ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പുതിയ കോച്ചിനു കീഴിലും കേരളാ ബ്ലാസ്‌റ്റേഴ്‌സിനു രക്ഷയില്ല. സ്‌പോര്‍ട്ടിങ് ഡല്‍ഹിക്കെതിരേ നടന്ന എവേ മത്സരത്തില്‍ 2-0 ത്തിനാണു ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. സീസണിലെ ആറാം തോല്‍വി നേരിട്ട ബ്ലാസ്‌റ്റേഴ്‌സ് ഏഴ് കളികളില്‍നിന്ന് ഒരു പോയിന്റുമായി 13-ാം സ്‌ഥാനത്താണ്‌്. അക്കൗണ്ട് തുറക്കാത്ത മുഹമ്മദന്‍ സ്‌പോര്‍ട്ടിങാണ് ഏറ്റവും പിന്നില്‍ 14-ാം സ്‌ഥാനത്ത്.
ആറ് കളികളില്‍നിന്ന് അഞ്ച് പോയിന്റ് നേടിയ സ്‌പോര്‍ട്ടിങ് ഡല്‍ഹിക്ക് ആദ്യ ജയമാണിത്. ഡേവിഡ് കറ്റാലയുടെ പിന്‍ഗാമിയായ ആഷ്‌ലി വെസ്‌റ്റ്വുഡ് 4-4-2 ഫോര്‍മേഷനിലാണു ബ്ലാസ്‌റ്റേഴ്‌സിനെ ഇറക്കിയത്. മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ഐമനിലൂടെയാണ് ഡല്‍ഹി ലീഡെടുത്തത്. വലതുവശത്തുനിന്നുള്ള മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പന്ത് ഐമന്‍ ലക്ഷ്യത്തിലെത്തിച്ചു. ഒന്നാം പകുതിയില്‍ സെറ്റ് പീസുകളിലൂടെയും മറ്റും ബ്ലാസ്‌റ്റേഴ്‌സ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങിലെ പോരായ്‌മകള്‍ തിരിച്ചടിയായി. രണ്ടാം പകുതിയില്‍ എബിദാസിനെ കളത്തിലിറക്കി ആക്രമണം ശക്‌തമാക്കാനാണ് വെസ്‌റ്റ്വുഡ് ശ്രമിച്ചത്. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ക്കിടെ എബിദാസ് തൊടുത്ത ഒരു ഷോട്ട് ഗോള്‍ കീപ്പര്‍ നോറ ഫെര്‍ണാണ്ടസ് തടഞ്ഞിട്ടു. സമനില ഗോളിനായി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഡല്‍ഹി പ്രതിരോധം ഉറച്ചുനിന്നു. മത്സരത്തിന്റെ 84-ാം മിനിറ്റില്‍ ഐബാന്‍ ഡോലിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി. ഇന്‍ജുറി ടൈമില്‍ മാതിജ ബാബോവിചിലൂടെ ഡല്‍ഹി രണ്ടാം ഗോളുമടിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം 11 ന് ബംഗളൂരുവില്‍ ബംഗളൂരു എഫ്.സിക്കെതിരേയാണ്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മുംബൈ സിറ്റി 1-0 ത്തിന് ഒഡീഷ സിറ്റി എഫ്.സിയെ തോല്‍പ്പിച്ചു. സ്വന്തം തട്ടകമായ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റിക്കായി ലാലിയന്‍സുല ചാങ്‌തെയാണു ഗോളടിച്ചത്. 17 പോയിന്റ് നേടിയ മുംബൈ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു.



