പി.എല്‍. കളിക്കുന്ന കൂപര്‍ കോണോലിയാണ് (44 പന്തില്‍ അഞ്ച് സിക്സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 72) പഞ്ചാബിനെ ജയത്തിലെത്തിച്ചത്. ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും കോണോലിയുടെ പോരാട്ടം ടീമിനു തുണയായി.




