കൊച്ചി: സ്ത്രീകള്‍ക്ക് കെ.എസ്.ആര്.ടി.സിയില്‍ സൗജന്യയാത്ര, കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ ധനസഹായം, ക്ഷേമ പെന്ഷന് 3,000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളുമായി യു.ഡി.എഫ്. പ്രകടന പത്രിക. കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരാണ് പത്രിക പുറത്തിറക്കിയത്.
എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, യുവാക്കള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് അഞ്ചുലക്ഷം രൂപവരെ പലിശരഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയ വാഗ്ദാനങ്ങളും മുന്നോട്ടുവയ്ക്കുന്നു.
അഞ്ചു സ്വപ്ന പദ്ധതികളും പത്രികയില്‍ അവതരിപ്പിച്ചു. വന്‍കിട, ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച ജലഗതാഗത സംവിധാന വികസന പദ്ധതിയായ മിഷന് സമുദ്ര, വ്യോമയാന വികസനം, ആയിരത്തോളം ചെറുകിട സംരംഭങ്ങള്‍ക്കു സഹായം നല്കുന്ന പദ്ധതി, തൊഴില്‍ വിപണിയുടെ സ്വഭാവം പഠിക്കാനും മറ്റുമായി ജോബ് വാച്ച് ടവര്‍, വയനാട് ൈട്രബല്‍ യൂണിവേഴ്സിറ്റി എന്നിവയാണ് അഞ്ചു സ്വപ്ന പദ്ധതികള്‍.






