വെല്ലിങ്ടണ്‍: വനിതകളുടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച പിന്തുടര്ന്നുള്ള ജയവുമായി ന്യൂസിലന്‍ഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലാണു ന്യൂസിലന്‍ഡിന്റെ റെക്കോഡ് നേട്ടം.
ബേസിന് റിസര്‍വില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ ആറ് വിക്കറ്റിന് 346 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് കളി തീരാന്‍ രണ്ട് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. നായിക അമേലിയ കെര്‍ 139 പന്തില്‍ ഒരു സിക്സറും 23 ഫോറുമടക്കം 179 റണ്ണുമായി പുറത്താകാതെനിന്നു. കെയ്ലി നൈറ്റ് ഒരു പന്തില്‍ ഒരു റണ്ണുമായി കെറിനു കൂട്ടായി.
മൂന്ന് ഏകദിനങ്ങളുടെ പരമ്പര 1-1 നു തുല്യനിലയായി. ഇന്ത്യയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണു ന്യൂസിലന്‍ഡ് തിരുത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30 നു നടന്ന ലോകകപ്പില്‍ ഇന്ത്യ ഓസ്ട്രേലിയ മുന്നോട്ടു വച്ച 339 റണ്ണിന്റെ ലക്ഷ്യം കടന്നാണു റെക്കോഡിട്ടത്. നവി മുംബൈയിലായിരുന്നു മത്സരം. അതേ ലോകകപ്പില്‍ ഓസ്ട്രേലിയ ഇന്ത്യ മുന്നോട്ടു വച്ച 331 റണ്ണും മറികടന്നിരുന്നു. കെറിനെ കൂടാതെ ഇസബെല്ലാ ഗാസെ (48 പന്തില്‍ 68) അര്‍ധ സെഞ്ചുറിയടിച്ചു. സൂസി ബേറ്റ്സ് (എട്ട്), മാഡി ഗ്രീന്‍ (13), ബ്രൂക് ഹാലിഡെ (14) എന്നിവരെ നഷ്ടപ്പെട്ടെങ്കിലും കെറിന്റെയും ഗാസെയുടെയും പ്രകടനം ന്യൂസിലന്‍ഡിനെ തുണച്ചു.
ടോസ് നേടിയ ന്യൂസിലന്‍ഡ് നായിക അമേലിയ കെര്‍ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. അനീകെ ബോഷ് (90 പന്തില്‍ 91), നായികയും ഓപ്പണറുമായ ലോറ വോള്‍വാദ് (74 പന്തില്‍ ഒരു സിക്സറും എട്ട് ഫോറുമടക്കം 69), ഷോലെ ട്രൈയോണ് (25 പന്തില്‍ മൂന്ന് സിക്സറും അഞ്ച് ഫോറുമടക്കം 52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്.




