മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ ബാഴ്സലോണ ബഹുദൂരം മുന്നില്‍. ഇന്നലെ നടന്ന എവേ മത്സരത്തില്‍ ബാഴ്സ അത്ലറ്റിക്കോ മാഡ്രിഡിനെ 2-1 നു തോല്‍പ്പിച്ചു. അത്ലറ്റിക്കോയുടെ തട്ടകമായ റിയാദ് എയര്‍ മെട്രോപോലീറ്റാനോയില് നടന്ന മത്സരത്തില്‍ ബാഴ്സയ്ക്കായി മാര്‍കസ് റാഷ്ഫോഡ്, റോബര്‍ട്ട് ലെവന്‍ഡോസ്കി എന്നിവര്‍ ഗോളടിച്ചു. 39-ാം മിനിറ്റില്‍ സിമയോണിലൂടെ മുന്നിലെത്തിയ ശേഷമാണ് അത്ലറ്റിക്കോ രണ്ട് ഗോളുകളും വഴങ്ങിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നികോള്‍ ഗൊണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതും അത്ലറ്റിക്കോയ്ക്കു തിരിച്ചടിയായി. കളിയുടെ 67 ശതമാനം സമയത്തും പന്ത് ബാഴ്സ താരങ്ങളുടെ പക്കലായിരുന്നു. ബാഴ്സ 630 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മറുപക്ഷത്ത് 307 പാസുകളാണു പൂര്‍ത്തിയായത്. 30 കളികളില്‍നിന്ന് 76 പോയിന്റുമായാണു ബാഴ്സ ഒന്നാം സ്ഥാനത്തു തുടരുന്നത്്. രണ്ടാമതുള്ള റയാല്‍ മാഡ്രിഡിന് അത്രയും കളികളില്‍ 69 പോയിന്റുണ്ട്. റയാല്‍ കഴിഞ്ഞ മത്സരത്തില്‍ മയോര്‍ക്കയോട് 2-1 നു തോറ്റിരുന്നു.
57 പോയിന്റുള്ള അത്ലറ്റിക്കോ നാലാം സ്ഥാനത്താണ്. മത്സരത്തോടെ ബാഴ്സ കോച്ച് ഹാന്‍സി ഫ്ളിക്ക് അപൂര്‍വ നേട്ടത്തിലെത്തി. റാഷ്ഫോഡിന്റെ ഗോളോടെയാണു ഫ്ളിക്ക് അപൂര്‍വ നേട്ടത്തിലെത്തിയത്. ഹാന്‍സി ഫ്ളിക്ക് ബാഴ്സയുടെ കോച്ചായ ശേഷം പിറക്കുന്ന മുന്നൂറാമത്തെ ഗോളായിരുന്നു റാഷ്ഫോഡ് അടിച്ചിട്ടത്. ലെവന്‍ഡോസ്കിയുടെ ഗോളോടെ 301 ലുമെത്തി. ബാഴ്സയില്‍ 300 ഗോളുകള്‍ പിന്നിടുന്ന നാലാമത്തെ കോച്ചാണ്. ഹെലനിയോ ഹെരേരയാണ് (99 മത്്സരങ്ങള്‍) ഏറ്റവും മുന്നില്‍.
ഫെര്‍ഡിനാന്റ് ഡൗസിക് (101), ജാക്ക് ഗ്രീന്‍വെല്‍ (105) എന്നിവരും ഫ്ളിക്കിനു മുന്നിലാണ്. ലൂയിസ് എന്റികെ്വയും ഫ്ളിക്കിനൊപ്പം (107) 300 ഗോളുകള്‍ തികച്ചു. പെപ് ഗാഡിയോള കോച്ചായിരിക്കേ 123 മത്സരങ്ങളിലാണു 300 ഗോളുകള്‍ തികഞ്ഞത്. ഫ്ളിക്കിന്റെ 2024-25 സീസണില്‍ 174 ഗോളുകളും നിലവിലെ സീസണില്‍ 127 ഗോളുകളും പിറന്നു. ലാ ലിഗയില്‍ 182 ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ 73 ഗോളുകളും കോപാ ഡെല്‍ റേയില്‍ 31 ഗോളുകളും സ്പാനിഷ് സൂപ്പര്‍ കപ്പില്‍ 15 ഗോളുകളുമാണ് ഹാന്‍സി ഫ്ളിക്കിന്റെ ശിഷ്യന്മാര് അടിച്ചത്. വെറ്റററന്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി ഫ്ളിക്കിനു കീഴില്‍ 60 ഗോളുകളെന്ന നേട്ടവും കുറിച്ചു.



