
ബംഗളൂരു: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ആര്.സി.ബി. മൂന്ന് വിക്കറ്റിന് 250 റണ്ണെടുത്തു. ബാറ്റെടുത്തവരെല്ലാം അടിച്ചുതകര്‍ത്തപ്പോള്‍ ചെന്നൈ ബൗളര്‍മാര്‍ നോക്കുകുത്തികളായി. 21 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച ടിം ഡേവിഡും (25 പന്തില്‍ എട്ട് സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 70) കര്‍ണാടക മലയാളി ദേവദത്ത് പടിക്കലും (29 പന്തില്‍ രണ്ട് സിക്സറും അഞ്ച് ഫോറുമടക്കം 50) തകര്‍പ്പനായി. ഓപ്പണറും മുന്‍ നായകനുമായ വിരാട് കോഹ്ലി (18 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 28) മാത്രമാണ് അല്പമെങ്കിലും പിന്നാക്കം പോയത്. ഓപ്പണര്‍ ഫില്‍ സാള്‍ട്ടും (30 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 46) മികച്ച ബാറ്റിങ് പുറത്തെടുത്തു. ടോസ് നേടിയ സൂപ്പര്‍ കിങ്സ് നായകന് ഋതുരാജ് ഗെയ്ക്വാദ് ആര്.സി.ബിയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. കോഹ്ലിയും സാള്‍ട്ടും ആര്.സി.ബിക്ക് മികച്ച തുടക്കം നല്കി. സ്കോര്‍ 37 ല്‍ നില്‍ക്കേ കോഹ്ലിയെ അന്ശുല് കാംബോജ് ശിവം ദുബെയുടെ കൈയിലെത്തിച്ചു.
ഫില്‍ സാള്‍ട്ടും പടിക്കലും ചേര്‍ന്നതോടെ സ്കോര്‍ വീണ്ടും കുതിച്ചു. 10 ഓവര്‍ അവസാനിക്കുമ്പോള്‍ ടീം ഒരു വിക്കറ്റിന് 91 റണ്‍ എന്ന നിലയിലായിരുന്നു. 11-ാം ഓവറില്‍ സാള്‍ട്ടിനെ ദുബെ നൂര്‍ അഹമ്മദിന്റെ കൈയിലെത്തിച്ചു. പടിക്കലിനെ പുറത്താക്കി ജാമി ഓവര്ട്ടണ് തിരിച്ചടിച്ചു. നായകന് രജത് പാടീദാറും ടിം ഡേവിഡും തകര്‍ത്തടിച്ചു. 16-ാം ഓവറില്‍ 19 റണ്ണും 17-ാം ഓവറില്‍ 21 റണ്ണും പിറന്നു. അവസാന രണ്ടോവറുകളിലും ബൗളര്‍മാരെ ബാറ്റര്‍മാര്‍ നിലംതൊടീച്ചില്ല. ഓവര്ട്ടണ് എറിഞ്ഞ 19-ാം ഓവറില്‍ ടിം ഡേവിഡ് കത്തിക്കയറി. നാല് സിക്സറുകളുള്‍പ്പെടെ 30 റണ്‍ പിറന്നു. ടിം ഡേവിഡ് അര്‍ധ സെഞ്ചുറിയും തികച്ചു. അവസാന ഓവറിലും സമാനമായി.



