ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയുടെ രാജ്യസഭാ ഉപനേതാവ് രാഘവ് ഛദ്ദയെ മാറ്റി. പകരം, പഞ്ചാബില്‍നിന്നുള്ള എം.പി. അശോക് മിത്തലിനെ ഉപനേതാവായി നിയമിച്ചു. സഞ്‌ജയ് സിങ്ങാണ് എ.എ.പിയുടെ രാജ്യസഭാ കക്ഷിനേതാവ്. എ.എ.പിക്ക് 10 രാജ്യസഭാംഗങ്ങളുള്ളതില്‍ ഏഴുപേര്‍ പഞ്ചാബില്‍നിന്നും മൂന്നുപേര്‍ ഡല്‍ഹിയില്‍നിന്നുമാണ്.
ബി.ജെ.പിയും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും കഴിഞ്ഞാല്‍ രാജ്യസഭയിലെ ഏറ്റവും വലിയകക്ഷിയാണ് ആം ആദ്‌മി പാര്‍ട്ടി.
എ.എ.പി. രൂപീകൃതമായതു മുതല്‍ നേതൃനിരയിലുള്ള ഛദ്ദ, പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്‌തനായാണ് അറിയപ്പെട്ടിരുന്നത്. പാര്‍ട്ടി ദേശീയവക്‌താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തെ രാജ്യസഭാ ഉപനേതാവ് പദവിയില്‍നിന്നു മാറ്റിയതിന്റെ കാരണം എ.എ.പി. വ്യക്‌തമാക്കിയിട്ടില്ല.
കുറച്ചുനാളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത ഛദ്ദ, ഡല്‍ഹി മദ്യനയക്കേസില്‍ കെജ്‌രിവാളിനെയും സിസോദിയയേയും കോടതി കുറ്റവിമുക്‌തരാക്കിയപ്പോഴും മൗനം പാലിച്ചു.

