
ദോഹ: വിശുദ്ധ റമദാനിന്റെ ചൈതന്യം കാൻവാസിൽ പകർത്തിയ കലാകാരന്മാർക്കായി തനിമ ഖത്തർ സംഘടിപ്പിച്ച 'ഇൻസൈറ്റ്' പെയിന്റിംഗ് മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമ്മാനവിതരണവും ഏപ്രിൽ 3 ന് വെള്ളിയാഴ്ച നടക്കും. ലുസൈൽ ആർട് ഫാക്ടറിയിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന പ്രൗഢമായ ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും.'ദിവ്യകാരുണ്യത്തിന്റെ പ്രാപഞ്ചിക അടയാളങ്ങൾ' (signs of mercy) എന്ന പ്രമേയത്തിൽ, ഖുർആനിക സൂക്തങ്ങളെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. ഖത്തറിലെ വിവിധ രാജ്യക്കാരായ നാൽപ്പതോളം പ്രമുഖ കലാകാരന്മാരാണ് തങ്ങളുടെ സർഗ്ഗസൃഷ്ടികൾ മത്സരത്തിനായി സമർപ്പിച്ചത്. ജൂറി അംഗങ്ങളും കലാരംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
സമ്മാനവിതരണത്തോടനുബന്ധിച്ച് മത്സരത്തിൽ പങ്കെടുത്ത ചിത്രങ്ങളുടെ പ്രദർശനവും ആർട്ട് ഫാക്ടറി ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്.ഏപ്രിൽ 3 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ 6 മണി വരെ പൊതുജനങ്ങൾക്ക് ചിത്രങ്ങൾ കാണാനും ആസ്വദിക്കാനും അവസരമുണ്ടായിരിക്കും. ഖത്തറിലെ കലാസ്വാദകർക്കും പ്രവാസികൾക്കും റമദാൻ ചിന്തകളെ കലയിലൂടെ ദർശിക്കാനുള്ള അപൂർവ്വ അവസരമായിരിക്കുമെന്ന്
സംഘാടകർ അറിയിച്ചു.
ഷഫീക്ക് അറയ്ക്കൽ






