ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഒന്‍പത് വിക്കറ്റിന് 156 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ലഖ്നൗ 19.5 ഓവറിലാണ് വിജയ റണ്ണെടുത്തത്്.
ജയദേവ് ഉനാത്കട് അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ലഖ്നൗവിന് ജയിക്കാന്‍ ഒന്‍പത് റണ്‍ വേണമായിരുന്നു. ക്രീസിലുണ്ടായിരുന്നത് നായകന് ഋഷഭ് പന്തും (50 പന്തില്‍ 68) മുകുള്‍ ചൗധരിയും (രണ്ട്). ഉനാത്കട്ടിന്റെ ആദ്യ രണ്ട് പന്തുകളും അതിര്‍ത്തി കടത്തിയ ലഖ്നൗ നായകന് സ്കോര്‍ തുല്യമാക്കി. അടുത്ത രണ്ട് പന്തുകളിലും റണ്ണെടുക്കാനായില്ല. അഞ്ചാം പന്ത് വീണ്ടും അതിര്‍ത്തിയിലേക്ക്. ലഖ്നൗവിന്റെ 19-ാം സീസണിലെ ആദ്യ ജയമാണ്. രണ്ട് കളികളില്‍നിന്നു രണ്ട് പോയിന്റ് നേടിയ അവര്‍ ഏഴാം സ്ഥാനത്താണ്. മൂന്ന് കളികളില്‍നിന്നു രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്സ് അഞ്ചാമതാണ്.
ഉപ്പലിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ലഖ്നൗ നായകന് ഋഷഭ് പന്ത് സണ്‍റൈസേഴ്സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഹെന്റിച് ക്ലാസാന്‍ (41 പന്തില്‍ രണ്ട് സിക്സറും അഞ്ച് ഫോറുമടക്കം 62), നിതീഷ് കുമാര്‍ റെഡ്ഡി (33 പന്തില്‍ അഞ്ച് സിക്സറും മൂന്ന് ഫോറുമടക്കം 56) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് സണ്‍റൈസേഴ്സിനെ വന്‍ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ഓപ്പണര്‍ അഭിഷേക് ശര്‍മ(0), നായകനും വിക്കറ്റ് കീപ്പറുമായ ഇഷാന് കിഷന് (ഒന്ന്), ട്രാവിസ് ഹെഡ് (ഏഴ്) എന്നിവര്‍ പുറത്തായതോടെ സണ്‍റൈസേഴ്സ് മൂന്നിന് 11 റണ്ണെന്ന നിലയിലായി. ലിയാം ലിവിങ്സറ്റണും (20 പന്തില്‍ 14) മെല്ലെപ്പോയി പുറത്തായതോടെ ടീം നാലിന് 26 എന്ന നിലയിലായി. അഞ്ചാം വിക്കറ്റില്‍ ക്ലാസാനും റെഡ്ഡിയും ഒന്നിച്ചതോടെ ടീം കരകയറി. കൂട്ടുകെട്ട് 36 പന്തില്‍ 50 കടന്നു. അവര്‍ 56 പന്തില്‍ നൂറും കടന്നു. ക്ലാസാന്‍ 33 പന്തിലും റെഡ്ഡി 30 പന്തിലും അര്‍ധ സെഞ്ചുറി കടന്നു. ക്ലാസാനെ ആവേശ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ഋഷഭ് പന്തും റെഡ്ഡിയെ സിദ്ധാര്‍ഥിന്റെ പന്തില്‍ പ്രിന്‍സ് യാദവും പിടികൂടി. ഹര്‍ഷ് ദുബെ (0), ശിവാങ് കുമാര്‍ (അഞ്ച്), ഹര്‍ഷല്‍ പട്ടേല്‍ (നാല്) എന്നിവരും പുറത്തായി. ലഖ്നൗവിനായി ഷാമി നാല് ഓവറില്‍ ഒന്‍പത് റണ്‍ മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. പ്രിന്‍സ് യാദവ്, ആവേശ് ഖാന് എന്നിവരും രണ്ട് വിക്കറ്റ് വീതമെടുത്തു. ദിഗ്വേഷ് റാതി, മണിമാരന്‍ സിദ്ധാര്‍ഥ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. എയ്ദീന് മാര്‍ക്രവും (27 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 45) മിച്ചല്‍ മാര്‍ഷും (12 പന്തില്‍ 14) ലഖ്നൗവിനു മികച്ച തുടക്കം നല്കി.
മാര്‍ഷിനെ സീഷന്‍ മലിംഗ പുറത്താക്കിയതോടെയാണു ഋഷഭ് പന്ത് മൂന്നാമനായി ക്രീസിലെത്തിയത്. ആയുഷ് ബദോനി (12), നികോളാസ് പൂരാന് (ഒന്ന്), അബ്ദുള്‍ സമദ് (12 പന്തില്‍ 16) എന്നിവരും മാര്‍ക്രവും പുറത്തായത് ലഖ്നൗവിനെ സമ്മര്‍ദത്തിലാക്കിയെങ്കിലും പന്തിന്റെ സാന്നിധ്യം തുണയായി. സണ്‍റൈസേഴ്സിനായി ഹര്‍ഷ് ദുബെ രണ്ട് വിക്കറ്റെടുത്തു. മികച്ച ബൗളിങ് പുറത്തെടുത്ത മുഹമ്മദ് ഷമി മത്സരത്തിലെ താരമായി.




