
ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 19-ാം സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ബാറ്റിങ് തകര്‍ച്ച. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ 141 റണ്ണിന് ഓള്‍ഔട്ടായി.
ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേല്‍ ലഖ്‌നൗവിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മൂന്ന് വിക്കറ്റ് വീതമെടുത്ത ലുങ്കി എന്‍ഗിഡിയും ടി. നടരാജനുമാണ് ലഖ്‌നൗവിനെ തളച്ചത്.
കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റുമെടുത്തു. നായകന്‍ ഋഷഭ് പന്തും (ഏഴ്) മിച്ചല്‍ മാര്‍ഷും (28 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 35) ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്. മുകേഷ് കുമാറിന്റെ പന്തില്‍ ഋഷഭ് പന്ത് റണ്ണൗട്ടായി. മാര്‍ഷ് മുന്നോട്ടു തട്ടിയിട്ട പന്ത് മുകേഷ് കുമാറിന്റെ കൈയില്‍ തട്ടി നോണ്‍ സ്‌ട്രൈക്കറുടെ ബെയ്‌ല്‍സില്‍ വീഴുമ്പോള്‍ ഋഷഭ് ക്രീസിലില്ലായിരുന്നു. എയ്‌ദീന്‍ മാര്‍ക്രത്തെ (എട്ട് പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 11) അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കി. ആയുഷ് ബദോനിയെ (0) നടരാജന്‍ വിക്കറ്റ് കീപ്പര്‍ ലോകേഷ് രാഹുലിന്റെ കൈയിലെത്തിച്ചു. നികോളാസ് പൂരാനെ (എട്ട് പന്തില്‍ എട്ട്) നിലയുറപ്പിക്കും മുമ്പ് എന്‍ഗിഡി പുറത്താക്കി. മാര്‍ഷും അബ്‌ദുള്‍ സമദും (25 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 36) നടത്തിയ പോരാട്ടമാണു സ്‌കോര്‍ 140 ലെത്തിച്ചത്. എന്‍ഗിഡി ആന്റിച് നോര്‍ടിയ (0), മൊഹ്‌സിന്‍ ഖാന്‍ (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയതോടെ ഇന്നിങ്‌സ് അവസാനിച്ചു.




