മയാമി: യു.എസിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി പുതിയ സ്റ്റേഡിയത്തില്‍ അരങ്ങേറ്റം കുറിച്ചു. ഓസ്റ്റിന്‍ എഫ്.സിക്കെതിരേ നടന്ന മത്സരത്തിനാണ് ഇന്റര്‍ മയാമി പുതിയ എന്യു സ്റ്റേഡിയത്തില്‍ കളിച്ചത്്. ഇതുവരെ ചേസ് സ്റ്റേഡിയത്തിലായിരുന്നു ഹോം മത്സരങ്ങള്‍.
അര്ക്വിടെക്നോണിക രൂപകല്പന ചെയ്ത സ്റ്റേഡിയത്തില്‍ 26,700 പേര്‍ക്ക് ഇരുന്നു കളി കാണാനുള്ള സൗകര്യമുണ്ട്. സ്റ്റേഡിയത്തില്‍ സൂപ്പര്‍ താരത്തോടുള്ള ആദരസൂചകമായി ''ലയണല്‍ മെസി'' സ്റ്റാന്ഡുമുണ്ട്്. പുതിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരം 2-2 നു സമനിലയായി. കളിയുടെ എട്ടാം മിനിറ്റില്‍ ഗുലിഹെമെ ബിറോ ഓസ്റ്റിനെ മുന്നിലെത്തിച്ചു. എന്യു സ്റ്റേഡിയത്തില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി ബിറോ ഹെഡറിലൂടെ സ്വന്തമാക്കി. പത്താം മിനിറ്റില്‍ മെസിയിലൂടെ മയാമി തിരിച്ചടിച്ചു. ഇയാന്‍ ഫ്രൈയുടെ ക്രോസിനെ ഹെഡ് ചെയ്തായിരുന്നു മെസിയുടെ ഗോള്‍.
സൂപ്പര്‍ താരത്തിന്റെ സീസണിലെ അഞ്ചാം ഗോളായിരുന്നു അത്. ഒന്നാം പകുതി 1-1 ന് അവസാനിച്ചു. 53-ാം മിനിറ്റില്‍ ജയ്ഡന്‍ നെല്‍സണിലൂടെ ഓസ്റ്റിന്‍ മുന്നിലെത്തി. തോല്‍വിയെ മുഖാമുഖം കണ്ട ഇന്ററിനെ ലൂയിസ് സുവാരസിന്റെ 82-ാം മിനിറ്റിലെ ഗോളാണു രക്ഷിച്ചത്. കിക്കോഫിനു മുമ്പ് ഇന്റര്‍ മയാമിയുടെ ഉടമസ്ഥരില്‍ ഒരാളും ഇംഗ്ലണ്ടിന്റെ മുന്‍ താരവുമായ ഡേവിഡ് ബെക്കാം കാണികളെ അഭിസംബോധന ചെയ്തു. സഹ ഉടമകളായ യോര്‍ഗെയും ഹൊസെ മാസും ബെക്കാമിനൊപ്പമുണ്ടായിരുന്നു. 350 ദശലക്ഷം ഡോളര്‍ മുടക്കിയാണു സ്റ്റേഡിയം നിര്‍മിച്ചത്്. മയാമി ഫ്രീഡം പാര്‍ക്കിലാണു സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.



