ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്നു ബി.ജെ.പി. മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. തനിക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും പകരം പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഈ മാസം 23ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 27 സ്‌ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് അണ്ണാമലൈയുടെ വിശദീകരണം. ഈ തെരഞ്ഞെടുപ്പ് കാലയളവില്‍, തമിഴ്‌നാട്ടിലെ വിവിധ മണ്ഡലങ്ങളില്‍ ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തുമെന്ന് അണ്ണാമലൈ അറിയിച്ചു. നിലവില്‍, ഏപ്രില്‍ 7 വരെ പുതുച്ചേരിയിലും കേരളത്തിലും പ്രചാരണം നടത്താന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. 7 മുതല്‍ 23 വരെ, തമിഴ്‌നാട്ടില്‍ ഉടനീളമുള്ള എല്ലാ ബി.ജെ.പി, എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥികള്‍ക്കുമായി ഞാന്‍ പ്രചാരണം നടത്തണം.- അദ്ദേഹം പറഞ്ഞു.


